
ദംബുള്ള: ശ്രീലങ്ക-അഫ്ഗാനിസ്ഥാന്‍ മൂന്നാം ട്വന്‍റി 20 നാടകീയമായി അവസാനിച്ചപ്പോള്‍ അംപയര്‍മാര്‍ക്ക് ട്രോള്‍ പൂരം. ലങ്കന്‍ ഇന്നിംഗ്‌സിലെ 20-ാം ഓവറിലെ നാലാം പന്ത് ബാറ്ററുടെ അരയ്ക്ക് വളരെ മുകളിലാണ് വന്നതെങ്കിലും ഫീല്‍ഡ് അംപയര്‍മാര്‍ നോബോള്‍ വിളിച്ചിരുന്നില്ല. ഇത് മത്സരഫലത്തില്‍ നിര്‍ണായകമാവുകയും ലങ്ക മൂന്ന് റണ്‍സിന് തോല്‍ക്കുകയും ചെയ്തു. ഇതോടെയാണ് അംപയര്‍മാരെ ആരാധകര്‍ എയറിലാക്കിയത്.
പരമ്പരയിലെ അവസാന ട്വന്‍റി 20യില്‍ അഫ്ഗാനിസ്ഥാന്‍ മുന്നോട്ടുവെച്ച 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്കയ്ക്ക് അവസാന ഓവറില്‍ 19 റണ്‍സാണ് വേണ്ടിയിരുന്നത്. അഫ്ഗാന്‍ നായകന്‍ ഇബ്രാഹിം സദ്രാന്‍ പന്തെറിയാന്‍ വഫാദര്‍ മൊമാന്‍ഡിനെ ക്ഷണിച്ചു. ആദ്യ പന്തില്‍ കമിന്ദു മെന്‍ഡിസ് ബൗണ്ടറി നേടി. എന്നാല്‍ അടുത്ത ലോ ഫുള്‍ടോസ് ബോളില്‍ റണ്‍സ് പിറന്നില്ല. മൂന്നാം പന്തിലും ബൗണ്ടറിയുമായി കമിന്ദു മെന്‍ഡിസ് ലങ്കയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ വഫാദര്‍ മൊമാന്‍ഡിയുടെ ലക്ഷ്യം തെറ്റിയ നാലാം പന്ത് ഹൈ ഫുള്‍ടോസ് ആയെങ്കിലും അംപയര്‍മാര്‍ നോബോള്‍ അനുവദിച്ചില്ല. ക്രീസിന് പുറത്തിറങ്ങിയാണ് നേരിട്ടതെങ്കിലും പന്ത് മെന്‍ഡിസിന്‍റെ അരയ്ക്ക് വളരെയേറെ മുകളിലാണ് ലാന്‍ഡ് ചെയ്തത്. പന്ത് സ്റ്റംപിന് മുകളിലൂടെ വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് പോവുകയും ചെയ്തു. നോബോളിന് വേണ്ടി മെന്‍ഡിസ് വാദിച്ചെങ്കിലും അംപയര്‍ ഗൗനിച്ചില്ല. അഞ്ചാം ബോള്‍ വൈഡും വീണ്ടുമെറിഞ്ഞ പന്ത് ഡോട്ടുമായപ്പോള്‍ ആറാം ബോളില്‍ നേടിയ സിക്‌സ് പോലും ലങ്കയെ ജയിപ്പിച്ചില്ല. മൂന്ന് റണ്‍സിന്‍റെ തോല്‍വി ലങ്ക വഴങ്ങുകയായിരുന്നു.
മൂന്നാം ട്വന്‍റി 20 മൂന്ന് റണ്‍സിന് വിജയിച്ചതോടെ അഫ്ഗാനിസ്ഥാന്‍ വൈറ്റ് വാഷ് ഒഴിവാക്കി. സ്കോര്‍: അഫ്‌ഗാനിസ്ഥാന്‍- 209/5 (20), ശ്രീലങ്ക- 206/6 (20). നേരത്തെ ആദ്യ ട്വന്‍റി 20 നാല് റണ്‍സിനും രണ്ടാമത്തേത് 72 റണ്‍സിനും ആതിഥേയരായ ലങ്ക വിജയിച്ചിരുന്നു. ഇതിന് പുറമെ അഫ്ഗാന്‍റെ ലങ്കന്‍ പര്യടനത്തിലെ ഏക ടെസ്റ്റിലും മൂന്ന് ഏകദിനങ്ങളിലും ജയം ശ്രീലങ്കയ്ക്കൊപ്പം നിന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം