
ബ്രിസ്റ്റോൾ: ഇംഗ്ലണ്ട് വനിതകൾക്കെതിരായ ബ്രിസ്റ്റോൾ ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ വനിതകൾക്ക് വീരോചിത സമനില. ഫോളോ ഓൺ ചെയ്തശേഷം മുൻനിരയുടെ മികച്ച പ്രകടനത്തിന്റെയും വാലറ്റത്തിന്റെ അപ്രതീക്ഷിത ചെറുത്തുനിൽപ്പിന്റെയും കരുത്തിലാണ് അവസാന ദിനം ഇന്ത്യ സമനില പിടിച്ചുവാങ്ങിയത്. സ്കോർ ഇംഗ്ലണ്ട് 396-9, ഇന്ത്യ 231, 344-8
ഇന്നിംഗ്സ് പരാജയം ഒഴിവാക്കാനായി അവസാന ദിനം ക്രീസിലിറങ്ങിയ ഇന്ത്യൻ വനിതകൾക്ക് തുടക്കത്തിലെ തിരിച്ചടിയേറ്റു. മികച്ച ഫോമിലുള്ള കൗമാര താരം ഷഫാലി വർമയെ(63) തുടക്കത്തിലെ നഷ്ടമായി. എന്നാൽ ദീപ്തി ശർമയും(54), പൂനം റാവത്തും(39) ചെറുത്തു നിന്നതോടെ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
എന്നാൽ 175-3 എന്ന സ്കോറിൽ നിന്ന് 29 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായതോടെ ഇന്ത്യ തോൽവി മുന്നിൽ കണ്ടു. ദീപ്തി ശർമ(54), പൂനം റാവത്ത്(39), ക്യാപ്റ്റന്ഡ മിതാലി രാജ്(4), ഹർമൻപ്രീത് കൗർ(8) എന്നിവരുെട വിക്കറ്റുകളാണ് ഇന്ത്യക്ക് തുടർച്ചയായി നഷ്ടമായത്. ഇതോടെ 199-7ലേക്ക് കൂപ്പുകുത്തിയ ഇന്ത്യ പരാജയം ഉറപ്പിച്ചു.
എന്നാൽ ആദ്യം പൂജാ വസ്ത്രക്കറെും(12) പിന്നീട് ശിഖ പാണ്ഡെയയും(18) കൂട്ടുപിടിച്ച് എട്ടാമതായി ക്രീസിലെത്തി സ്നേഹ് റാണ നടത്തിയ ചെറുത്തുനിൽപ്പ് ഇന്ത്യക്ക് വിജയതുല്യ സമനില സമ്മാനിച്ചു. 154 പന്തിൽ 80 റൺസെടുത്ത സ്നേഹ റാണക്ക് പത്താമതായി ക്രീസിലെത്തിയ ടാനിയ ഭാട്ടിയ(44 നോട്ടൗട്ട്) നൽകിയ പിന്തുണ മത്സരത്തിൽ നിർമായകമായി.
ഏഴ് വർഷത്തെ ഇടവേളക്കുശേഷം ടെസ്റ്റ് ക്രിക്കറ്റിനിറങ്ങിയ ഇന്ത്യൻ വനിതകൾ അവിസ്മരണീയ സമനില നേടി അഭിമാനം കാത്തു. ആദ്യ ഇന്നിംഗ്സിൽ 96ഉം രണ്ടാം ഇന്നിംഗ്സിൽ 63ഉം റൺസെടുത്ത് ഇന്ത്യൻ ഇന്നിംഗ്സിന്റെ നെടുന്തൂണായ ഷഫാലി വർമയാണ് കളിയിലെ താരം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!