
സില്‍ഹെറ്റ്: പുരുഷന്‍മാര്‍ മുട്ടുമടക്കിയ ഏഷ്യാ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യന്‍ വനിതാ ടീമിന്‍റെ നിശ്ചയദാര്‍ഢ്യത്തിന് മുന്നില്‍ കീഴടങ്ങിയിരിക്കുന്നു. ഫൈനലില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഹര്‍മന്‍പ്രീത് കൗറും സംഘവും ഏഷ്യയുടെ ചാമ്പ്യന്‍മാരായത്. കിരീടമുയര്‍ത്തിയ ഇന്ത്യന്‍ വനിതകളെ പ്രശംസകൊണ്ട് മൂടുകയാണ് മുന്‍താരങ്ങളും ആരാധകരും.
സില്‍ഹെറ്റിലെ കലാശപ്പോരില്‍ ശ്രീലങ്കയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് ഇന്ത്യന്‍ വനിതകള്‍ കിരീടം ഉയര്‍ത്തുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത ലങ്ക 20 ഓവറില്‍ 9 വിക്കറ്റിന് 65 റണ്‍സ് മാത്രം നേടിയപ്പോള്‍ മറുപടി ബാറ്റിംഗില്‍ 8.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഇന്ത്യ ജയത്തിലെത്തി. സ്കോര്‍ ലങ്ക: 65/9 (20), ഇന്ത്യ: 71/2 (8.3).
സമീപകാലത്തെ മിന്നും ഫോം തുടരുന്ന രേണുക സിംഗ് മൂന്ന് ഓവറില്‍ 5 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് പേരെ പുറത്താക്കിയതാണ് ലങ്കയെ വിറപ്പിച്ചത്. രാജേശ്വരി ഗെയ്‌ക്‌വാദ് 16 റണ്‍സിന് രണ്ടും സ്‌നേഹ് റാണ 13 റണ്‍സിന് രണ്ടും വിക്കറ്റ് സ്വന്തമാക്കി. കഴിഞ്ഞ മത്സരങ്ങളില്‍ തിളങ്ങിയ ദീപ്‌തി ശര്‍മ്മ നാല് ഓവറില്‍ 7 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. ഹേമലത 3 ഓവറില്‍ 8ഉം ഷെഫാലി വര്‍മ്മ 2 ഓവറില്‍ 16ഉം റണ്‍സാണ് കൊടുത്തത്. ഇന്ത്യന്‍ ബൗളര്‍മാര്‍ കൊടുങ്കാറ്റായതോടെ ലങ്കന്‍ നിരയില്‍ ഒഷഡി രണസിംഗെ(20 പന്തില്‍ 13), ഇനോക രണവീര(22 പന്തില്‍ 18) എന്നിവര്‍ മാത്രമാണ് രണ്ടക്കം കണ്ടത്.
മറുപടി ബാറ്റിംഗില്‍ ഷെഫാലി വര്‍മ്മ 8 പന്തില്‍ 5 റണ്‍സുമായും ജെമീമ റോഡ്രിഗസ് 4 പന്തില്‍ 2 റണ്‍സെടുത്തും പുറത്തായത് മാത്രമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ സ്‌മൃതി മന്ഥാനയും(25 പന്തില്‍ 51*), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറും(14 പന്തില്‍ 11*) ഇന്ത്യ 8.3 ഓവറില്‍ ജയിപ്പിക്കുകയായിരുന്നു.