ആഷസ്: ഇംഗ്ലണ്ടിനെതിരെ പിടിമുറുക്കി ഓസീസ്

By Web TeamFirst Published Aug 23, 2019, 11:53 PM IST
Highlights

ഡേവിഡ് വാര്‍ണര്‍(0) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മാത്യു വെയ്ഡ്(33), ട്രാവിസ് ഹെഡ്(25), ഉസ്മാന്‍ ഖവാജ(23) എന്നിവരെ കൂട്ടുപിടിച്ച് ലാബുഷാഗ്നെ നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിനെ ശക്തമായ നിലയിലെത്തിച്ചത്.

ഹെഡിംഗ്‌ലി:ആഷസ് പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ആധിപത്യം തുടര്‍ന്ന് ഓസ്ട്രേലിയ. ആദ്യ ഇന്നിംഗ്സില്‍ 179 റണ്‍സിന് ഓള്‍ ഔട്ടായെങ്കിലും വെറും 67 റണ്‍സിന് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് ചുരുട്ടിക്കെട്ടിയ ഓസീസ് രണ്ടാം ഇന്നിംഗ്സില്‍ മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സെടുത്തിട്ടുണ്ട്. നാലു വിക്കറ്റ് ശേഷിക്കെ ഓസീസിനിപ്പോള്‍ 283 റണ്‍സിന്റെ ആകെ ലീഡുണ്ട്. 53 റണ്‍സുമായി മാര്‍നസ് ലാബുഷാഗ്നെയും രണ്ട് റണ്ണോടെ ജെയിംസ് പാറ്റിന്‍സണും ക്രീസില്‍.

ഡേവിഡ് വാര്‍ണര്‍(0) ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ മാത്യു വെയ്ഡ്(33), ട്രാവിസ് ഹെഡ്(25), ഉസ്മാന്‍ ഖവാജ(23) എന്നിവരെ കൂട്ടുപിടിച്ച് ലാബുഷാഗ്നെ നടത്തിയ ചെറുത്തുനില്‍പ്പാണ് ഓസീസിനെ ശക്തമായ നിലയിലെത്തിച്ചത്. ഇതിനിടെ ജോഫ്ര ആര്‍ച്ചര്‍ തുടയിലെ പേശിവലിവ് മൂലം ബൗള്‍ ചെയ്യാനാവാതെ മടങ്ങിയത് ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയാവുകയും ചെയ്തു. ഇംഗ്ലണ്ടിനായി സ്റ്റുവര്‍ട്ട് ബ്രോഡ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ അഞ്ച് വിക്കറ്റ് നേടിയ ജോഷ് ഹേസല്‍വുഡിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. 12 റണ്‍സ് നേടിയ ജോ ഡെന്‍ലിയാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. ഹേസല്‍വുഡിന് പുറമെ പാറ്റ് കമ്മിന്‍സ് മൂന്നും ജയിംസ് പാറ്റിന്‍സണ്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. റോറി ബേണ്‍സ് (9), ജേസണ്‍ റോയ് (9), ജോ റൂട്ട് (0), ബെന്‍ സ്‌റ്റോക്‌സ് (8), ജോണി ബെയര്‍സ്‌റ്റോ (4), ജോസ് ബട്‌ലര്‍ (5), ക്രിസ് വോക്‌സ് (5), ജോഫ്ര ആര്‍ച്ചര്‍ (7), ജാക്ക് ലീച്ച് (1), സ്റ്റുവര്‍ട്ട് ബ്രോഡ് (പുറത്താവാതെ 4) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ സ്‌കോറുകള്‍.

click me!