'സിറാജ് പുരോഗതി കൈവരിച്ചതിന്‍റെ ക്രഡിറ്റ് മറ്റൊരാള്‍ക്ക് കൂടിയാണ്'; വ്യക്തമാക്കി മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Aug 21, 2021, 5:03 PM IST
Highlights

ഇന്ത്യക്ക് വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാതെ വന്നോപ്പോഴാണ് അദ്ദേഹത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്.
 

ചെന്നൈ: അടുത്തകാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ പുരോഗതി കൈവരിച്ച താരം മുഹമ്മദ് സിറാജായിരിക്കും. ഇന്ത്യക്ക് വേണ്ടി നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാതെ വന്നോപ്പോഴാണ് അദ്ദേഹത്തെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത്. തുടക്കത്തില്‍ അവസരം ലഭിച്ചില്ലെങ്കിലും പിന്നീട് മുഹമ്മദ് ഷമിക്ക് പരിക്കേറ്റപ്പോള്‍ സിറാജിന് കളിക്കാന്‍ കഴിഞ്ഞു.

മികച്ച പ്രകടനം പുറത്തെടുത്ത സിറാജ് ടെസ്റ്റ് ടീമില്‍ സ്ഥിരം സാന്നിധ്യമായി. ന്യൂസിലന്‍ഡിനെതിരെ ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഇംഗ്ലണ്ടിനെതിരെ രണ്ട് ടെസ്റ്റും കളിച്ചു. ലോര്‍ഡ്‌സ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം സമ്മാനിക്കുന്നതില്‍ താരത്തിന് നിര്‍ണായക പങ്കുണ്ടായിരുന്നു. 

ഇപ്പോള്‍ സിറാജിനുണ്ടായ മാറ്റത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍. സിറാജിന്റെ പുരോഗതിയില്‍ മറ്റൊരാള്‍ക്ക് കൂടി പങ്കുണ്ടെന്നാണ് ശിവരാമകൃഷ്ണന്‍ പറയുന്നത്. ''സിറാജുണ്ടാക്കിയ പുരോഗതി ബൗളിംഗ് പരിശീലകന്‍ ഭരത് അരുണിന് കൂടി അവകാശപ്പെട്ടതാണ്. ഭരത് കുറച്ചുകാലം ഹൈദാരാബാദിന്റെ പരിശീലകനായിരുന്നു. അപ്പോഴാണ് സിറാജിനെ കണ്ടെത്തുന്നത്. ഭരത് അവനെ നേര്‍വഴിക്ക് കൊണ്ടുവന്നു. സിറാജാവട്ടെ പലതും പഠിക്കാനാഗ്രഹിക്കുന്ന താരമായിരുന്നു.

സിറാജ് ഭരതിനെ ഗുരുവായി കാണുകയായിരുന്നു. അദ്ദേഹം എന്ത് ചെയ്യാന്‍ പറഞ്ഞോ, അത് സിറാജ് അനുസരിച്ചു.'' ശിവരാമകൃഷ്ണന്‍ വ്യക്തമാക്കി. ഹിന്ദുസ്ഥാന്‍ ടൈംസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ലോര്‍ഡ്‌സില്‍ എട്ട് വിക്കറ്റുകളാണ് സിറാജ് വീഴ്ത്തിയത്. ഈ പ്രകടനത്തിന്‍ പിന്‍ബലത്തില്‍ ഇന്ത്യന്‍ 151 റണ്‍സിന്റെ ഐതിഹാസിക വിജയം സ്വന്തമാക്കിയിരുന്നു.

click me!