പാക്കിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത് ഫിഫ

By Web TeamFirst Published Apr 7, 2021, 7:49 PM IST
Highlights

2018ല്‍ പാക് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അഷ്ഫാഖ് ഹസൈന്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘം ഫെഡറേഷന്‍റെ തലപ്പത്ത് എത്തിയിരുന്നെങ്കിലും  ഫിഫ ഇത് അംഗീകരിച്ചിരുന്നില്ല.

സൂറിച്ച്: പാക്കിസ്ഥാന്‍ ഫുട്ബോള്‍ ഫെഡറേഷനെ സസ്പെന്‍ഡ് ചെയ്ത് ഫിഫ. സംഘടനയിലെ ബാഹ്യ ഇടപെടലുകള്‍ ചൂണ്ടിക്കാട്ടിയാണ് ഫിഫയുടെ നടപടി. പാക്കിസ്ഥാന് പുറമെ ഛാഡ് ഫുട്ബോള്‍ അസോയിയേഷനെയും ഫിഫ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.

2018ല്‍ പാക് സുപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ അഷ്ഫാഖ് ഹുസൈന്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘം ഫെഡറേഷന്‍റെ തലപ്പത്ത് എത്തിയിരുന്നെങ്കിലും  ഫിഫ ഇത് അംഗീകരിച്ചിരുന്നില്ല. എന്നാല്‍ അടുത്തിടെ അഷ്ഫാഖിന്‍റെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഓഫീസ് കൈയേറി ഫിഹാരൂണ്‍ മാലിക്കിന്‍റെ നേതൃത്വത്തിലുള്ള ഫിഫ നോര്‍മലൈസേഷന്‍ കമ്മിറ്റിയില്‍ നിന്ന് അധികാരം പിടിച്ചെടുത്തിരുന്നു.

ഇതിനെത്തുടര്‍ന്നാണ് ഫിഫയുടെ അടിയന്ത്ര നടപടി. 2017ലും സമാനമായ രീതിയില്‍ പാക് ഫുട്ബോള്‍ ഫെഡറേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തിരുന്നു.ഫിഫ നിയോഗിച്ച നോര്‍മലൈസേഷന്‍ കമ്മിറ്റിക്ക് അധികാരം തിരികെ നല്‍കിയാല്‍ മാത്രമെ സസ്പെന്‍ഷന്‍ പിന്‍വലിക്കൂ എന്ന് ഫിഫ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഛാഡിയന്‍ ഫുട്ബോള്‍ അസോസിയേഷന്‍റെ അധികാരങ്ങള്‍ വെട്ടിക്കുറക്കുകയും രാജ്യത്തെ ഫുട്ബോള്‍ ഭരണത്തിനായി സര്‍ക്കാര്‍ പുതിയ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തതിനാണ് ഛാഡ് ഫുട്ബോള്‍ അസോസിയേഷനെ ഫിഫ സസ്പെന്‍ഡ് ചെയ്തത്.

click me!