IND vs SA : 'അവനെ ഇന്ത്യന്‍ ടീമിലെടുക്കാത്തത് കടുത്ത നിരാശ'; സെലക്‌ടര്‍മാരെ പൊരിച്ച് ഹര്‍ഭജനും വീരുവും

By Jomit JoseFirst Published May 23, 2022, 10:48 AM IST
Highlights

രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ പിന്തുണയറിയിച്ചു

മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ടി20 പരമ്പരയ്‌ക്കുള്ള(IND vs SA T20I) ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്‍റെ മലയാളി നായകന്‍ സഞ്ജു സാംസണിനെ(Sanju Samson) തഴഞ്ഞത് വലിയ വിമര്‍ശനത്തിന് വഴിവെച്ചിരുന്നു. സഞ്ജുവിനൊപ്പം മറ്റൊരു സ്റ്റാര്‍ ബാറ്ററെ കൂടി സെലക്‌ടര്‍മാര്‍ കണ്ടില്ല എന്ന് വാദിക്കുകയാണ് ആരാധകര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടും ടീമിലിടം പിടിക്കാതിരുന്ന രാഹുല്‍ ത്രിപാഠിയെ( Rahul Tripathi) പിന്തുണച്ചും ആരാധകരും മുന്‍താരങ്ങളും രംഗത്തെത്തി.

രാഹുല്‍ ത്രിപാഠിക്ക് ഇന്ത്യന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗ്, ഹര്‍ഭജന്‍ സിംഗ് എന്നിവര്‍ പിന്തുണയറിയിച്ചു എന്നതാണ് ശ്രദ്ധേയം. രാഹുല്‍ ത്രിപാഠി ടീമില്‍ സ്ഥാനമര്‍ഹിക്കുന്നതായും സ്‌‌ക്വാഡില്‍ പേരില്ലാത്തത് നിരാശ നല്‍കിയെന്നും ഹര്‍ഭജന്‍ ട്വീറ്റ് ചെയ്‌തു. ത്രിപാഠിക്ക് അവസരം നല്‍കാന്‍ വൈകുന്നതിനെ വീരുവും വിമര്‍ശിച്ചു. 

Disappointed to not see Rahul Tripathi’s name in the squad. He deserved a chance.

— Harbhajan Turbanator (@harbhajan_singh)

ഐപിഎല്‍ പതിനഞ്ചാം സീസണില്‍ 13 മത്സരങ്ങളില്‍ 39.30 ശരാശരിയിലും 161.72 സ്‌ട്രൈക്ക് റേറ്റിലും 393 റണ്‍സ് രാഹുല്‍ ത്രിപാഠി സ്വന്തമാക്കിയിരുന്നു. ഇതില്‍ മൂന്ന് അര്‍ധസെഞ്ചുറി ഉള്‍പ്പെടുമ്പോള്‍ 76 ആണ് ഉയര്‍ന്ന സ്‌കോര്‍. ടി20 ലോകകപ്പില്‍ രാഹുല്‍ ത്രിപാഠിയെ ഉള്‍പ്പെടുത്തണമെന്ന് ഓസീസ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഉത്തരവാദിത്വത്തോടെ കളിക്കുന്നതും മികച്ച രീതിയില്‍ ആക്രമിച്ച് കളിക്കുന്നതും ത്രിപാഠിയുടെ കഴിവ് വ്യക്തമാക്കുന്നുണ്ട് എന്നായിരുന്നു ഹെയ്‌ഡ‍ന്‍റെ നിരീക്ഷണം. 

ക്രീസിലെത്തിയാൽ ആദ്യ പന്തുതന്നെ സിക്സർ പറത്താൻ ശേഷിയും മികവുമുള്ള ബാറ്ററാണ് സഞ്ജു. ഐപിഎല്ലിൽ രാജസ്ഥാനെ രണ്ടാം സ്ഥാനക്കാരായി പ്ലേ ഓഫിലേക്ക് നയിച്ച സഞ്ജു 14 കളിയിൽ രണ്ട് അർധസെഞ്ചുറിയുൾപ്പടെ 374 റൺസെടുത്തിട്ടുണ്ട്. 53 ഫോറും 21 സിക്സുമാണ് സഞ്ജുവിന്റെ ബാറ്റിൽനിന്ന് പറന്നത്. ടീമിൽ ഇടംപിടിച്ച മിക്ക ബാറ്റർമാരേക്കാളും സ്ട്രൈക്ക് റേറ്റിലും സഞ്ജു ഏറെ മുന്നിൽ. ഇരുപത്തിയെട്ടുകാരനായ സഞ്ജു ഐപിഎല്ലിൽ 135 കളിയിൽ മൂന്ന് സെഞ്ചുറിയും 17 അർധസെഞ്ചുറിയും ഉൾപ്പടെ 3442 റൺസെടുത്തിട്ടുണ്ട്.

IND vs SA : സഞ്ജു സാംസണെ തഴഞ്ഞതില്‍ പ്രതിഷേധം അണയുന്നില്ല; ആഞ്ഞടിച്ച് ആരാധകര്‍

click me!