
ഓക‌്‌ലന്‍ഡ്: ഏകദിന ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് സൂപ്പര്‍ ഓവര്‍ ആരാധകര്‍ക്ക് ഒരിക്കലും മറക്കാനാകില്ല. നിശ്ചിത ഓവറില്‍ സമനിലയും സൂപ്പര്‍ ഓവര്‍ ടൈയും കടന്നുപോയ ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയ ടീമെന്ന നിലയില്‍ ഇംഗ്ലണ്ടിനെ വിജയികളായി പ്രഖ്യാപിക്കുന്നതായി. ലോകകപ്പിന് ശേഷം ഇംഗ്ലണ്ടും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയ പരമ്പരയിലെ അവസാന മത്സരത്തിലും ത്രസിപ്പിക്കുന്ന സൂപ്പര്‍ ഓവര്‍ ആരാധകര്‍ക്ക് കാണാനായി.
എന്നാല്‍, ഇക്കുറിയും ഫലത്തില്‍ മാറ്റമുണ്ടായില്ല. ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വ്യക്തമായ മുന്‍തൂക്കത്തോടെയാണ് ഇംഗ്ലണ്ട് ജയിച്ചത് എന്നുമാത്രം. ഓക്‌ലന്‍ഡിന്‍ നടന്ന അവസാന ടി20യില്‍ സൂപ്പര്‍ ഓവറില്‍ കിവികളെ ഒന്‍പത് റണ്‍സിന് തോല്‍പിച്ച് ഇംഗ്ലണ്ട് പരമ്പര(3-2) നേടി. മഴമൂലം 11 ഓവറായി ചുരുക്കിയ മത്സരത്തില്‍ ഇരു ടീമും 146 റണ്‍സ് വീതം നേടി തുല്യത പാലിക്കുകയായിരുന്നു. ഇതോടെയാണ് ലോകകപ്പ് ഓര്‍മ്മകളുണര്‍ത്തി മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടത്.
സൂപ്പര്‍ ഓവറില്‍ കിവികള്‍ക്കായി പന്തെടുത്തത് നായകന്‍ ടിം സൗത്തി. എന്നാല്‍ ഇംഗ്ലണ്ടിനായി ജോണി ബെയര്‍സ്റ്റോയും ഓയിന്‍ മോര്‍ഗനും 17 റണ്‍സ് അടിച്ചെടുത്തു. കിവികളെ തളയ്‌ക്കാന്‍ കിട്ടിയ സുവര്‍ണാവരം മുതലാക്കിയ ക്രിസ് ജോര്‍ദാന്‍ കളി ഇംഗ്ലണ്ടിന്‍റേതാക്കി. ജോര്‍ദാനെതിരെ ഒരു സിക്‌സ് പോലും നേടാനാകാതെ പോയ ന്യൂസിലന്‍ഡ് കുറിച്ചത് വെറും എട്ട് റണ്‍സ്. ഇതിനിടെ സീഫോര്‍ട്ടിന്‍റെ വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ഇതോടെ ഇംഗ്ലണ്ട് ഒന്‍പത് റണ്‍സിന് വിജയിക്കുകയായിരുന്നു.
സൂപ്പര്‍ ഓവര്‍ ജയിച്ച് പരമ്പര നേടിയ ഇംഗ്ലണ്ടിനെ പ്രശംസിച്ച് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തി. ലോകകപ്പ് ഫൈനലിന്‍റെ ആവേശം നിഴലിക്കുന്നതായിരുന്നു ഏവരുടെയും വാക്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!