ഐപിഎല്‍ 2020: സിവ ധോണിയുടെ കുസൃതി ആരാധകര്‍ക്ക് കാണാനാവില്ല!

By Web TeamFirst Published Aug 12, 2020, 5:13 PM IST
Highlights

ചെന്നൈ ആരാധകര്‍ക്കും യുഎഇയിലേക്ക് പറക്കാനാവില്ലെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ചെന്നൈ: ഐപിഎല്ലില്‍ ഇക്കുറി സിവ ധോണിയുടെ കുസൃതികള്‍ ആരാധകര്‍ക്ക് കാണാനാവില്ല. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും കുടുംബാംഗങ്ങള്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാനുള്ള അനുമതി ടീം നല്‍കാത്തതിനാലാണിത്. ചെന്നൈ ആരാധകര്‍ക്കും യുഎഇയിലേക്ക് പറക്കാനാവില്ലെന്ന് ടീം സിഇഒ കാശി വിശ്വനാഥന്‍ വ്യക്തമാക്കി. അതേസമയം ആരാധകര്‍ക്ക് താരങ്ങളുമായി സംവദിക്കാനുള്ള അവസരം സാമൂഹിക മാധ്യമങ്ങള്‍ വഴി ടീമൊരുക്കും.

കഴിഞ്ഞ സീസണുകളില്‍ എം എസ് ധോണി, സുരേഷ് റെയ്‌ന, ഷെയ്‌ന്‍ വാട്‌സണ്‍, ഇമ്രാന്‍ താഹിര്‍ എന്നിവരുടെ കുട്ടികള്‍ ഗാലറിയെ ആഘോഷമാക്കിയിരിക്കുന്നു. കൊവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തിലാണ് താരങ്ങളുടെയും സപ്പോര്‍ട്ട് സ്റ്റാഫിന്‍റെയും കുടുംബാംഗങ്ങളെ ഐപിഎല്ലിന്‍റെ ആദ്യഘട്ടത്തിലെങ്കിലും യുഎഇയില്‍ അനുവദിക്കണ്ട എന്ന് ടീം തീരുമാനിച്ചത്. ലീഗിന്‍റെ രണ്ടാം ഘട്ടത്തില്‍ ഇവരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ സാഹചര്യമനുസരിച്ച് തീരുമാനിക്കും എന്നും കാശി വിശ്വനാഥന്‍ അറിയിച്ചു.

താരങ്ങള്‍ക്കും സപ്പോർട്ട് സ്റ്റാഫുകൾക്കുമൊപ്പം കുടുംബാംഗങ്ങള്‍ക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാമെന്ന് ബിസിസിഐ ഐപിഎല്‍ മാര്‍ഗരേഖയില്‍ വ്യക്തമാക്കിയിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തിലുള്ള എല്ലാ പ്രോട്ടോക്കോളും കുടുംബാംഗങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിരുന്നു. കൊവിഡ് പരിശോധനകള്‍, സാമൂഹിക അകലം, മറ്റുള്ളവരുമായുള്ള കൂടിക്കാഴ്‌ച ഒഴിവാക്കല്‍ എന്നിവയൊക്കെ ഈ പ്രോട്ടോക്കോളിന്റെ ഭാഗമാണ്. എങ്കിലും കൊവിഡ് ജാഗ്രതയുടെ ഭാഗമായി ഈ തീരുമാനത്തിലെത്തുകയായിരുന്നു സിഎസ്‌കെ. 

ധോണി 2022ലും ഐപിഎല്‍ കളിച്ചേക്കും; ആരാധകരെ ത്രസിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് സിഇഒയുടെ വാക്കുകള്‍

click me!