
മുംബൈ: അയര്‍ലന്‍ഡിനെതിരായ (IRE vs IND) ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയെയാണ് ക്യാപ്റ്റനായി തീരുമാനിച്ചത്. ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റനായിരുന്നു ഹാര്‍ദിക്. ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ക്കായിരുന്നു. ഇക്കാരണം കൊണ്ടുതന്നെയാണ് ഹാര്‍ദിക്കിനെ (Hardik Pandya) തേടി നായകസ്ഥാനമെത്തിയത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടീമിനെ നയിച്ച റിഷഭ് പന്തിന് വിശ്രമം നല്‍കിയാണ് ഹാര്‍ദിക്കിനെ കൊണ്ടുവരുന്നത്.
ഈ വര്‍ഷം ഇന്ത്യയെ നയിക്കുന്ന അഞ്ചാമത്തെ നായകനാണ് ഹാര്‍ദിക് പണ്ഡ്യ. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയില്‍ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ നായകന്‍. തുടര്‍ന്നുള്ള ഏകദിന പരന്പരയില്‍ കെ എല്‍ രാഹുലിന് കീഴിലാണ് ഇന്ത്യ കളിച്ചത്. ശ്രീലങ്കയ്ക്കും വെസ്റ്റ് ഇന്‍ഡീസിനുമെതിരായ പരമ്പരയില്‍ രോഹിത് ശര്‍മ ഇന്ത്യയെ നയിച്ചു. രോഹിത്തിന് വിശ്രമം നല്‍കുകയും രാഹുലിന് പരിക്കേല്‍ക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ റിഷഭ് പന്തും നായകനായി.
അതേസമയം, രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണും (Sanju Samson) ടീമിലെത്തി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയയില്‍ ഇടം കിട്ടാതിരുന്ന സഞ്ജുവിന് ഇത് അര്‍ഹിക്കുന്ന അംഗീകാരമാണ്. ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത രാഹുല്‍ ത്രിപാഠിയും ടീമിലെത്തിയിട്ടുണ്ട്. ഇരുവരേയും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കളിപ്പിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു. ഓസ്‌ട്രേലിയന്‍ സാഹചര്യങ്ങളില്‍ നന്നായി കളിക്കാന്‍ കഴിയുന്ന മലയാളിതാരത്തെ ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍കോച്ച് രവി ശാസ്ത്രിയും ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണിപ്പോള്‍ സെലക്ടര്‍മാര്‍ സഞ്ജുവിനെ ടീമിലേക്ക് തിരികെ വിളിച്ചിരിക്കുന്നത്. സഞ്ജു ഈ സീസണില്‍ 17 കളിയില്‍ രണ്ട് അര്‍ധസെഞ്ച്വറിയോടെ 458 റണ്‍സെടുത്തിരുന്നു. ത്രിപാഠി ഇക്കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് താരം 14 കളിയില്‍ മൂന്ന് അര്‍ധ സെഞ്ച്വറിയോടെ നേടിയത് 413 റണ്‍സ്. ആകെ 76 കളിയില്‍ പത്ത് അര്‍ധസെഞ്ച്വറിയോടെ 1798 റണ്‍സും.
ഇന്ത്യന്‍ ടീം: ഹാര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഇഷാന്‍ കിഷന്‍, റിതുരാജ് ഗെയ്കവാദ്, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, വെങ്കടേഷ് അയ്യര്‍, ദീപക് ഹൂഡ, രാഹുല്‍ ത്രിപാഠി, ദിനേശ് കാര്‍ത്തിക്, യൂസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ഹര്‍ഷല്‍ പട്ടേല്‍, ആവേഷ് ഖാന്‍, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്ക്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!