
സിഡ്‌നി: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫി പരമ്പരയിലെ അഞ്ച് മത്സരങ്ങളിലും റെക്കോര്‍ഡ് കാണികളെത്തിയിരുന്നു. മൊത്തം 837,879 പേരാണ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി മത്സരം കാണാനെത്തിയത്. അമ്പരപ്പിക്കുന്ന കണക്കാണിത്. 1936-37, 2017-18, 1946-47 ആഷസ് പരമ്പരകള്‍ക്ക് പിന്നില്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ പങ്കെടുത്ത നാലാമത്തെ പരമ്പരയായിരുന്നു ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി. പരമ്പരയുടെ ജനപ്രീതി വര്‍ധിച്ചുവരികയാണെന്നുള്ളതില്‍ സംശയമൊന്നുമില്ല. ഇക്കാര്യം മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും കമന്റേറ്ററുമായ റിക്കി പോണ്ടിംഗ് സമ്മതിക്കുകയും ചെയ്തു.
ഇപ്പോള്‍ ആഷസിനാണോ അതോ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കാണോ ജനപ്രീതിയെന്നുള്ള കാര്യത്തില്‍ പ്രതികരിക്കുകയാണ് പോണ്ടിംഗ്. ''ഞാന്‍ കണക്കുകള്‍ പരിശോധിച്ചു, ഇത് 837,000ത്തോളം ആളുകള്‍ ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ വന്നു. ഇത് ഓസ്ട്രേലിയയില്‍ കേട്ടുകേള്‍വിയില്ലാത്തതാണ്. ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയുടെ ജനപ്രീതി വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് അറിയാം. ഈ വര്‍ഷം ഇംഗ്ലണ്ട്, ഓസ്ട്രേലിയ സന്ദര്‍ശിക്കുമ്പോള്‍ ഏത് പരമ്പരയാണ് കൂടുതല്‍ ജനപ്രിയമെന്ന് ആരാധകര്‍ക്ക് അറിയാന്‍ കഴിയും.'' പോണ്ടിംഗ് പറഞ്ഞു.
പോണ്ടിംഗ് തുടര്‍ന്നു... ''എല്ലാ ടെസ്റ്റ് മത്സരങ്ങളും അഞ്ച് ദിവസം നടന്നിരുന്നെങ്കില്‍ ഇതിനേക്കാള്‍ കൂടുതല്‍ കാണികളെ ലഭിക്കുമായിരുന്നു. പെര്‍ത്ത് ടെസ്റ്റ് നാല് ദിവസമാണ് നീണ്ടുനിന്നത്. അഡ്‌ലെയ്ഡിലും സിഡിനിയിലും മൂന്ന് ദിവസം മാത്രമാണ് കളിച്ചത്. മെല്‍ബണിലെ ബോക്സിംഗ് ഡേ ടെസ്റ്റ് മത്സരം മാത്രമാണ് പരമ്പരയിലെ അവസാന ദിനത്തിലേക്ക് കടന്നത്. മുഴുവന്‍ ദിവസവും കളിച്ചിരുന്നെങ്കില്‍ ചിത്രം മറ്റൊന്നാകുമായിരുന്നു.'' പോണ്ടിംഗ് കൂട്ടിചേര്‍ത്തു.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ 3-1നാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇതോടെ ഇന്ത്യ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനല്‍ കാണാതെ പുറത്താവുകയും ചെയ്തു. ഫൈനലില്‍ കടന്നില്ലെന്ന് മാത്രമല്ല, സീനിയര്‍ താരങ്ങള്‍ വിരമിക്കണമെന്നുള്ള ആവശ്യവും ഉയര്‍ന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!