ശുഭ്മാന്‍ ഗില്ലിന്റെ ഫോം, കെ എല്‍ രാഹുല്‍ കരുതിയിരിക്കണം! മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Feb 3, 2023, 4:15 PM IST
Highlights

ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കയറാന്‍ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായ പരമ്പര നേടേണ്ടതുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ.

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഈമാസം ഒമ്പതിന് നാഗപൂരിലാണ് തുടക്കമാകുന്നത്. ഐസിസി ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കയറാന്‍ ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരായ പരമ്പര നേടേണ്ടതുണ്ട്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാമതാണ് ഇന്ത്യ. ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തും. ഓസ്ട്രേലിയക്കെതിരെ ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയില്‍ നാല് ടെസ്റ്റുകളാണ് ഇന്ത്യ കളിക്കുക. 

പരമ്പരയ്ക്ക് മുന്നോടിയായി വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുലിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. കൈഫ് വിശദീകരിക്കുന്നതിങ്ങനെ. ''രാഹുലിന് മേല്‍ സമ്മര്‍ദ്ദമുണ്ടാവുമെന്ന് ഉറപ്പാണ്. എന്നാല്‍ അദ്ദേഹം മികച്ച പ്രകടനത്തോടെ തുടങ്ങുമെന്നാണ് ഞാന്‍ കരുതുന്നത്. പ്രകടനം മോശമായാല്‍ രാഹുലിന്റെ സ്ഥാനം നഷ്ടമാവും. ശുഭ്മാന്‍ ഗില്‍ ഓപ്പണറാവാന് സാധ്യതയേറെയാണ്. രാഹുല് വൈസ് ക്യാപ്റ്റനാണെങ്കില്‍ കൂടി അത് സംഭവിക്കാം.'' കൈഫ് പറഞ്ഞു.

ഇന്ത്യയുടെ പുത്തന്‍ സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്ലിനെ കുറിച്ചും കൈഫ് സംസാരിച്ചു. ''ഗില്‍ ആദ്യ ടെസ്റ്റില്‍ കളിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. കാരണം പരിക്കിനെ തുടര്‍ന്ന് ശ്രേയസ് അയ്യര്‍ക്ക് ആദ്യ കളിക്കില്ല. അഞ്ചാമതോ ആറാമതോ ഗില്‍ കളിച്ചേക്കാം. രാഹുല്‍- രോഹിത് സഖ്യം ഓപ്പണ്‍ ചെയ്യും.പിന്നാലെ ചേതേശ്വര്‍ പൂജാരയും വിരാട് കോലിയും. ശ്രേയസിന്റെ അഭാവത്തില്‍ ഗില്‍ കളിക്കുമെന്നുറപ്പാണ്. കാരണം അത്രയും മികച്ച ഫോമിലാണ് ഗില്‍ കളിക്കുന്നത്. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റിലും ഫോമിലാണെന്ന് ഗില്‍ തെളിയിച്ചു. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പരയില്‍ ഗില്‍ കന്നി സെഞ്ചുറി നേടിയിരുന്നുവെന്നും ഓര്‍ക്കേണ്ടതുണ്ട്.'' കൈഫ് പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ രണ്ട് ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്, ഇഷാന്‍ കിഷന്‍, ആര്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്ഖട്, സൂര്യകുമാര്‍ യാദവ്.

2007 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച 'സര്‍പ്രൈസ് ഹീറോ' ജൊഗീന്ദര്‍ ശര്‍മ്മ വിരമിച്ചു

click me!