
മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒരിക്കല്‍ കൂടി ഇന്ത്യ തോല്‍വിയറിഞ്ഞതിന് പിന്നാലെ എം എസ് ധോണിയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്തെത്തിയ ആരാധകന് മറുപടി നല്‍കി ഹര്‍ഭജന്‍ സിംഗ്. 2013ല്‍ ധോണിക്ക് കീഴില്‍ ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി കിരീടം നേടിയശേഷം ഐസിസി കിരീടങ്ങളൊന്നും നേടാനാവാത്തതിനെക്കുറിച്ച് വിമര്‍ശനം ഉയരുമ്പോഴാണ് ധോണിയുടെ നേതൃത്വത്തില്‍ 2007ലെ ടി020 ലോകകപ്പ് ജയിച്ചത് ശ്രേയസ് എന്ന ആരാധകന്‍ ചൂണ്ടിക്കാട്ടിയത്.
പരിശീലകനില്ല, മെന്‍ററില്ല, സീനിയര്‍ താരങ്ങളെല്ലാം വിട്ടു നിന്നു, കൂടയുണ്ടായിരുന്നത് യുവതാരങ്ങള്‍ മാത്രം, അതിന് മുമ്പ് ഒരു മത്സരത്തില്‍ പോലും ക്യാപ്റ്റനായിരുന്നിട്ടില്ല, എന്നിട്ടും ക്യാപ്റ്റനായി 48-ാം ദിവസം പ്രതാപകാലത്തെ ഓസ്ട്രേലിയയെ സെമിയില്‍ തോല്‍പ്പിച്ച് ഫൈനലിലെത്തി ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം ധോണി സമ്മാനിച്ചുവെന്നായിരുന്നു ആരാധകന്‍റെ ട്വീറ്റ്.
ഏകദിന ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന്‍റെ തീയതി കുറിച്ചു, ഇന്ത്യയുടെ മത്സരക്രമം ഇങ്ങനെ
എന്നാല്‍ ഇതിന് മറുപടിയായി 2007ലെ ലോകകപ്പ് ടീമില്‍ ധോണിക്കൊപ്പം കളിച്ച ഹര്‍ഭജന്‍ തന്നെ രംഗത്തെത്തിയത് ആരാധകരെ അമ്പരപ്പിച്ചു. ലോകകപ്പില്‍ കളിച്ചത് ധോണി ഒറ്റക്കാണോ എന്നും മറ്റുള്ള 10 പേരും അപ്പോള്‍ കൂടെയുണ്ടായിരുന്നില്ലേ എന്നും ചോദിച്ച ഹര്‍ഭജന്‍ ധോണി ഒറ്റക്കാണോ ലോകകപ്പ് നേടിയതെന്നും ചോദിച്ചു. ഇതിലെ വിരോധാഭാസം എന്തെന്നാല്‍ ഓസ്ട്രേലിയയോ മറ്റേതെങ്കിലും രാജ്യങ്ങളോ കിരീടം നേടിയാല്‍ തലക്കെട്ട് ആ രാജ്യം കിരീടം നേടിയെന്നായിരിക്കും, പക്ഷെ ഇന്ത്യ ജയിച്ചാല്‍ ക്യാപ്റ്റന്‍ കിരീടം നേടിയെന്നായിരിക്കും തലക്കെട്ട് വരികയെന്നും ഇതൊരു ടീം സ്പോര്‍ട്സാണെന്നും ജയിക്കുന്നതും തോല്‍ക്കുന്നതുമെല്ലാം ഒരുമിച്ചാണെന്നും ഹര്‍ഭജന്‍ മറുപടി നല്‍കി.
ധോണിക്ക് ശേഷം ക്യാപ്റ്റനായ വിരാട് കോലിക്ക് കീഴില്‍ ഐസിസി കിരീടങ്ങളൊന്നും നേടാനാവാതിരുന്ന ഇന്ത്യന്‍ ടീമിന് കോലിയുടെ പിന്‍ഗാമിയായ രോഹിത് ശര്‍മക്ക് കീഴിലും കിരീടങ്ങളൊന്നും നേടാനായിട്ടില്ല. രോഹിത്തിന് കീഴില്‍ കഴിഞ്ഞ ടി20 ലോകകപ്പില്‍ സെമിയില്‍ തോറ്റ് പുറത്തായ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയോടും തോറ്റതിന് പിന്നാലെയാണ് ആരാധകന് ഹര്‍ഭജന്‍ മറുപടി നല്‍കിയത് എന്നതും ശ്രദ്ധേയമാണ്.