
മുംബൈ: 2004ല്‍ ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനത്തിലെ മുള്‍ട്ടാന്‍ ടെസ്റ്റ് ആരാധകര്‍ മറക്കാന്‍ ഇടയില്ല. വിരേന്ദര്‍ സെവാഗ് ട്രിപ്പിള്‍ സെഞ്ചുറി (309) നേടിയ മത്സരമായിരുന്നത്. എന്നാല്‍ അതിനേക്കാളേറെ ശ്രദ്ധ പിടിച്ചുപറ്റിയത് മറ്റൊരു സംഭവമായിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ 194ല്‍ നില്‍ക്കെ ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്ത സംഭവമായിരുന്നത്. താല്‍കാലിക ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡാണ് ഇന്നിംഗ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനമെടുത്തത്. പിന്നീട് സച്ചിന്‍ വെളിപ്പെടുത്തുകയുണ്ടായി അന്നത്തെ തീരുമാനത്തില്‍ ഞാന്‍ നിരാശനായിരുന്നുവെന്ന്.
ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം യുവരാജ് സിംഗ്. അന്ന് അവസാനം പുറത്തായ ബാറ്റ്‌സ്മാന്‍ സച്ചിനായിരുന്നു. വേഗത്തില്‍ കളിക്കാനുള്ള നിര്‍ദേശം സച്ചിന് നല്‍കിയിരുന്നുവെന്നാണ് യുവരാജ് പറയുന്നത്. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ വാക്കുകള്‍... ''ഇന്നിംഗ്‌സിനിടെ വേഗത്തില്‍ കളിക്കാന്‍ ഞങ്ങള്‍ക്ക് സന്ദേശം ലഭിച്ചിരുന്നു. മറ്റൊരു ഓവര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ സച്ചിന് ഇരട്ട സെഞ്ചുറി പൂര്‍ത്തിയാക്കാമായിരുന്നു. ഡിക്ലറേഷന് ശേഷം 8-10 ഓവറുകള്‍ പന്തെറിഞ്ഞു. മറ്റൊരു രണ്ട് ഓവറുകള്‍ കൂടുതല്‍ എടുത്തിരുന്നെങ്കില്‍ ഫലത്തില്‍ എന്തെങ്കിലും വ്യത്യാസം ഉണ്ടാവുമായിരുന്നു എന്നെനിക്ക് തോന്നുന്നില്ല.'' യുവരാജ് പറഞ്ഞു.
സംഭവത്തെ കുറിച്ച് സച്ചിന്‍ തന്റെ ആത്മകഥയില്‍ വിശദീകരിച്ചിരുന്നു. അതിങ്ങനെയായിരുന്നു... ''ദ്രാവിഡ് എന്നോട് ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിരുന്നു. ഞാനപ്പോഴും അസ്വസ്ഥനായിരുന്നു. ഞാന്‍ ദ്രാവിഡിനോട് ചോദിച്ചു, എന്തിനായിരുന്നു ആ സമയത്തൊരു ഡിക്ലറേഷനെന്ന്. ഞാന്‍ നന്നായി ബാറ്റ് ചെയ്യുന്നുണ്ടായിരുന്നു. ഞാന്‍ 194 റണ്‍സ് സ്വന്തമാക്കി. അതിന് ടീമിന് ഞാന്‍ നല്‍കിയ വ്യക്തിഗത സംഭാവനയാണ്. അതുകൊണ്ട് ടീമിനാണ് പ്രാധാന്യം എന്ന് പറയുന്നതില്‍ യുക്തിയില്ല.'' സച്ചിന്‍ ആത്മകഥയില്‍ വിശദീകരിച്ചു.
ദ്രാവിഡിന് അദ്ദേഹത്തിന്റേതായ പക്ഷമുണ്ടായിരുന്നു. ഇന്ത്യന്‍ കോച്ച് കൂടിയായ ദ്രാവിഡ് മുള്‍ട്ടാന്‍ ടെസ്റ്റിലെ ഡിക്ലറേഷനെ കുറിച്ച് വിശദീകരിക്കുന്നതിങ്ങനെ... ''മുള്‍ട്ടാന്‍ ടെസ്റ്റിലെ ഡിക്ലറേഷനെ കുറിച്ച് ചോദിക്കുമ്പോഴെല്ലാം എനിക്ക് ഒരു രൂപ കിട്ടിയിരുന്നെങ്കില്‍ ഞാനിപ്പോള്‍ കോടീശ്വരനായേനെ. 16 വര്‍ഷം ഞങ്ങള്‍ ഒരുമിച്ച് കളിച്ചു. അതിനിടയില്‍ യോജിപ്പുകളും വിയോജിപ്പുകളും ഉണ്ടായിട്ടുണ്ട്.'' ഇതായിരുന്നു ദ്രാവിഡിന്റെ പക്ഷം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!