
ദില്ലി: വിക്കറ്റ് എടുത്തശേഷമുള്ള നോട്ട് ബുക്ക് സെലിബ്രേഷന്‍റെ പേരില്‍ ഐപിഎല്ലിൽ ഒന്നില്‍ കൂടുതല്‍ തവണ പിഴശിക്ഷ ഏറ്റവുവാങ്ങിയ ദിഗ്‌വേഷ് റാത്തിക്ക് ഡല്‍ഹി പ്രീമിയര്‍ ലീഗിലും രക്ഷയില്ല. ഡല്‍ഹി പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന വെസ്റ്റ് ഡല്‍ഹി ലയണ്‍സിനെതിരായ മത്സരത്തില്‍ സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സിനായി പന്തെറിഞ്ഞ ദിഗ്‌വേഷ് റാത്തിക്ക് കളിക്കളത്തിലെ മോശം പെരുമാറ്റത്തിന്‍റെ പേരില്‍ മാച്ച് ഫീയുടെ 80 ശതമാനം പിഴ ചുമത്തി.
മത്സരത്തില്‍ രണ്ടോവര്‍ പന്തെറിഞ്ഞ ദിഗ്‌വേഷ് റാത്തിക്കെതിരെ നിതീഷ് റാണ അഞ്ച് സിക്സും രണ്ട് ബൗണ്ടറിയും അടിച്ചിരുന്നു. റാണ ബാറ്റു ചെയ്യുമ്പോള്‍ റണ്ണപ്പ് എടുത്തശേഷം ബൗള്‍ ചെയ്യാതെ ആദ്യം റാത്തി തിരിച്ചു നടന്നു. വീണ്ടും റാത്തി ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ റാണ മാറി നിന്ന് പ്രതികാരം വീട്ടി. ഇതിന് പിന്നാലെ റാത്തിയുടെ പന്തില്‍ റിവേഴ്സ് സ്വീപ്പീലൂടെ സിക്സിന് പറത്തിയ റാണ തന്‍റെ ബാറ്റില്‍ റാത്തിയുടെ നോട്ട് ബുക്ക് സെലിബ്രേഷന്‍ നടത്തിയതാണ് താരത്തെ ചൊടിപ്പിച്ചത്. പിന്നാലെ റാണയെ നോക്കി മോശം വാക്കുകള്‍ ഉപയോഗിച്ച റാത്തിക്കെതിരെ റാണ പഞ്ഞടുത്തു.
ഇരുവരും വാക് പോരിലേര്‍പ്പെടുകയും സഹതാരങ്ങളു അമ്പയര്‍മാരും ഇടപെട്ട് പിടിച്ചുമാറ്റുകയുമായിരുന്നു. സംഭവത്തില്‍ നിതീഷ് റാണക്ക് മാച്ച് ഫീയുടെ 50 ശതമാനം പിഴ ചുമത്തിയിട്ടുണ്ട്. മത്സരത്തില്‍ വെസ്റ്റ് ഡല്‍ഹി ലയണ്‍സ് ഏഴ് വിക്കറ്റിന് ജയിച്ച് രണ്ടാം ക്വാളിഫയറിന് യോഗ്യത നേടിയപ്പോള്‍ രണ്ടോവര്‍ മാത്രമെറിഞ്ഞ റാത്തി 19 റണ്‍സ് വഴങ്ങി. ഐപിഎല്ലിൽ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് താരമായിരുന്ന റാത്തി സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അഭിഷേക് ശര്‍മയെ പുറത്താക്കിയശേഷം നോട്ട് ബുക്ക് സെലിബ്രേഷന്‍ നടത്തിയതിനെ തുടര്‍ന്ന് ഇരവരും കൊമ്പു കോര്‍ത്തിരുന്നു.
ഡല്‍ഹി പ്രീമിയര്‍ ലീഗിലെ ആദ്യ ക്വാളിഫയര്‍ ജയിച്ച സെന്‍ട്രല്‍ ഡല്‍ഹി കിംഗ്സ് നേരത്തെ ഫൈനലിലെത്തിയപ്പോള്‍ ഇന്നലത്തെ എലിമിനേറ്റര്‍ മത്സരത്തില്‍ ജയിച്ച വെസ്റ്റ് ഡല്‍ഹി ലയണ്‍സ് ഇന്ന് നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ഈസ്റ്റ് ഡല്‍ഹി റൈഡേഴ്സിനെ നേരിടും. ഇന്ന് ജയിച്ചാല്‍ ഡല്‍ഹി ലയണ്‍സിന് നാളെ നടക്കുന്ന ഫൈനലിന് യോഗ്യത നേടാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!