ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗം അവസാനിച്ചുവെന്ന് മുന്‍ സഹതാരം

By Web TeamFirst Published Jan 16, 2020, 5:38 PM IST
Highlights

ധോണിയുടെ കരിയറിന്റെ അവസാനമാണിതെന്ന് പറയാം.ലോകകപ്പായിരിക്കും ധോണിയുടെ അവസാന ടൂര്‍ണമെന്റെന്ന് ഞാന്‍ കേട്ടിരുന്നു. അതിനുശേഷം ഇന്ത്യക്കായി കളിക്കില്ലെന്നും. ഇക്കാര്യം ധോണിയും നേരത്തെ തീരുമാനിച്ചതാണെന്ന് തോന്നുന്നു.

മുംബൈ: ബിസിസിഐ വാര്‍ഷിക കരാറില്‍ നിന്ന് ഒഴിവാക്കിയ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ ധോണി യുഗം അവസാനിച്ചുവെന്ന് മുന്‍ സഹതാരം ഹര്‍ഭജന്‍ സിംഗ്. ന്യൂസിലന്‍ഡിനെതിരായ ലോകകപ്പ് സെമിഫൈനലായിരുന്നു ധോണിയുടെ രാജ്യാന്തര കരിയറിലെ അവസാന മത്സരമെന്നും ഹര്‍ഭജന്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ധോണിയുടെ കരിയറിന്റെ അവസാനമാണിതെന്ന് പറയാം.ലോകകപ്പായിരിക്കും ധോണിയുടെ അവസാന ടൂര്‍ണമെന്റെന്ന് ഞാന്‍ കേട്ടിരുന്നു. അതിനുശേഷം ഇന്ത്യക്കായി കളിക്കില്ലെന്നും. ഇക്കാര്യം ധോണിയും നേരത്തെ തീരുമാനിച്ചതാണെന്ന് തോന്നുന്നു. അതുകൊണ്ടാകാം ലോകകപ്പിനുശേഷം ഇന്ത്യക്കായി കളിക്കാന്‍ അദ്ദേഹം ഇറങ്ങാതിരുന്നതെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി.

കഴിഞ്ഞവര്‍ഷം ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിന്റെ സെമിഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ആണ് ധോണി അവസനമായി ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. അതിനുശേഷം ധോണിയുടെ വിരമിക്കല്‍ വാര്‍ത്തകളെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയര്‍ന്നെങ്കിലും ധോണി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിരുന്നില്ല. ജനുവരിവരെ ഒന്നും ചോദിക്കരുതെന്നായിരുന്നു കഴിഞ്ഞ മാസം ഇതുസംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് ധോണിയുടെ പ്രതികരണം.

എന്നാല്‍ ഐപിഎല്ലിനുശേഷം ടി20 ക്രിക്കറ്റിലും ടി20 ലോകകപ്പിലും ധോണി കളിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നായിരുന്നു ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനും സാധ്യതയില്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎല്ലില്‍ തിളങ്ങിയാലും ധോണി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമെന്ന് കരുതുന്നില്ല.

ഐപിഎല്ലില്‍ ധോണി തിളങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ട്. പക്ഷെ എന്നാലും ധോണി ടീമില്‍ തിരിച്ചുവരാനുള്ള സാധ്യത കുറവാണ്. കാരണം ധോണി ഇക്കാര്യത്തില്‍ തീരുമാനമെടുത്തുകഴിഞ്ഞുവെന്നാണ് എനിക്ക് തോന്നുന്നത്. ലോകകപ്പ് സെമി ഫൈനലായിരുന്നു തന്റെ അവസാന മത്സരമെന്ന് ധോണി മനസില്‍ ഉറപ്പിച്ചുവെന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്-ഹര്‍ഭജന്‍ പറഞ്ഞു.

കളിക്കാര്‍ക്കുള്ള കരാറില്‍ ഉള്‍പ്പെടുത്താനാവില്ലെന്ന് ബിസിസിഐ പ്രതിനിധികള്‍ നേരത്തെ ധോണിയെ അറിയിച്ചിരുന്നുവെന്ന് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ കാലാവധിയായ സെപ്റ്റംബര്‍ മുതല്‍ ഇതുവരെ ഇന്ത്യക്കായി കളിക്കാത്തതിനാല്‍ കരാര്‍ നല്‍കാനാവില്ലെന്നായിരുന്നു ബിസിസിഐയുടെ നിലപാട്.

click me!