ENG vs IND : അയർലന്‍ഡിനെതിരായ ഫിഫ്റ്റി ആവിയായിപ്പോയോ? സഞ്ജുവിനെ പുറത്താക്കിയതില്‍ ആളിക്കത്തി ആരാധകരോക്ഷം

Published : Jul 08, 2022, 10:16 AM ISTUpdated : Jul 08, 2022, 11:54 AM IST
ENG vs IND : അയർലന്‍ഡിനെതിരായ ഫിഫ്റ്റി ആവിയായിപ്പോയോ? സഞ്ജുവിനെ പുറത്താക്കിയതില്‍ ആളിക്കത്തി ആരാധകരോക്ഷം

Synopsis

ബിസിസിഐയുടെ രാഷ്ട്രീയം കാരണമാണ് സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവന് പുറത്തായതെന്നാണ് ഒരുവിഭാഗം ആരാധകരുടെ വിമർശനം

സതാംപ്‍ണ്‍: ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യില്‍(ENG vs IND 1st T20I) ഇന്ത്യന്‍ ബാറ്റർ സഞ്ജു സാംസണെ(Sanju Samson) തഴഞ്ഞതിനെതിരെ ആഞ്ഞടിച്ച് ആരാധകർ. പരമ്പരയിലെ ഒരു മത്സരത്തിന് മാത്രമുള്ള സ്ക്വാഡില്‍ ഇടംനല്‍കിയിട്ടും സഞ്ജുവിനെ കളിപ്പിക്കാതിരുന്ന തീരുമാനമാണ് ആരാധകർ ചോദ്യം ചെയ്യുന്നത്. അയർലന്‍ഡിനെതിരായ അവസാന മത്സരത്തിലെ സഞ്ജുവിന്‍റെ തകർപ്പന്‍ ഫിഫ്റ്റി ആവിയായിപ്പോയോ എന്ന് ആരാധകർ ചോദിക്കുന്നു. 

ബിസിസിഐയുടെ രാഷ്ട്രീയം കാരണമാണ് സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവന് പുറത്തായതെന്നാണ് ഒരുവിഭാഗം ആരാധകരുടെ വിമർശനം. സഞ്ജുവിന്‍റെ കരിയർ തകർക്കുകയാണ് ഇന്ത്യന്‍ മാനേജ്‍മെന്റ് എന്നായിരുന്നു ഒരു ട്വീറ്റ്. അവസാന മത്സരത്തില്‍ അയർലന്‍ഡിനെതിരെ ഓപ്പണറായിറങ്ങി 42 പന്തില്‍ 9 ഫോറും നാല് സിക്സറും സഹിതം 183 സ്ട്രൈക്ക് റേറ്റോടെ സഞ്ജു 77 റണ്‍സ് നേടിയത് ആരാധകർ ഓർമ്മിപ്പിച്ചു. സഞ്ജു ഇന്ത്യന്‍ ക്രിക്കറ്റ് അടക്കിഭരിക്കുന്ന കാലം വരുമെന്ന് മറ്റൊരു ആരാധകന്‍ കമന്‍റ് ചെയ്തു. എന്തായാലും സഞ്ജുവിന്‍‌റെ മലയാളി ആരാധകർ മാത്രമല്ല താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത് എന്നത് ശ്രദ്ധേയമായി. 

നേരത്തെ ഇംഗ്ലണ്ടിനെതിരായ ആദ്യ ടി20യ്ക്ക് മുമ്പ് ഇന്ത്യന്‍ താരങ്ങളുടെ ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചപ്പോള്‍ ഏറ്റവും വൈറലായത് സഞ്ജു സാംസണിന്‍റെ ചിത്രമായിരുന്നു. സഞ്ജുവിന്‍റെ ചിത്രത്തിനാണ് ഏറ്റവും കൂടുതല്‍ ലൈക്കും കമന്‍റും ലഭിച്ചത്. സഞ്ജുവിനെ ആദ്യ ടി20യില്‍ കളിപ്പിക്കണമെന്ന ആവശ്യം അന്ന് ആരാധകർ ശക്തമായി മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍‌ സതാംപ്ടണിലെ മത്സരത്തില്‍ പ്ലേയിംഗ് ഇലവന്‍ വന്നപ്പോള്‍ സഞ്ജു പുറത്തായി. ഇതാണ് ആരാധകരോക്ഷത്തിന് കാരണം. ഇംഗ്ലണ്ടിനെതിരെ അവശേഷിക്കുന്ന രണ്ട് ടി20കള്‍ക്കുള്ള സ്ക്വാഡില്‍ സഞ്ജുവിന്‍റെ പേരില്ല. ഇതോടെ സഞ്ജു ടി20 ലോകകപ്പിലുണ്ടാകുമോ എന്ന ആശങ്കയിലാണ് ആരാധകർ. 

അതേസമയം ഇംഗ്ലണ്ടിനെതിരെ ആദ്യ ടി20യില്‍ ഇന്ത്യന്‍ ടീം 50 റൺസിന്റെ മിന്നും വിജയം സ്വന്തമാക്കി. ബാറ്റ് കൊണ്ടും പന്ത് കൊണ്ടും തിളങ്ങിയ ഹാർദിക് പാണ്ഡ്യയുടെ സൂപ്പർ ഹീറോ പ്രകടനമാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. ഇന്ത്യയുയർത്തിയ വമ്പൻ വിജയലക്ഷ്യത്തിന് മുന്നിൽ അമ്പേ അടിപതറിയ ഇം​ഗ്ലീഷ് സംഘം ദയനീയമായി തോൽവി സമ്മതിക്കുകയായിരുന്നു. സ്കോർ: ഇന്ത്യ-198/8 (20), ഇം​ഗ്ലണ്ട്-148 (19.3). ഹാർദിക് പാണ്ഡ്യയാണ് കളിയിലെ താരം. 

ഇന്ത്യക്ക് വേണ്ടി ഹാർദിക് പാണ്ഡ്യ (33 പന്തിൽ 51) അർധ സെഞ്ചുറി നേടി. ദീപക് ഹൂഡയും (33) സൂര്യകുമാർ യാദവും (39) നടത്തിയ മിന്നൽ പ്രകടനങ്ങളും ഇന്ത്യൻ ഇന്നിം​ഗ്സിന് ചാരുത പകർന്നു. ഇം​ഗ്ലണ്ടിനായി മോയിൻ അലിയും ക്രിസ് ജോർദാനും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തി. മറുപടി ബാറ്റിം​ഗിൽ ഹാരി ബ്രോക്കിനും (28) മോയിൻ അലിക്കും (36) മാത്രമാണ് അൽപ്പമെങ്കിലും പിടിച്ച് നിൽക്കാനായത്. 33 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ഹാർദിക് തന്നെയാണ് ബൗളിം​ഗിലും ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ചത്. യുസ്‍വേന്ദ്ര ചഹാലും അർഷ്‍ദീപ് സിംഗും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ഭുവനേശ്വർ കുമാർ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റുകളും പേരിലെഴുതി. 

IND vs ENG : മടയിൽ കയറി ഇം​ഗ്ലീഷ് വീര്യത്തെ അടിച്ച് ടീം ഇന്ത്യ; സൂപ്പർ ഹീറോയായി ഹാർദിക്, ആവേശ വിജയം

PREV
Read more Articles on
click me!

Recommended Stories

ദക്ഷിണാഫ്രിക്ക ചലഞ്ചിന് സഞ്ജു സാംസണ്‍; ലോകകപ്പ് ടീമില്‍ ഇടം നേടാൻ അവസാന അവസരം?
ലണ്ടനിലേക്ക് മടങ്ങി വിരാട് കോലി, ഇനി പോരാട്ടം വിജയ് ഹസാരെ ട്രോഫിയില്‍ ഡല്‍ഹിക്കായി