മഴയെ തോല്‍പ്പിച്ച കരുത്ത്; ഗുവാഹത്തിയിലെ ഗ്രൗണ്ട് സ്റ്റാഫുകള്‍ക്ക് 25 ലക്ഷം രൂപ പാരിതോഷികം

Published : Apr 13, 2026, 05:40 PM IST
Guwahati Stadium

Synopsis

പ്രതികൂല കാലാവസ്ഥയിലും മത്സരങ്ങൾ നടക്കാൻ സഹായിച്ച ഗുവാഹത്തിയിലെ ഗ്രൗണ്ട് സ്റ്റാഫിന് അസം ക്രിക്കറ്റ് അസോസിയേഷൻ 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 

ഗുവാഹത്തി: പ്രതികൂല കാലാവസ്ഥയിലും പിച്ചും ഔട്ട്ഫീല്‍ഡും മികച്ച രീതിയില്‍ സംരക്ഷിച്ച ഗുവാഹത്തി, ബര്‍സപര ക്രിക്കറ്റ് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനും ക്യൂറേറ്റര്‍മാര്‍ക്കും 25 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് അസം ക്രിക്കറ്റ് അസോസിയേഷന്‍. തുടര്‍ച്ചയായ മഴയെത്തുടര്‍ന്ന് മത്സരങ്ങള്‍ തടസ്സപ്പെടാന്‍ സാധ്യതയുണ്ടായിരുന്നിട്ടും, കഠിനപ്രയത്‌നത്തിലൂടെ കളി നടത്താന്‍ സൗകര്യമൊരുക്കിയതിനാണ് ഈ അംഗീകാരം. രാജസ്ഥാന്‍ റോയല്‍സിന്റെ ഗുവാഹത്തിയിലെ മൂന്ന് ഹോം മത്സരങ്ങളിലും മഴ വില്ലനായിരുന്നു.

മുംബൈ ഇന്ത്യന്‍സിനെതിരെയുള്ള മത്സരം മഴ കാരണം 11 ഓവര്‍ വീതമായി ചുരുക്കേണ്ടി വന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് എന്നിവര്‍ക്കെതിരായ മത്സരങ്ങളും കാലാവസ്ഥാ വ്യതിയാനം കാരണം വെല്ലുവിളികള്‍ നേരിട്ടു. എന്നാല്‍, ഓരോ തവണ മഴ മാറുമ്പോഴും കളി ഉടന്‍ പുനരാരംഭിക്കാന്‍ പാകത്തില്‍ ഗ്രൗണ്ട് സജ്ജമാക്കാന്‍ ജീവനക്കാര്‍ക്ക് സാധിച്ചു. ''വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിലും പിച്ചുകള്‍ ഉയര്‍ന്ന നിലവാരത്തില്‍ സംരക്ഷിക്കാന്‍ ക്യൂറേറ്റര്‍ക്കും ഗ്രൗണ്ട് സ്റ്റാഫിനും സാധിച്ചു. മത്സരങ്ങള്‍ സുഗമമായി നടത്തുന്നതിനും സ്റ്റേഡിയത്തിന്റെ ഖ്യാതി നിലനിര്‍ത്തുന്നതിനും ഇവരുടെ സേവനം നിര്‍ണ്ണായകമായിരുന്നു.'' എന്ന് അസം ക്രിക്കറ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ അറിയിച്ചു.

രാജസ്ഥാന്‍ റോയല്‍സ് ജയ്പൂരിലേക്ക് മടങ്ങുന്നു

ജയ്പൂരിലെ സ്റ്റേഡിയം നവീകരണ പ്രവര്‍ത്തനങ്ങള്‍ കാരണമാണ് രാജസ്ഥാന്‍ റോയല്‍സ് ഗുവാഹത്തിയെ താല്‍ക്കാലിക ഹോം ഗ്രൗണ്ടായി തിരഞ്ഞെടുത്തത്. ഗുവാഹത്തിയിലെ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ ടീം ഇനി തങ്ങളുടെ പ്രധാന ഹോം ഗ്രൗണ്ടായ സവായ് മാന്‍സിംഗ് സ്റ്റേഡിയത്തിലേക്ക് മടങ്ങും. ഏപ്രില്‍ 25നാണ് ജയ്പൂരിലെ ആദ്യ മത്സരം. ബിസിസിഐ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് അത്യാധുനിക സൗകര്യങ്ങളോടെയാണ് ജയ്പൂര്‍ സ്റ്റേഡിയം നവീകരിച്ചിരിക്കുന്നത്.

പോയിന്റ് പട്ടികയില്‍ ഒന്നാമത്

റിയാന്‍ പരാഗ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് നിലവില്‍ കളിച്ച നാല് മത്സരങ്ങളിലും വിജയിച്ച് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. ഇന്ന് രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് രാജസ്ഥാന്‍ നേരിടുന്നത്. ഇഷാന്‍ കിഷന്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലവില്‍ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അവനെ ഇന്ത്യൻ ടീമിലെടുക്കാനായി സമരം ചെയ്യാനും തയാറെന്ന് മുന്‍താരം, ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് ഞെട്ടിച്ചുവെന്ന് സെവാഗ്
നിയന്ത്രണം വിട്ട് വിങ്ങിപ്പൊട്ടി സച്ചിൻ; പ്രിയപ്പെട്ട 'ആശ തായ്‌'ക്ക് കണ്ണീരോടെ വിടചൊല്ലി ക്രിക്കറ്റ് ഇതിഹാസം