ഹര്‍ഭജന്‍ സിംഗില്ല; ഐപിഎല്ലിനായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാളെ യുഎഇയിലേക്ക്

By Web TeamFirst Published Aug 20, 2020, 5:29 PM IST
Highlights

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ ഇന്ന് പുറപ്പെട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാളെയാണ് യുഎഇയിലേക്ക് തിരിക്കുക എന്നറിയുന്നത്.

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനായി യുഎഇയിലേക്ക് പറക്കാനുള്ള ഒരുക്കത്തിലാണ് ഫ്രാഞ്ചൈസികള്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിംഗ്‌സ് ഇലവന്‍ പഞ്ചാബ് എന്നീ ടീമുകള്‍ ഇന്ന് പുറപ്പെട്ടിരുന്നു. ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നാളെയാണ് യുഎഇയിലേക്ക് തിരിക്കുക എന്നറിയുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എം എസ് ധോണി ഉള്‍പ്പെടെയുള്ള താരങ്ങള്‍ ചെന്നൈയില്‍ ഒരുക്കത്തിലാണ്.

കഴിഞ്ഞ ദിവസങ്ങളില്‍ താരങ്ങള്‍ ചെപ്പോക്കില്‍ പരിശീലനം നടത്തിയിരുന്നു. നേരത്തെ വ്യക്തിപരമായ പ്രശ്‌നങ്ങളെ തുടര്‍ന്ന ജഡേജ പരിശീലന ക്യാംപില്‍ നിന്ന് വിട്ടുനിന്നിരുന്നു. അദ്ദേഹം യുഎഇയിലേക്ക് എത്താമെന്നാണ് അറിയിച്ചിരുന്നത്. വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗും സിഎസ്‌കെ സംഘത്തോടൊപ്പം ഉണ്ടാവില്ലെന്നാണ് അറിയുന്നത്.

നാളെ യുഎഇയിലേക്ക് തിരിക്കാനിരിക്കുന്ന സംഘത്തോടൊപ്പം ഉണ്ടാവില്ലെന്ന് ഹര്‍ഭജന്‍ ടീം മാനേജ്‌മെന്റിനെ അറിയിച്ചു. താരത്തിന്റെ അമ്മ രോഗാവസ്ഥയില്‍ കിടക്കുന്നതുകൊണ്ടാണ് ഹര്‍ഭജന്‍ വിട്ടുനില്‍ക്കുന്നത്. നേരത്തെ പരിശീലന ക്യാംപില്‍ നിന്നും ഹര്‍ഭജന്‍ വിട്ടുനിന്നിരുന്നു. വരും ദിവസങ്ങളില്‍ അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

സെപ്റ്റംബര്‍ 19നാണ് ഐപിഎല്‍ ആരംഭിക്കുന്നത്. അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലാണ് മത്സരം നടക്കുക. നവംബര്‍ 10നാണ് ടൂര്‍ണമെന്റ് അവസാനിക്കുക. സ്റ്റേഡിയത്തിലേക്ക് കാണികള്‍ക്ക് പ്രവേശനമുണ്ടാവില്ല.

click me!