സ്വിംഗ് പ്രതീക്ഷിച്ച പിച്ചില്‍ സ്പിന്നര്‍മാരുടെ വിളയാട്ടം; മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച

By Web TeamFirst Published Feb 24, 2021, 4:52 PM IST
Highlights

മൊട്ടേറ സ്റ്റേഡിയത്തില്‍ പകല്‍-രാത്രി ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 81ന്ന നിലയിലാണ്. ബെന്‍ സ്‌റ്റോക്‌സ് (6), ഓലി പോപ് (1) എന്നിവരാണ് ക്രീസില്‍.

അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് ബാറ്റിങ് തകര്‍ച്ച. മൊട്ടേറ സ്റ്റേഡിയത്തില്‍ പകല്‍-രാത്രി ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യദിനം ചായയ്ക്ക് പിരിയുമ്പോള്‍ നാലിന് 81ന്ന നിലയിലാണ്. ബെന്‍ സ്‌റ്റോക്‌സ് (6), ഓലി പോപ് (1) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി അക്‌സര്‍ പട്ടേല്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. ആര്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. പരമ്പരയിലെ ഏക പകല്‍- രാത്രി ടെസ്റ്റാണിത്.

തുടക്കം ഇശാന്തിലൂടെ

ചെന്നൈ പിച്ചിനെ ഓര്‍പ്പിക്കുന്നതായിരുന്നു മൊട്ടേറയിലേയും പിച്ച്. ആദ്യ സെഷനില്‍ വീണ നാല് വിക്കറ്റുകളില്‍ മൂന്നും സ്പിന്നര്‍മാര്‍ക്കായിരുന്നു. ഇശാന്ത് ശര്‍മയിലൂടെയാണ് ഇന്ത്യ തുടങ്ങിയത്. നൂറാം ടെസ്റ്റ് കളിക്കുന്ന ഇശാന്ത് തന്റെ രണ്ടാം ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി. ആറ് പന്തുകള്‍ മാത്രം നേരിട്ട ഡൊമിനിക് സിബ്ലി സ്ലിപ്പില്‍ രോഹിത് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. 

സെഷന്‍ സ്പിന്നര്‍മാര്‍ ഏറ്റെടുക്കുന്നു

സ്പിന്നര്‍മാരെ അകമഴിഞ്ഞ് പിന്തുണക്കുന്ന പിച്ചാണ് മൊട്ടേറയിലേതെന്ന് മനസിലാക്കിയ ക്യാപ്റ്റന്‍ വിരാട് കോലി ഏഴാം ഓവറില്‍ അക്‌സര്‍ പട്ടേലിനെ കൊണ്ടുവന്നു. അതിന് ഫലവും കിട്ടി. ആദ്യ പന്തില്‍ തന്നെ പട്ടേല്‍ ജോണി ബെയര്‍സ്‌റ്റോയെ മടക്കിയയച്ചു. പട്ടേലിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ബെയര്‍സ്‌റ്റോ. അടുത്തത് അശ്വിന്റെ ഊഴമായിരുന്നു. അല്‍പനേരം പിടിച്ചുനിന്ന ക്യാപ്റ്റന്‍ ജോ റൂട്ടിനെ അശ്വിന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. ടീമിലേക്ക് തിരിച്ചുവരവ് നടത്തിയ സാക് ക്രൗളിക്കും വിക്കറ്റിന് മുന്നില്‍ കുടുങ്ങാനായിരുന്നു വിധി. ഇത്തവണ അക്‌സറാണ് വിക്കറ്റ് നേടിയത്.

ഇരുടീമിലും മാറ്റങ്ങള്‍

മാറ്റങ്ങളുമായാണ് ഇരു ടീമും ഇറങ്ങിയത്.കൂടുതല്‍ സ്വിങ് ലഭിക്കും എന്ന് കരുതിയ പിങ്ക് പന്തില്‍ രണ്ട് പേസര്‍മാരെ മാത്രമേ ടീം ഇന്ത്യ കളിപ്പിക്കുന്നുള്ളൂ. പരിക്ക് മാറിയെത്തിയ പേസര്‍ ഉമേഷ് യാദവ് ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടംപിടിച്ചില്ല. മുഹമ്മദ് സിറാജിന് പകരം ജസ്പ്രീത് ബുമ്രയും കുല്‍ദീപ് യാദവിന് പകരം വാഷിംഗ്ടണ്‍ സുന്ദറും ടീമിലെത്തി. ഇശാന്ത് ശര്‍മ്മയാണ് മറ്റൊരു പേസര്‍. ബാറ്റിംഗ് നിരയില്‍ മാറ്റമില്ല.  അതേസമയം ഇംഗ്ലണ്ടിന് ഒരു സ്പിന്നറേയുള്ളൂ. പേസര്‍മാരായ ജോഫ്ര ആര്‍ച്ചറും ജയിംസ് ആന്‍ഡേഴ്സണും തിരിച്ചെത്തിയപ്പോള്‍ സ്റ്റുവര്‍ട്ട് ബ്രോഡിനെ ഇംഗ്ലണ്ട് നിലനിര്‍ത്തി. ജോണി ബെയര്‍‌സ്റ്റോയും സാക് ക്രൗളിയുമാണ് തിരിച്ചെത്തിയ മറ്റ് താരങ്ങള്‍. ജാക്ക് ലീച്ച് ഏക സ്പിന്നര്‍.

ഇന്ത്യയുടെ ലക്ഷ്യം ജയം മാത്രമല്ല

ഇന്ത്യ വേദിയാവുന്ന രണ്ടാമത്തെ മാത്രം പകല്‍-രാത്രി ടെസ്റ്റാണിത്. മൊട്ടേറയില്‍ ജയം മാത്രമല്ല ടീം ഇന്ത്യയുടെ ലക്ഷ്യം. ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ കൂടി കോലിപ്പട നോട്ടമിടുന്നുണ്ട്. ഓരോ ടെസ്റ്റ് ജയിച്ച് ഇന്ത്യയും ഇംഗ്ലണ്ടും നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഒപ്പത്തിനൊപ്പമാണ്. പരമ്പര 2-1നോ 3-1നോ നേടിയാല്‍ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലിലെത്തും. ഇംഗ്ലണ്ടിന് ഇനിയുള്ള രണ്ട് ടെസ്റ്റും ജയിച്ചാലേ സാധ്യതയുള്ളൂ.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി(നായകന്‍), അജിങ്ക്യ രഹാനെ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്സര്‍ പട്ടേല്‍, രവിചന്ദ്ര അശ്വിന്‍, ഇശാന്ത് ശര്‍മ്മ, ജസ്പ്രീത് ബുമ്ര.

ഇംഗ്ലണ്ട് ടീം: ഡൊമിനിക്ക് സിബ്ലി, സാക്ക് ക്രൗലി, ജോണി ബെയര്‍‌സ്റ്റോ, ജോ റൂട്ട്(നായകന്‍), ബെന്‍ സ്റ്റോക്സ്, ഒല്ലീ പോപ്, ബെന്‍ ഫോക്സ്(വിക്കറ്റ് കീപ്പര്‍), ജോഫ്ര ആര്‍ച്ചര്‍, ജാക്ക് ലീച്ച്, സ്റ്റുവര്‍ട്ട് ബ്രോഡ്, ജയിംസ് ആന്‍ഡേഴ്സണ്‍.

 

click me!