അശ്വിനോട് ചെയ്തത് അനീതി; തുറന്നടിച്ച് ഗവാസ്കര്‍

By Web TeamFirst Published Oct 4, 2019, 7:00 PM IST
Highlights

ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ നേഥന്‍ ലിയോണുമായും ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ മോയിന്‍ അലിയുമായും എപ്പോഴും അശ്വിനെ താരതമ്യം ചെയ്യാറുണ്ട്. അവര്‍ വിക്കറ്റെടുക്കുന്ന പിച്ചില്‍ അശ്വിന് തിളങ്ങാന്‍ കഴിയുന്നില്ലെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്.

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടെസ്റ്റില്‍ അഞ്ച് വിക്കറ്റുമായി അശ്വിന്‍ തിളങ്ങിയതിന് പിന്നാലെ വിദേശത്തെ ടെസ്റ്റുകളില്‍ നിന്ന് അശ്വിനെ ഒഴിവാക്കിയതിനെതിരെ തുറന്നടിച്ച് ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. വിദേശപിച്ചുകളില്‍ കളിക്കുമ്പോള്‍ ആ ടീമുകളുടെ സ്പിന്നര്‍മാരുമായി താരതമ്യം ചെയ്യപ്പെടുന്ന അശ്വിന്‍ താരതമ്യങ്ങളുടെ ഇരയാണെന്നും ഗവാസ്കര്‍ പറഞ്ഞു.

ഓസ്ട്രേലിയയില്‍ കളിക്കുമ്പോള്‍ നേഥന്‍ ലിയോണുമായും ഇംഗ്ലണ്ടില്‍ കളിക്കുമ്പോള്‍ മോയിന്‍ അലിയുമായും എപ്പോഴും അശ്വിനെ താരതമ്യം ചെയ്യാറുണ്ട്. അവര്‍ വിക്കറ്റെടുക്കുന്ന പിച്ചില്‍ അശ്വിന് തിളങ്ങാന്‍ കഴിയുന്നില്ലെന്നാണ് വിമര്‍ശകര്‍ ആരോപിക്കുന്നത്. എന്നാല്‍ ക്രിക്കറ്റില്‍ ഇതെല്ലാം സംഭവിക്കുമെന്നാണ് വിമര്‍ശകര്‍ ആദ്യം മനസിലാക്കേണ്ടത്. ഗ്രൗണ്ടിലെ പ്രകടനം മാത്രമല്ല അശ്വിനെ ഒഴിവാക്കാന്‍ കാരണമെന്നാണ് ഞാന്‍ കരുതുന്നത്.

അല്ലെങ്കില്‍ 350നടുത്ത് വിക്കറ്റെടുത്ത ഒറു ബൗളറെ എങ്ങനെയാണ് തുടര്‍ച്ചയായി അവഗണിക്കാനാവുകയെന്നും ഗവാസ്കര്‍ ചോദിച്ചു. ടീമിലുള്ളവര്‍ക്ക് തന്നില്‍ വിശ്വാസമുണ്ടെന്ന ചിന്ത അശ്വിനില്‍ ഉണ്ടാക്കാനാണ് ടീം മാനേജ്മെന്റ് ശ്രമിക്കേണ്ടത്. എപ്പോഴും ഒഴിവാക്കപ്പെടുന്ന ഒരാള്‍ക്ക് എങ്ങനെയാണ് ആത്മവിശ്വാസത്തോടെ പന്തെറിയാനാകുകയെന്നും ഗവാസ്കര്‍ ചോദിച്ചു.

ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റുകളില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറാണെങ്കിലും വിദേശത്ത് അശ്വിന്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറല്ലെന്ന് കോച്ച് രവി ശാസ്ത്രി ആയടക്കം പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

click me!