എട്ടു വർഷം മുമ്പ് നടത്തിയ വംശീയ ട്വീറ്റുകൾ; മാപ്പു പറഞ്ഞ് ഇം​ഗ്ലണ്ട് പേസർ‌

By Web TeamFirst Published Jun 3, 2021, 3:14 PM IST
Highlights

ആദ്യ ദിവസത്തെ മത്സരത്തിനുശേഷം മാധ്യമങ്ങളെ കണ്ട റോബിൻസൺ കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തിൽ നാണക്കേടുകാരണം തനിക്ക് തല ഉയർത്താനാവില്ലെന്ന് വ്യക്തമാക്കി.

ലണ്ടൻ: എട്ട് വർഷം മുമ്പ് നടത്തിയ വംശീയ ട്വീറ്റുകൾക്ക് മാപ്പു പറഞ്ഞ് ഇം​ഗ്ലീഷ് പേസർ ഓലീ റോബിൻസൺ. ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ ആദ്യ ദിനം രണ്ട് വിക്കറ്റുമായി റോബിൻസൺ തിളങ്ങിയതിന് പിന്നാലെയാണ് എട്ടു വർഷം മുമ്പ് ട്വിറ്ററിൽ താരം നടത്തിയ വംശീയ പരാമർശങ്ങളടങ്ങിയ ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ വീണ്ടും വ്യാപകമായി പ്രചരിച്ചത്.

ആദ്യ ദിവസത്തെ മത്സരത്തിനുശേഷം മാധ്യമങ്ങളെ കണ്ട റോബിൻസൺ കരിയറിലെ ഏറ്റവും സുപ്രധാന ദിനത്തിൽ നാണക്കേടുകാരണം തനിക്ക് തല ഉയർത്താനാവില്ലെന്ന് വ്യക്തമാക്കി. എട്ടു വർഷം മുമ്പ് ട്വിറ്ററിൽ നടത്തിയ ലൈം​ഗികച്ചുവയുള്ളതും വംശീയമായി അധിക്ഷേപിക്കുന്നതുമായ പരാമർശങ്ങളുടെ പേരിൽ മാപ്പു പറയുന്നുവെന്നും കരച്ചിലിന്റെ വക്കോളമെത്തിയ റോബിൻസൺ മാധ്യമങ്ങളോട് പറഞ്ഞു. ആ ട്വീറ്റുകൾ ഇപ്പോഴും അവിടെയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ലെന്നും താനൊരിക്കലും വംശവെറിയനോ ലൈം​ഗികച്ചുവയോടെ സംസാരിക്കുന്ന വ്യക്തിയോ അല്ലെന്നും റോബിൻസൺ വ്യക്തമാക്കി.

ആ കാലത്ത് ചിന്താശേഷിയില്ലാതെ ചെയ്ത കാര്യങ്ങളാണെങ്കിലും അതൊരു ഒഴിവുകഴിവല്ലെന്നും പരാമർശങ്ങളിൽ ആത്മാർത്ഥമായി ഖേദിക്കുന്നുവെന്നും റോബിൻസൺ വ്യക്തമാക്കി. വ്യക്തിയെന്ന നിലയിൽ താൻ ഏറെ പക്വത നേടിയെന്നും അതുകൊണ്ടുതന്നെ പക്വതയില്ലാത്ത കാലത്ത് നടത്തിയ പരാമർങ്ങളുടെ പേരിൽ മാപ്പു പറയുന്നുവെന്നും റോബിൻസൺ വ്യക്തമാക്കി.

കൗമാരകാലത്ത് യോർക്ക്ഷെയറിൽ നിന്ന് പുറത്താക്കപ്പെട്ടകാലത്ത് മാനസികമായി ആകെ തകർന്നിരിക്കുമ്പോൾ നടത്തയി ട്വീറ്റുകളാണ് അത്. അതെല്ലാം ഇപ്പോഴും അവിടെയുണ്ടാകുമെന്ന് കരുതിയില്ല, എങ്കിലും അന്ന് നടത്തിയ പരമാർശങ്ങളുടെ പേരിൽ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു-റോബിൻസൺ പറഞ്ഞു.

ന്യൂസിലൻഡിനെതിരായ ആദ്യ ടെസ്റ്റിൽ അരങ്ങേറിയ 27കാരനായ റോബിൻസൺ ആദ്യ ദിനം രണ്ട് വിക്കറ്റ് വീഴ്ത്തി തിളങ്ങിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!