
ദില്ലി: ഫോം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന കെ എല്‍ രാഹുലിന് പിന്തുണയുമായി മുന്‍താരം ഗൗതം ഗംഭീര്‍ രംഗത്ത്. ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫി പരമ്പരയില്‍ ആദ്യരണ്ട് ടെസ്റ്റിലെ നാല് ഇന്നിംഗ്‌സില്‍ നിന്ന് കെ എല്‍ രാഹുല്‍ നേടിയത് 38 റണ്‍സ് മാത്രം. ഇതോടെ മുന്‍താരം വെങ്കടേഷ് പ്രസാദ് അടക്കമുള്ളവര്‍ രാഹുലിനെ ടീമില്‍ നിന്ന് മാറ്റണമെന്ന ആവശ്യവുമായി രംഗത്തെത്തി. കളിമികവിലല്ല, മറ്റ് സ്വാധീനങ്ങള്‍കൊണ്ടാണ് രാഹുല്‍ ടീമില്‍ തുടരുന്നതെന്നാണ് പ്രസാദിന്റെ ആരോപണം. രാഹുല്‍ തുടരുന്നതിലൂടെ ഫോമിലുള്ള ശുഭ്മാന്‍ ഗില്‍, സര്‍ഫ്രാസ് ഖാന്‍ തുടങ്ങിയവരുടെ അവസരം നഷ്ടപ്പെടുത്തുകയാണെന്നും പ്രസാദ് കുറ്റപ്പെടുത്തുന്നു.
എന്നാല്‍ രാഹുലിന് പൂര്‍ണ പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. രാഹുലിനെ വിമര്‍ശിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വെല്ലുവിളികളെക്കുറിച്ച് അറിയില്ലെന്നാണ് ഗംഭീര്‍ പറയുന്നത്. ''ഏതൊരു താരവും നന്നായി കളിക്കുമ്പോള്‍ മാത്രമല്ല, മോശം ഫോമില്‍ കളിക്കുമ്പോഴും പിന്തുണ നല്‍കണം. ഒരുബാറ്റര്‍ക്ക് എല്ലാകളിയിലും ഒരുപോലെ റണ്‍സ് നേടാന്‍ കഴിയില്ല. ഇത് ക്രിക്കറ്റിന്റെ ഭാഗമാണ്. കരിയറില്‍ ഓരോതാരവും മോശം കാലത്തിലൂടെ കടന്നുപോകും. രാഹുലിനെ വിമര്‍ശിക്കുന്നവര്‍ക്ക് അന്താരാഷ്ട്ര ക്രിക്കറ്റിന്റെ വെല്ലുവിളികളെക്കുറിച്ച് അറിയില്ല.'' ഗംഭീര്‍ പറഞ്ഞു. ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ നായകനായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ ഉപദേഷ്ടാവാണ് ഗംഭീര്‍.
നേരത്തെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗും രാഹുലിനെ പിന്തുണച്ചെത്തിയിരുന്നു. പ്രസാദിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചാണ് ഹര്‍ഭജന്‍ രംഗത്തെത്തിയത്. ഒരു കളിക്കാരന്റെ പ്രകടനത്തെക്കുറിച്ച് അഭിപ്രായം പറയുന്നതില്‍ തെറ്റില്ല, പക്ഷെ അയാള്‍ മോശം ഫോമിലായിരിക്കുമ്പോള്‍ അയാളെ കീറിമുറിക്കുന്ന പ്രവണത ശരിയല്ലെന്ന് ഹര്‍ഭജന്‍ യുട്യൂബ് വീഡിയോയില്‍ പറഞ്ഞു. ഏതെങ്കിലും കളിക്കാരന്‍ മോശം പ്രകടനം നടത്തിയാല്‍ അതില്‍ ആദ്യം അപമാനം തോന്നുക അയാള്‍ക്ക് തന്നെയും പിന്നെ അയാളുടെ കുടുംബത്തിനുമാണ്. നമ്മുടെയെല്ലാം പ്രിയപ്പെട്ട താരങ്ങളാണ് ഇവരെല്ലാം. അതുകൊണ്ട് തന്നെ അവര്‍ മോശം പ്രകടനം നടത്തുമ്പോള്‍ ദേഷ്യം വരിക സ്വാഭാവികമാണ്. എന്നാല്‍ വിമര്‍ശനങ്ങള്‍ പരിധി വിടരുത്. അത് കളിക്കാരന്റെ മാനസികാവസ്ഥയെ വരെ ബാധിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!