കൊവിഡ് കാല ക്രിക്കറ്റ് വസന്തം; ഡികോക്കിന് ദൗത്യം നല്‍കി ദക്ഷിണാഫ്രിക്ക

By Web TeamFirst Published Nov 6, 2020, 10:08 PM IST
Highlights

ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ. കാഗിസോ റബാഡ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. 
 

ജൊഹന്നസ്‌ബര്‍ഗ്: ഇംഗ്ലണ്ടിനെതിരെ ആതിഥേയത്വമരുളുന്ന നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കുള്ള 24 അംഗ സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി തിളങ്ങുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡികോക്കാണ് ക്യാപ്റ്റന്‍. ഫാഫ് ഡുപ്ലസിസ്, ഡേവിഡ് മില്ലര്‍, ആന്‍ഡിലെ ഫെഹ്‌ലൂക്വായോ. കാഗിസോ റബാഡ തുടങ്ങിയ സൂപ്പര്‍താരങ്ങളെല്ലാം ഇടംപിടിച്ചിട്ടുണ്ട്. 

രണ്ട് ആഴ്‌ച നീണ്ടുനില്‍ക്കുന്ന ഏകദിന-ടി20 പരമ്പരകള്‍ക്കാണ് ഇംഗ്ലണ്ട് ടീം ദക്ഷിണാഫ്രിക്കയില്‍ എത്തുന്നത്. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ അടച്ചിട്ട വേദിയിലാണ് മത്സരങ്ങള്‍. 28 വയസുകാരന്‍ ഗ്രെന്‍റണ്‍ സ്റ്റര്‍മാന് ആദ്യമായി ദേശീയ ടീമിലേക്ക് ക്ഷണം ലഭിച്ചു എന്നതാണ് പ്രധാന സവിശേഷതകളിലൊന്ന്. ജൂനിയര്‍ ഡലായുടെ തിരിച്ചുവരവും ശ്രദ്ധേയം. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും ക്രിക്കറ്റ് പ്രോട്ടീസ് മണ്ണില്‍ തിരിച്ചെത്തുന്നതിന്‍റെ സന്തോഷം ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്‌ടര്‍ ഗ്രയാം സ്‌മിത്ത് പ്രകടിപ്പിച്ചു. 

നവംബര്‍ 27ന് കേപ്‌ടൗണില്‍ ടി20 പരമ്പരയ്‌ക്ക് തുടക്കമാകും. നവംബര്‍ 29, ഡിസംബര്‍ 1 തിയതികളിലാണ് രണ്ടും മൂന്നും ടി20കള്‍. കേപ്‌ടൗണില്‍ ഡിസംബര്‍ നാലിനാണ് ഏകദിന പരമ്പര തുടങ്ങുക. ആറാം തിയതി രണ്ടാമത്തെയും ഒന്‍പതിന് അവസാനത്തെയും ഏകദിനം അരങ്ങേറും. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജോഫ്ര ആര്‍ച്ചര്‍, ബെന്‍ സ്റ്റോക്‌സ്, സാം കറന്‍ എന്നിവര്‍ക്ക് ഏകദിന പരമ്പരയില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. 

ദക്ഷിണാഫ്രിക്കന്‍ സ്‌ക്വാഡ്

Quinton de Kock (captain), Temba Bavuma, Junior Dala, Faf du Plessis, Bjorn Fortuin, Beuran Hendricks, Reeza Hendricks, Heinrich Klaasen, George Linde, Keshav Maharaj, Janneman Malan, David Miller, Lungi Ngidi, Anrich Nortje, Andile Phehlukwayo, Dwaine Pretorius, Kagiso Rabada, Tabraiz Shamsi, Lutho Sipamla, Jon-Jon Smuts, Glenton Stuurman, Pite van Biljon, Rassie van der Dussen, Kyle Verreynne

click me!