
ശുഭ്‌മാൻ ഗില്ലും അഭിഷേക് ശർമയും ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ മുഖ്യതാരങ്ങളാണ് നിലവില്‍. കൗമാരകാലം മുതല്‍ ഇരുവരും ഒന്നിച്ചാണ് കളത്തിലെത്തിയത്. 2018 അണ്ടര്‍ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ അംഗങ്ങളായിരുന്നു ഗില്ലും അഭിഷേകും. ഈ ഒരു ലോകകപ്പുകൊണ്ട് ഉയര്‍ന്നുവന്ന താരങ്ങളാണ് പൃഥ്വി ഷാ, അര്‍ഷദീപ് സിങ്, റിയാൻ പരാഗ് എന്നിവരൊക്കെയും. എന്നാല്‍, അഭിഷേകിനേക്കാള്‍ ഒരുപാട് നേരത്തെ ഗില്‍ ഇന്ത്യൻ കുപ്പായത്തില്‍ അരങ്ങേറി എന്ന് മാത്രം.
നിലവില്‍ ഇന്ത്യൻ ടീമിന്റെ ഭാവി ക്യാപ്റ്റനായാണ് ഗില്ലിനെ വിലയിരുത്തപ്പെടുന്നത്. അടുത്ത ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ ഗില്‍ നയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ഏകദിനത്തിലും ടെസ്റ്റിലും ദീഘകാലമായി സ്ഥിരസാന്നിധ്യമാണ് ഗില്‍. ട്വന്റി 20യില്‍ ഓപ്പണര്‍ എന്ന നിലയില്‍ ശോഭിക്കാനും സ്ഥാനം ഉറപ്പിക്കാനും അഭിഷേകിനും കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര ട്വന്റി 20യില്‍ അഭിഷേകിന്റെ സ്ട്രൈക്ക് റേറ്റ് 193.84 ആണ്.
ജിയോ ഹോട്ട്‌സ്റ്റാറിലെ ജെൻ ബോള്‍ഡ് എന്ന പരിപാടിയില്‍ അഭിഷേകുമൊത്തുള്ള ചില നിമിഷങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഗില്ലിപ്പോള്‍.
"അഭിഷേകും ഞാനുമായുള്ള പരിചയം അണ്ടര്‍ 16 കാലമുതലുള്ളതാണ്. അഭിഷേക് എന്റെ ബാറ്റ് ഉപയോഗിച്ചായിരുന്നു അന്ന് കളിച്ചിരുന്നത്. ഒരുനാള്‍ ഞാൻ മത്സരത്തിന് ഉപയോഗിക്കുന്ന ബാറ്റുമായി അഭിഷേക് കളിച്ചു, 80-90 റണ്‍സെടുത്ത് നില്‍ക്കുകയായിരുന്നു. നശിക്കാതിരിക്കാൻ ബാറ്റ് ഞാൻ അത് തിരികെ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെ ഞങ്ങള്‍ ചെറിയ വഴക്കിലേര്‍പ്പെട്ടു. അവൻ എന്നൊക്കെ എന്നോട് ബാറ്റ് ചോദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഞാൻ കൊടുത്തിട്ടുണ്ട്. അവൻ ഒരുപാട് റണ്‍സും സ്കോര്‍ ചെയ്തിട്ടുണ്ട്," ഗില്‍ വ്യക്തമാക്കി.
അഭിഷേക് മാത്രമല്ല ഗില്ലിനൊപ്പം മികച്ച കൂട്ടുകെട്ടുകളുണ്ടാക്കിയിട്ടുള്ളത്. നിലവില്‍ ഐപിഎല്‍ പരിശോധിച്ചാല്‍ ഗുജറാത്ത് ടൈറ്റൻസിനായി സായ് സുദര്‍ശനും താരവും ഗംഭീര പ്രകടനമാണ് പുറത്തെടുക്കുന്നത്. ഇരുവരുടേയും സ്ഥിരതയാർന്ന പ്രകടനം ഗുജറാത്തിനെ പോയിന്റ് പട്ടികയുടെ തലപ്പത്ത് എത്തിക്കുകയും ചെയ്തു. സീസണില്‍ പ്ലേ ഓഫിന് യോഗ്യത നേടിയ ആദ്യ ടീമും ഗുജറാത്ത് ആയിരുന്നു.
സീസണിലെ ടോപ് സ്കോററും സായിയാണ്. 617 റണ്‍സാണ് ഇതുവരെ നേടിയത്. തൊട്ടുപിന്നിലാണ് ഗില്‍. 601 റണ്‍സാണ് ഗില്ലിന്റെ സീസണിലെ സമ്പാദ്യം.