
ദില്ലി: ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന്‍റെ രണ്ടാം എഡിഷനില്‍ കളിക്കുമെന്ന് സ്ഥിരീകരിച്ച് ഇന്ത്യന്‍ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍. ഇന്ത്യയുടെ രണ്ട് ലോകകപ്പ് നേട്ടങ്ങളില്‍(2007 ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്) നിര്‍ണായക പങ്ക് വഹിച്ച താരമാണ് ഗംഭീര്‍.
'സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റില്‍ കളിക്കുമെന്ന കാര്യം അറിയിക്കുകയാണ്. വീണ്ടും മൈതാനത്ത് എത്തുന്നതിന്‍റെ ആകാംക്ഷയുണ്ട്. ഇതിഹാസ താരങ്ങള്‍ക്കും കളിക്കാനാകുന്നത് വലിയ അഭിമാനവും സന്തോഷവുമാണ്' എന്നും ഗൗതം ഗംഭീര്‍ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ഗംഭീറിന്‍റെ വരവ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് സഹസ്ഥാപകനും സിഇഒയുമായ രമന്‍ രഹീജ സ്വാഗതം ചെയ്തു. 2011 ഏകദിന ലോകകപ്പിലെ ഗംഭീറിന്‍റെ മാച്ച് വിന്നിംഗ് 97 റണ്‍സ് ആര്‍ക്കാണ് മറക്കാനാവുക. അതേ ത്രില്ലര്‍ പ്രകടനം വീണ്ടും ഗംഭീറില്‍ നിന്ന് പ്രതീക്ഷിക്കുന്നതായും രഹീജ വ്യക്തമാക്കി.
ടീം ഇന്ത്യയെ 58 ടെസ്റ്റുകളിലും 147 ഏകദിനങ്ങളിലും 37 ടി20കളിലും പ്രതിനിധീകരിച്ചിട്ടുണ്ട് ഗൗതം ഗംഭീര്‍. ടെസ്റ്റില്‍ 4154ഉം ഏകദിനത്തില്‍ 5238ഉം രാജ്യാന്തര ടി20യില്‍ 932ഉം റണ്‍സ് നേടി. 2011ല്‍ ഏകദിന ലോകകപ്പ് ഇന്ത്യ ഉയര്‍ത്തിയപ്പോള്‍ ഗംഭീറിന്‍റെ 97 റണ്‍സായിരുന്നു നിര്‍ണായകം. ഐപിഎല്ലില്‍ 154 മത്സരങ്ങളില്‍ 4218 റണ്‍സും ഗംഭീര്‍ പേരിലാക്കി. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 2012ലും 2014ലും കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു.
ഇത് ഇതിഹാസപ്പോരാട്ടം തന്നെ
ഏറെ സവിശേഷതകളോടെയാണ് ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റിന് ഇക്കുറി ഇന്ത്യ വേദിയാവുന്നത്. സെപ്റ്റംബര്‍ 16-ാം തിയതി കൊല്‍ക്കത്തയിലെ വിഖ്യത ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ-വേള്‍ഡ് പ്രത്യേക മത്സരത്തോടെയാണ് രണ്ടാം എഡിഷന് തുടക്കമാകുന്നത്. 75-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായുള്ള പ്രദർശന മത്സരമാണിത്. മത്സരത്തില്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ഇന്ത്യന്‍ മഹാരാജാസിനെയും ഇംഗ്ലണ്ട് മുന്‍ നായകന്‍ ഓയിന്‍ മോര്‍ഗന്‍ വേള്‍ഡ് ജയന്‍റ്‌സിനേയും നയിക്കും. ഇതിഹാസ താരങ്ങളുടെ വമ്പന്‍ നിര ഇരു ടീമിലുമായി അണിനിരക്കും.
ഗാംഗുലിയുടെ ഇന്ത്യന്‍ ടീമില്‍ വീരേന്ദര്‍ സെവാഗ്, മുഹമ്മദ് കൈഫ്, യൂസഫ് പത്താന്‍, സുബ്രമണ്യന്‍ ബദ്രിനാഥ്, ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥീവ് പട്ടേല്‍(വിക്കറ്റ് കീപ്പര്‍), സ്റ്റുവര്‍ട്ട് ബിന്നി, എസ് ശ്രീശാന്ത്, ഹര്‍ഭജന്‍ സിംഗ്, നമാന്‍ ഓജ(വിക്കറ്റ് കീപ്പര്‍), അശോക് ദിണ്ഡെ, പ്രഗ്യാന്‍ ഓജ, അജയ് ജഡേജ, ആര്‍പി സിംഗ്, ജൊഗീന്ദര്‍ ശര്‍മ്മ, രതീന്ദര്‍ സിംഗ് സോഥി എന്നിവരാണുള്ളത്. അതേസമയം ഓയിന്‍ മോര്‍ഗന്‍റെ ലോക ടീമില്‍ ലെന്‍ഡി സിമ്മന്‍സ്, ഹെര്‍ഷേല്‍ ഗിബ്‌സ്, ജാക്ക് കാലിസ്, സനത് ജയസൂര്യ, മാറ്റ് പ്രയര്‍(വിക്കറ്റ് കീപ്പര്‍), നേഥന്‍ മക്കല്ലം, ജോണ്ടി റോഡ്‌സ്, മുത്തയ്യ മുരളീധരന്‍, ഡെയ്‌ല്‍ സ്റ്റെയ്‌ന്‍, ഹാമില്‍ട്ടണ്‍ മസാക്കഡ്‌സ, മഷ്‌റഫെ മൊര്‍ത്താസ, അസ്‌ഗര്‍ അഫ്‌ഗാന്‍, മിച്ചല്‍ ജോണ്‍സണ്‍, ബ്രെറ്റ് ലീ, കെവിന്‍ ഒബ്രൈന്‍, ദിനേശ് രാംദിന്‍(വിക്കറ്റ് കീപ്പര്‍) എന്നിവരിറങ്ങും. ഇരു സ്‌ക്വാഡിലേക്കും കൂടുതല്‍ താരങ്ങളെ ചേര്‍ക്കാനും സാധ്യതയുണ്ട്.
തൊട്ടടുത്ത ദിവസം സെപ്റ്റംബര്‍ 17ന് ആരംഭിക്കുന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരങ്ങള്‍ ഒക്‌ടോബര്‍ എട്ട് വരെ നീണ്ടുനില്‍ക്കും. ആറ് നഗരങ്ങളിലായി 22 ദിവസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്‍റില്‍ ആകെ 15 മത്സരങ്ങളാണുള്ളത്.