ടീം പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് വമ്പന്‍ ട്വിസ്റ്റ്; പാണ്ഡ്യക്ക് കനത്ത തിരിച്ചടി; തിരിച്ചുവരവ് വൈകും

By Web TeamFirst Published Jan 11, 2020, 11:28 PM IST
Highlights

ജനുവരി 24ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡ് പര്യടനത്തില്‍ അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്

മുംബൈ: ന്യൂസിലന്‍ഡിനെതിരായ പരമ്പരയ്‌ക്കുള്ള ടീം പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്ക് തിരിച്ചടി. ഫിറ്റ്‌നസ് ടെസ്റ്റില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ദിക് പാണ്ഡ്യക്ക് ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലേക്ക് പറക്കാനായില്ല. ഇതോടെ സീനിയര്‍ ടീമില്‍ പാണ്ഡ്യയുടെ തിരിച്ചുവരവ് വൈകും എന്നും 'ഇന്ത്യ ടുഡേ' റിപ്പോര്‍ട്ട് ചെയ്‌തു.

പരിക്കുമൂലം നാല് മാസമായി സീനിയര്‍ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ഹര്‍ദിക് പാണ്ഡ്യ കിവീസിനെതിരായ പരമ്പരയോടെ തിരിച്ചെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് നിര്‍ബന്ധമായ ഫിറ്റ്‌നസ് ടെസ്റ്റ് കടക്കാന്‍ പാണ്ഡ്യക്കായില്ല. രഞ്ജി ട്രോഫിയില്‍ കളിപ്പിക്കാതെ പാണ്ഡ്യയെ നേരിട്ട് എ ടീമില്‍ ഉള്‍പ്പെടുത്തുകയായിരുന്നു സെലക്‌‌ടര്‍മാര്‍. എ ടീമിനൊപ്പം പരിശീലന മത്സരം കളിച്ച് പാണ്ഡ്യ സീനിയര്‍ ടീമില്‍ മടങ്ങിയെത്തും എന്നാണ് പ്രതീക്ഷിച്ചിരുന്നത്.  

തമിഴ്‌നാട് ക്യാപ്റ്റനും ഓള്‍റൗണ്ടറുമായ വിജയ് ശങ്കര്‍ പാണ്ഡ്യക്ക് പകരം ഇന്ത്യ ടീമിനൊപ്പം യാത്രതിരിച്ചിട്ടുണ്ട്. ന്യൂസിലന്‍ഡ് എയ്‌ക്കെതിരെ 50 ഓവര്‍ പരിശീലന മത്സരങ്ങളും മൂന്ന് ലിസ്റ്റ് എ മത്സരങ്ങളും രണ്ട് ചതുര്‍ദിന ടെസ്റ്റുകളും ഇന്ത്യ എ കളിക്കും. മലയാളി താരം സഞ്ജു സാംസണ്‍ എ ടീമിലുണ്ട്.

ജനുവരി 24ന് ആരംഭിക്കുന്ന ടീം ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തില്‍ അഞ്ച് ടി20കളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്റ്റുകളുമാണുള്ളത്. ഞായറാഴ്‌‌ചയാണ് പരമ്പരയ്‌ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കുന്നത്. 

click me!