തിരിച്ചടിയുമായി പന്തും ജഡേജയും, എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കരകയറുന്നു

Published : Jul 01, 2022, 09:05 PM ISTUpdated : Jul 01, 2022, 09:14 PM IST
തിരിച്ചടിയുമായി പന്തും ജഡേജയും, എഡ്ജ്ബാസ്റ്റണില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കരകയറുന്നു

Synopsis

മഴകാരണം ലഞ്ച് നേരത്തെയാക്കിയപ്പോള്‍ 53-2 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ ല‍്ചിനുശേഷം തകര്‍ന്നടിഞ്ഞിരുന്നു. 98-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ പ്രത്യാക്രമണത്തിലൂടെ പന്തും ജഡേജയും കരകയറ്റുകയായിരുന്നു. 51 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് ആറ് ഫോറും ഒരു സിക്സും പറത്തി.

എഡ്ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍(England vs India) ഇന്ത്യ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് കരകയറുന്നു. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് 98 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായെങ്കിലും റിഷഭ് പന്തിന്‍റെയും വീന്ദ്ര ജഡേജയുടെയും ബാറ്റിംഗ് മികവില്‍ ആദ്യ ദിനം ചായക്ക് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ്. 53 റണ്‍സോടെ റിഷഭ് പന്തും 32 റണ്‍സോടെ രവീന്ദ്ര ജഡേജയും ക്രീസില്‍. പിരിയാത്ത ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും ഇതുവരെ 76 റണ്‍സെടുത്തിട്ടുണ്ട്.  ശുഭ്മാന്‍ ഗില്ലില്‍, ചേതേശ്വര്‍ പൂജാര, ഹനുമാ വിഹാരി, വിരാട് കോലി, ശ്രേയസ് അയ്യര്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും മാത്യു പോട്ട് രണ്ടും വിക്കറ്റെടുത്തു.

കരകയറ്റി പന്തും ജഡേജയും

മഴകാരണം ലഞ്ച് നേരത്തെയാക്കിയപ്പോള്‍ 53-2 എന്ന സ്കോറില്‍ ക്രീസ് വിട്ട ഇന്ത്യ ല‍ഞ്ചിനുശേഷം തകര്‍ന്നടിഞ്ഞിരുന്നു. 98-5ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ പ്രത്യാക്രമണത്തിലൂടെ പന്തും ജഡേജയും കരകയറ്റുകയായിരുന്നു. 52 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ റിഷഭ് പന്ത് ആറ് ഫോറും ഒരു സിക്സും പറത്തി. സ്പിന്നര്‍ ജാക്ക് ലീച്ചിനെതിരെ രണ്ട് ഫോറും ഒരു സിക്സും പറത്തിയ പന്താണ് ഇന്ത്യയെ മുന്നില്‍ നിന്ന് നയിച്ചത്. മറുവശത്ത് മികച്ച പിന്തുണ നല്‍കിയ ജഡേജ 65 പന്തില്‍ 32 റണ്‍സെടുത്തു. നാല് ബൗണ്ടറിയടങ്ങുന്നതാണ് ജഡേജയുടെ ഇന്നിംഗ്സ്.

നിരാശപ്പെടുത്തി മുന്‍നിര

ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ഓപ്പണറായി ചേതേശ്വര്‍ പൂജാരയാണ് ശുഭ്മാന്‍ ഗില്ലിനൊപ്പം ഇറങ്ങിയത്. പൂജാരയും ഗില്ലും ചേര്‍ന്ന് ആന്‍ഡേഴ്സണെയും ബ്രോഡിനെയും പോട്ടിനെയും ഫലപ്രദമായി നേരിട്ടപ്പോള്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ലഭിച്ചത്. ആദ്യ ആറോവര്‍ പിടിച്ചു നിന്ന ഇരുവരും ചേര്‍ന്ന് 27 റണ്‍സടിച്ചു. എന്നാല്‍ ഏഴാം ഓവരില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി ആന്‍ഡേഴ്സണ്‍ വിക്കറ്റ് വേട്ട തുടങ്ങി. 24 പന്തില്‍ നാലു ബൗണ്ടറികളോടെ 17 റണ്‍സായിരുന്നു ഗില്ലിന്‍റെ സംഭാവന.

വണ്‍ ഡൗണായി എത്തിയ ഹനുമാ വിഹിരിക്കൊപ്പം പൂജാര പിടിച്ചു നിന്നെങ്കിലും സ്കോര്‍ ബോര്‍ഡ് മന്ദഗതിയാലാണ് മുന്നോട്ട് പോയത്.46 പന്തില്‍ 13 റണ്‍സെടുത്ത പൂജാരയെ ആന്‍ഡേഴ്സണ്‍ സ്ലിപ്പില്‍ സാക്ക് ക്രോളിയുടെ കൈകളിലെത്തിച്ച് ഇന്ത്യയുടെ പ്രതിരോധ മതില്‍ പൊളിച്ചു. ലഞ്ച് കഴിഞ്ഞിറങ്ങിയ ഇന്ത്യക്ക് അധികം വൈകാതെ ഹനുമാ വിഹാരിയുടെ വിക്കറ്റ് നഷ്ടമായി. 53 പന്ത് നേരിട്ട് 20 റണ്‍സെടുത്ത വിഹാരിയെ മാത്യു പോട്ട് വിക്കറ്റിന് മുന്നില്‍ കുടുക്കി.

വിരാട് കോലിയുടെ ഊഴമായിരുന്നു പിന്നീട്. പൂജാരയുടെ വിക്കറ്റ് നഷ്ടമായശേഷം നാലാമനായി ക്രീസിലെത്തിയ കോലി തുടക്കത്തില്‍ പിടിച്ചു നിന്നെങ്കിലും 19 പന്തില്‍ 10 റണ്‍സെടുത്ത് മടങ്ങി. മാത്യു പോട്ടിന്‍റെ പന്തില്‍ പ്ലേയ്ഡ് ഓണായി ബൗള്‍ഡായാണ് കോലി പുറത്തായത്. തുടക്കത്തില്‍ ആക്രമിച്ചു കളിച്ച ശ്രേയസ് അയ്യര്‍ പ്രതീക്ഷ നല്‍കി. 11 പന്തില്‍ മൂന്ന് ബൗണ്ടറിയടിച്ച് 15 റണ്‍സെടുത്ത ശ്രേയസിനെ പക്ഷെ ആന്‍ഡേഴ്സണ്‍ ബൗണ്‍സറില്‍ വിക്കറ്റ് കീപ്പര്‍ സാം ബില്ലിംഗ്സിന്‍റെ കൈകളിലെത്തിച്ചു.

നേരത്തെ ടോസ് നേടിയ ഇംഗ്ലീഷ് നായകന്‍ ബെന്‍ സ്റ്റോക്സ്(Ben Stokes) ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ വർഷം നടന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിലെ അവസാന മത്സരം ഇന്ത്യന്‍ ക്യാമ്പിലെ കൊവിഡ് വ്യാപനത്തെ തുടർന്ന് പുനക്രമീകരിച്ചതാണ് എഡ്‍ജ്ബാസ്റ്റണില്‍ ഇന്നുമുതല്‍ നടക്കുന്ന മത്സരം. പരമ്പരയില്‍ നിലവില്‍ ടീം ഇന്ത്യ 2-1ന് മുന്നിലാണ്.

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

വിവാഹം ഒഴിവാക്കിയതിന് ശേഷം സ്മൃതി മന്ദാന ആദ്യമായി പൊതുവേദിയിൽ, പ്രതികരണം ഇങ്ങനെ; 'ക്രിക്കറ്റിനേക്കാൾ വലുതായി ഒന്നുമില്ല'
'സഞ്ജുവിനല്ല, അടുത്ത മത്സരങ്ങളിലും അവസരം നല്‍കേണ്ടത് ജിതേഷ് ശര്‍മക്ക്', തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ പത്താന്‍