അന്ന് കളിപ്പിക്കുമോ എന്ന ചോദ്യത്തിന് പരിഹാസച്ചിരി, ഇന്നലെ സഞ്ജുവിന് സൂര്യയുടെ വീരവണക്കം; മധുരപ്രതികാരമെന്ന് ആരാധകര്‍

Published : Mar 02, 2026, 10:29 AM ISTUpdated : Mar 02, 2026, 10:41 AM IST
Sanju Samson-Suryakumar Yadav

Synopsis

നമീബിയക്കെതിരെ അഭിഷേക് ശര്‍മ അസുഖബാധിതനായി മാറി നിന്ന മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് ഓപ്പണറായി അവസരം ലഭിച്ചത്. 8 പന്തില്‍ 24 റണ്‍സെടുത്ത് മിന്നുന്ന തുടക്കം നല്‍കിയെങ്കിലും പിന്നീട് സഞ്ജുവിന് അവസരം ലഭിച്ചില്ല.

കൊല്‍ക്കത്ത: ടി20 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ നാലു കളികളിലും ജയിച്ച് ഇന്ത്യ സൂപ്പര്‍ 8ലെത്തിയപ്പോള്‍ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലായിരുന്നു സൂര്യകുമാര്‍ യാദവും ടീം മാനേജ്മെന്‍റും. ലോകകപ്പിന് തൊട്ടു മുമ്പ് നടന്ന ന്യൂസിലന്‍ഡിനെതരായ ടി20 പരമ്പരയില്‍ അഞ്ച് കളികളില്‍ നിന്ന് 46 റണ്‍സ് മാത്രമെടുത്ത് നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തിരുത്തിയാണ് ഇന്ത്യ ഗ്രൂപ്പ് പോരാട്ടങ്ങള്‍ കളിച്ചത്.

നമീബിയക്കെതിരെ അഭിഷേക് ശര്‍മ അസുഖബാധിതനായി മാറി നിന്ന മത്സരത്തില്‍ മാത്രമാണ് സഞ്ജുവിന് ഓപ്പണറായി അവസരം ലഭിച്ചത്. 8 പന്തില്‍ 24 റണ്‍സെടുത്ത് മിന്നുന്ന തുടക്കം നല്‍കിയെങ്കിലും പിന്നീട് സഞ്ജുവിന് അവസരം ലഭിച്ചില്ല. അഭിഷേക് ശര്‍മ തുടര്‍ച്ചയായി മൂന്ന് ഡക്കായിട്ടും ഇടം കൈയന്‍ ഓപ്പണര്‍മാരായ അഭിഷേകിനെയും ഇഷാന്‍ കിഷനെയും എതിരാളികള്‍ ഓഫ് സ്പിന്നര്‍മാരെ ഉപയോഗിച്ച് തന്ത്രപരമായി പൂട്ടിയിട്ടും വലം കൈയനായ സഞ്ജുവിനെ പരീക്ഷിക്കാനോ മാറിച്ചിന്തിക്കാനോ സൂര്യയും ടീം മാനേജ്മെന്‍റും തയാറായില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ സൂപ്പര്‍ 8 പോരിന് തൊട്ടു മുമ്പ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ ഓഫ് സ്പിന്‍ കെണിയെക്കുറിച്ച് ക്യാപ്റ്റൻ സൂര്യകുമാറിനോട് ചോദിച്ചിരുന്നു. ഇടം കൈയന്‍മാരായ അഭിഷേകും കിഷനും മൂന്നാം നമ്പറില്‍ തിലകും വരുന്ന ബാറ്റിംഗ് നിരയില്‍ അഴിച്ചുപണിയുണ്ടാകുമോ, വലം കൈയനായ സഞ്ജുവിനെ ദക്ഷിണാഫ്രിക്കക്കെതിരെ ഓപ്പണറായോ മൂന്നാം നമ്പറിലോ കളിപ്പിക്കുമോ എന്നതായിരുന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചത്. എന്നാല്‍ അതിന് പരിഹാസച്ചുവയുള്ള മറുപടിയായിരുന്നു ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് നല്‍കിയത്. അഭിഷേകിനെയോ തിലകിനെയോ ഒഴിവാക്കി സഞ്ജുവിനെ കളിപ്പിക്കണമെന്നാണോ നിങ്ങള്‍ പറയുന്നത് എന്ന് പറഞ്ഞായിരുന്നു സൂര്യ ആ ചിരി ചിരിച്ചത്.

 

എന്നാല്‍ സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടേറ്റ 76 റണ്‍സിന്‍റെ കനത്ത തോല്‍വി ടീം ഇന്ത്യയെ ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ നിന്ന് വലിച്ച് താഴെയിറക്കി. സെമി സാധ്യതകള്‍ പോലും ത്രിശങ്കുവിലായതോടെ മറ്റ് മാര്‍ഗങ്ങളില്ലാതെ ഇന്ത്യ ഒടുവില്‍ വലം കൈ-ഇടം കൈ ഓപ്പണിംഗ് പരീക്ഷണത്തിന് തയാറായി. സിംബാബ്‌വെക്കെതിരെ സഞ്ജു അഭിഷേക് ശര്‍മക്കൊപ്പം വീണ്ടും ക്രീസിലിറങ്ങി. ഒപ്പം വിക്കറ്റ് കീപ്പര്‍ സ്ഥാനവും സഞ്ജുവിന് തിരികെ നല്‍കി. ഫോമിലല്ലാത്ത അഭിഷേകിന് നിലയുറപ്പിക്കാന്‍ സമയം നല്‍കി 15 പന്തില്‍ 24 റണ്‍സെടുത്ത് പവര്‍ പ്ലേയില്‍ മികച്ച തുടക്കമിട്ട സഞ്ജുവിന്‍റെ ഇന്നിംഗ്സിനെ മത്സരശേഷം കോച്ചും ക്യാപ്റ്റനും പ്രകീര്‍ത്തിച്ചു. നല്ല തുടക്കം കിട്ടിയിട്ടും അത് ഒരിക്കല്‍ കൂടി നഷ്ടമാക്കിയതില്‍ പലരും സഞ്ജുവിനെ വിമര്‍ശിച്ചപ്പോഴും സഞ്ജുവിന്‍റെ ഇന്നിംഗ്സിന്‍റെ ഇംപാക്ട് കോച്ച് ഗൗതം ഗംഭീര്‍ എടുത്തുപറഞ്ഞു.

 

ഒടുവില്‍ വിന്‍ഡീസിനെതിരായ ജീവന്‍മരണപ്പോരില്‍ ഓപ്പണര്‍ സ്ഥാനത്ത് ആയുസുനീട്ടിക്കിട്ടിയ സഞ്ജു ടീമിന്‍റെ രക്ഷകനായി. അഭിഷേകിനും ഇഷാനും സൂര്യക്കുമെല്ലാം നിര്‍ണായക മത്സരത്തില്‍ അടിപതറിയപ്പോള്‍ 140 കോടി ജനങ്ങളുടെ പ്രതീക്ഷയായി ഈഡനില്‍ സഞ്ജു ഉദിച്ചുയര്‍ന്നു. ദിവസങ്ങള്‍ക്ക് മുമ്പ് അഭിഷേകിനും തിലകിനും പകരം സഞ്ജുവിനെ കളിപ്പിക്കണോ എന്ന് പരിഹാസത്തോടെ ചോദിച്ച സൂര്യകുമാര്‍ ജയിപ്പിച്ചു കയറിവരുന്ന സഞ്ജുവിനെ വീരവണക്കം നല്‍കിയാണ് സ്വീകരിച്ചത്. അത് ഇതുവരെ അവഗണിച്ചവരോടുള്ള സഞ്ജുവിന്‍റെ മധുരപ്രതികാരം കൂടിയായെന്നാണ് ആരാധകര്‍ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ടോസ് ഭാഗ്യം മുതൽ സഞ്ജുവിന്‍റെ മാസ്റ്റർ ക്ലാസ് വരെ, ഈഡനില്‍ ഇന്ത്യ വിൻഡീസിനെ വീഴ്ത്തിയത് ഇങ്ങനെ
സച്ചിന്‍, മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ബേസില്‍, 'സഞ്ജു സ്പെഷ്യൽ സാംസണെ' വാഴ്ത്തിപ്പാടി സൂപ്പര്‍താരനിര