
ചെന്നൈ: വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ എല്ലായ്പ്പോഴും ടീമിന്‍റെ വിജയത്തിന് പ്രാധാന്യം നല്‍കുന്ന കളിക്കാരനും ക്യാപ്റ്റനുമാണ് രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെന്ന് ആര്‍ അശ്വിന്‍. എല്ലാവരുടെയും നന്‍മ ആഗ്രഹിക്കുന്ന നല്ല വ്യക്തിയാണ് സഞ്ജുവെന്നും ഓരോ ഷോട്ട് കളിക്കുമ്പോഴും അവന്‍റെ മനസില്‍ ടീം മാത്രമെയുള്ളൂവെന്നും മാധ്യമപ്രവര്‍ത്തകൻ വിമല്‍കുമാറിന്‍റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അശ്വിന്‍ പറഞ്ഞു.
വ്യക്തിപരമായ നേട്ടങ്ങളെക്കാള്‍ അവന്‍ എല്ലായ്പ്പോഴും ടീമിനെക്കുറിച്ച് ചിന്തിക്കുന്ന കളിക്കാരനാണ് സഞ്ജു. ഒരു ഷോട്ട് കളിക്കുമ്പോള്‍ പോലും അവന്‍റെ മനസില്‍ ടീമാണ് ആദ്യം വരുന്നത്. അല്ലാതെ എനിക്ക് ഫിഫ്റ്റി അടിക്കണമെന്നോ സെഞ്ചുറി അടിക്കണമെന്നോ ഒന്നുമല്ല. പലപ്പോഴും അവനോട് പറയേണ്ടി വന്നിട്ടുണ്ട്, നി ക്ഷമയോടെ നിന്ന് റണ്ണടിക്കൂ, അപ്പോഴെ ടീം ജയിക്കൂ എന്ന്. അത് സ്വാര്‍ത്ഥതയായി കാണേണ്ട. ടീമിന്‍റെ നല്ലതിനാണെന്ന് കരുതിയാല്‍ മതിയെന്ന്.
അവനൊരു പ്രത്യേക സ്വഭാവക്കാരനാണ്. ചിലപ്പോള്‍ രണ്ട് ദിവസം ടീം അംഗങ്ങള്‍ക്കൊപ്പമൊന്നും അവനെ കാണാനെ ഉണ്ടാകില്ല. നോക്കിയാല്‍ ഹോട്ടലിലെ ഏതെങ്കിലും ഒരു മൂലയില്‍ തനിയെ ഇരിക്കുന്നുണ്ടാകും. എന്നാല്‍ തൊട്ടടുത്ത ദിവസം പൊട്ടിച്ചിരിച്ച് എല്ലാവരോടും തമാശയൊക്കെ പറഞ്ഞ് എല്ലാവരെയും ഡിന്നറിനൊക്കെ കൊണ്ടുപോയി ബില്ലും കൊടുത്ത് പോകുന്നത് കാണാം.
നമ്മളെയൊക്കെപ്പോലെ മൂഡ് സ്വിംഗ് ഉള്ള വ്യക്തിയാണ് സഞ്ജുവും. ചിലപ്പോൾ സന്തോഷത്തിലായിരിക്കും, ചിലപ്പോ വിഷമത്തിലായിരിക്കും, അവനൊരു എക്സ്ട്രോവര്‍ട്ടല്ല. പക്ഷെ അവനൊപ്പം മൂന്ന് സീസണുകളില്‍ കളിച്ചൊരു കളിക്കാരനെന്ന നിലയ്ക്ക് ഓരോ വര്‍ഷവും താന്‍ പുതിയ സഞ്ജുവിനെയാണ് കണ്ടിട്ടുള്ളതെന്നും അശ്വിന്‍ പറഞ്ഞു. ഐപിഎല്ലില്‍ മൂന്ന് സീസണുകളല്‍ രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജുവും അശ്വിനും സഹതാരങ്ങളായിരുന്നു. ഈ സീസണിലെ മെഗാ താരലേലത്തില്‍ അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയപ്പോള്‍ സഞ്ജുവിനെ രാജസ്ഥാന്‍ ക്യാപ്റ്റനായി നിലനിര്‍ത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക