'വെറും ഏഴ് മിനിറ്റില്‍ ഞാന്‍ ഇന്ത്യന്‍ കോച്ചായി നിയമിതനായി': ഗാരി കിര്‍സ്റ്റന്‍

By Web TeamFirst Published Jun 15, 2020, 9:49 PM IST
Highlights

ഇന്‍റര്‍വ്യൂ ബോര്‍ഡിന് മുന്നിലും ആകെ പരുങ്ങിയാണ് ഞാന്‍ ഇരുന്നത്. കാരണം യാതൊരു തയാറെടുപ്പുമില്ലാതെയാണ് ഞാനവിടെ എത്തിയത്. ആകെ അസ്വസ്ഥനായി അവിടെ ഇരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്കായി നിങ്ങളുടെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് ബിസിസിഐ സെക്രട്ടറി ചോദിച്ചത്.

ജൊഹാനസ്ബര്‍ഗ്: 28 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം 2011ല്‍ ഇന്ത്യക്ക് ഏകദിന ലോകകപ്പ് സമ്മാനിച്ച പരിശീലകനാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ താരം കൂടിയായ ഗാരി കിര്‍സ്റ്റന്‍. പരിശീലകനെന്ന നിലയില്‍ മുന്‍പരിചയങ്ങളൊന്നും ഇല്ലാതിരുന്നിട്ടും ധോണിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീമിനെ ലോകത്തിന്റെ നെറുകയിലെത്തിക്കാന്‍ കിര്‍സ്റ്റനായി.


ടെസ്റ്റ് റാങ്കിംഗില്‍ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയതും കിര്‍സ്റ്റന്‍ പരിശീലകനായിരുന്ന കാലത്താണ്. എന്നാല്‍ ഇന്ത്യന്‍ പരിശീലകനായത് വെറും ഏഴ് മിനിറ്റുകൊണ്ടാണെന്ന് തുറന്നു പറയുകയാണ് ഗാരി കിര്‍സ്റ്റനിപ്പോള്‍. ക്രിക്കറ്റ് കളക്ടീവ് പോഡ്‌കാസ്റ്റിലാണ് എങ്ങനെയാണ് വെറും ഏഴ് മിനിറ്റുകൊണ്ട് ഇന്ത്യന്‍ പരിശീലകനായതെന്ന് കിര്‍സ്റ്റന്‍ വ്യക്തമാക്കിയത്.

2007ലെ ഏകദിന ലോകകപ്പിലെ ആദ്യ റൗണ്ടില്‍ ഇന്ത്യ തോറ്റ് പുറത്തായതിന് പിന്നാലെ ഓസ്ട്രേലിയന്‍ പരിശീലകന്‍ ഗ്രെഗ് ചാപ്പലുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് ബിസിസിഐ തീരുമാനിച്ചു. പിന്നാലെ പുതിയ പരിശീലകനായുള്ള അപേക്ഷയും ക്ഷണിച്ചു. എന്നാല്‍ ഇതൊന്നും താന്‍ ശ്രദ്ധിച്ചിരുന്നില്ലെന്ന് കിര്‍സ്റ്റന്‍ പറഞ്ഞു. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന സുനില്‍ ഗവാസ്കറാണ് എനിക്ക് ഇന്ത്യന്‍ പരിശീലക സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ താല്‍പര്യമുണ്ടോ എന്ന് ചോദിച്ച് ആദ്യം ഇ-മെയിലയച്ചത്.


ശരിക്കും ഗവാസ്കര്‍ തന്നെയാണ് ആ മെയില്‍ അയച്ചതെന്ന് ആദ്യം ഞാന്‍ വിശ്വിസിച്ചില്ല. അതുകൊണ്ടുതന്നെ പ്രതികരിക്കാനും പോയില്ല. എന്നാല്‍ അഭിമുഖത്തിന് വരാന്‍ തയാറാണോ എന്ന് ചോദിച്ച് വീണ്ടും ഗവാസ്കറുടെ മെയില്‍ വന്നു. അപ്പോള്‍ ഞാന്‍ അത് ഭാര്യയെ കാണിച്ചു, അവള്‍ പറഞ്ഞത് അത് വേറെ ആര്‍ക്കെങ്കിലും അയച്ചത് മാറിപ്പോയതായിരിക്കും എന്നാണ്. പിന്നീടാണ് എനിക്ക് മനസിലായത് അത് ശരിക്കും ഗവാസ്കറായിരുന്നു എന്ന്.

പരിശീലകനെന്ന നിലയില്‍ യാതൊരു മുന്‍ പരിചയവുമില്ലെങ്കിലും ഒരു കൈ നോക്കാമെന്ന് കരുതി ഇന്ത്യയിലെത്തി. അഭിമുഖത്തിനായി ബിസിസിഐ ആസ്ഥാനത്ത് എത്തിയപ്പോള്‍ അവിടെ അപ്പോഴത്തെ ക്യാപ്റ്റനായിരുന്ന അനില്‍ കുംബ്ലെയെ കണ്ടു. എന്താ, ഇവിടെ എന്ന് കുംബ്ലെ ചോദിച്ചു. താങ്കളെയും ടീമിനെയും പരിശീലിപ്പിക്കാന്‍ വന്നതാണ് എന്ന് പറഞ്ഞു. അത് കേട്ട് കുംബ്ലെയും ഞാനും പൊട്ടിച്ചിരിച്ചു.


ഇന്‍റര്‍വ്യൂ ബോര്‍ഡിന് മുന്നിലും ആകെ പരുങ്ങിയാണ് ഞാന്‍ ഇരുന്നത്. കാരണം യാതൊരു തയാറെടുപ്പുമില്ലാതെയാണ് ഞാനവിടെ എത്തിയത്. ആകെ അസ്വസ്ഥനായി അവിടെ ഇരിക്കുന്നതിനിടെയാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവിക്കായി നിങ്ങളുടെ പദ്ധതികള്‍ എന്തൊക്കെയാണെന്ന് ബിസിസിഐ സെക്രട്ടറി ചോദിച്ചത്. . ഞാന്‍ പറഞ്ഞു, എന്റെ കൈയില്‍ ഒന്നുമില്ലെന്ന്, കാരണം എന്നോട് ആരും അങ്ങനെയൊന്നും തയാറാക്കി കൊണ്ടുവരാന്‍ പറഞ്ഞിരുന്നില്ല. അതുകൊണ്ടുതന്നെ വെറുംകൈയോടെയാണ് വന്നത്.

ഇന്‍റവ്യൂ പാനലിലുണ്ടായിരുന്ന ഇപ്പോഴത്തെ ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രിയാണ് ആ സാഹചര്യത്തെ അല്‍പമെങ്കിലും ലഘൂകരിച്ചത്. ശാസ്ത്രി എന്നോട് ചോദിച്ചു, ഗാരി, ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ എന്തൊക്കെ പദ്ധതികളാണ് നിങ്ങള്‍ ആസൂത്രണം ചെയ്യാറുള്ളതെന്ന്. അതിനെക്കുറിച്ച് എനിക്ക് പറയാനാവും. രണ്ടോ മൂന്നോ മിനിറ്റ് കൊണ്ട് ഞാനത് പറഞ്ഞു.


അത് കേട്ട് ശാസ്ത്രിക്ക് മതിപ്പ് തോന്നി. അതുപോലെ മറ്റ് ബോര്‍ഡ് അംഗങ്ങള്‍ക്കും. അപ്പോള്‍ തന്നെ ഇന്ത്യന്‍ കോച്ചായി നിയമിച്ചുകൊണ്ടുള്ള കരാര്‍ സെക്രട്ടറി എനിക്ക് കൈമാറി. കരാറില്‍ എന്റെ പേര് എഴുതിയത് കാണാനായി ഞാന്‍ ആദ്യ പേജ് തുറന്നുനോക്കിയപ്പോള്‍ അതില്‍ ഗ്രെഗ് ചാപ്പലിന്റെ പേരായിരുന്നു. ആ കരാര്‍ തിരിച്ചു കൊടുത്തിട്ട് ഞാന്‍ പറഞ്ഞു, ഇത് നിങ്ങളുടെ മുന്‍ പരിശീലകന്റെ കരാറാണെന്ന്.

അപ്പോള്‍ തന്നെ കരാര്‍ തിരികെ വാങ്ങി, ചാപ്പലിന്റെ പേര് ഒരു പേന കൊണ്ട് വെട്ടി അതിന് മുകളില്‍ എന്റെ പേരെഴുതി കരാര്‍ തിരികെ തന്നു. എല്ലാം കൂടി വെറും ഏഴ് മിനിറ്റാണ് എടുത്തത്. അങ്ങനെ വെറും ഏഴ് മിനിറ്റ് കൊണ്ട് ഞാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനുമായി-കിര്‍സ്റ്റന്‍ പറഞ്ഞു.

click me!