ഞാനാണ് സെലക്ഷന്‍ കമ്മിറ്റിയിലെങ്കില്‍ ധവാനെ ടി20 ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തില്ല; പറയുന്നത് മുന്‍ സെലക്റ്റര്‍

By Web TeamFirst Published Jan 6, 2020, 12:17 PM IST
Highlights

എന്നാല്‍ മുന്‍ സെലക്റ്ററും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനുമായിരുന്ന കെ ശ്രീകാന്ത് പറയുന്നത് ധവാനെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തരുതെന്നാണ്.

ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഓപ്പണിങ് സ്ഥാനത്തിന് വേണ്ടി കടുത്ത മത്സരമാണ് നടക്കുന്നത്. രോഹിത് ശര്‍മ ഒരറ്റത്ത് സ്ഥാനമുറപ്പിച്ചിട്ടുണ്ട്. എന്നാല്‍ രോഹിത്തിനൊപ്പം ആര് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുമെന്നുള്ള കാര്യത്തില്‍ കെ എല്‍ രാഹുലും ശിഖര്‍ ധവാനും കടുത്ത മത്സരത്തിലാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ ധവാന്‍ പരിക്കേറ്റ് പുറത്തായപ്പോള്‍ രാഹുലാണ് ഓപ്പണ്‍ ചെയ്തത്. സാമാന്യം മികച്ച രീതിയില്‍ കളിക്കുകയായും ചെയ്തു. അടുത്തകാലത്തായി തകര്‍പ്പന്‍ ഫോമിലാണ് രാഹുല്‍. ടി20 ലോകകപ്പ് അടുത്തുനില്‍ക്കെ ആരെ ടീമില്‍ ഉള്‍പ്പെടുത്തുമെന്നുള്ള കാര്യത്തില്‍ ആശയകുഴപ്പമുണ്ടാകും. 

എന്നാല്‍ മുന്‍ സെലക്റ്ററും ഇന്ത്യയുടെ ഓപ്പണിങ് ബാറ്റ്‌സ്മാനുമായിരുന്ന കെ ശ്രീകാന്ത് പറയുന്നത് ധവാനെ ടി20 ലോകകപ്പില്‍ ഉള്‍പ്പെടുത്തരുതെന്നാണ്. അദ്ദേഹം പറയുന്നതിങ്ങനെ... ''ഞാനാണ് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനെങ്കില്‍ ധവാനെ ടി20 ലോകകപ്പിനുള്ള ടീമില്‍ ഉള്‍പ്പെടുത്തില്ല. രാഹുലിന് അവസരം നല്‍കും. അവര്‍ തമ്മില്‍ ഒരു മത്സരവുമില്ല. ഈയിടെ രാഹുല്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നു. രോഹിത് ശര്‍മയ്‌ക്കൊപ്പം ശരിയായ കൂട്ടുകെട്ടുണ്ടാക്കാന്‍ രാഹുലിന് സാധിക്കുന്നുണ്ട്.'' ശ്രീകാന്ത് പറഞ്ഞു. 

പരിക്കിന് ശേഷമാണ് ധവാന്‍ ടീമിലേക്ക് തിരിച്ചെത്തുന്നത്. 2020 പുതിയ തുടക്കമാണ് ലക്ഷ്യമിടുന്നതെന്ന് ധവാന്‍ ഇന്നലെ പറഞ്ഞു. പരിക്ക് സാധാരണമാണെന്നും എന്നാല്‍ ഈ വര്‍ഷം കൂടുതല്‍ റണ്‍സ് നേടനാണ് ശ്രമിക്കുന്നതെന്നും ധവാന്‍ കൂട്ടിച്ചേര്‍ത്തു.

ടി20 അത്ര നല്ലകാലമല്ല ധവാന്. കഴിഞ്ഞ 12 മത്സരങ്ങളില്‍ നിന്ന് 110.56 സ്‌ട്രൈക്ക് റേറ്റില്‍ 272 റണ്‍സ് മാത്രമാണ് താരം നേടിയത്. രാഹുലാവട്ടെ ഒമ്പത് ഇന്നിങ്‌സില്‍ നിന്ന് 356 റണ്‍സ് നേടി.അതും 142.40 സ്‌ട്രൈക്ക് റേറ്റില്‍.

click me!