അഭിനന്ദനം, പക്ഷേ...; രോഹിത് ശര്‍മയുടെ വീരോജ്വല പോരാട്ടം, പ്രശംസക്കൊപ്പം വിമര്‍ശനവുമായി സുനില്‍ ഗവാസ്കര്‍

By Web TeamFirst Published Dec 8, 2022, 10:53 AM IST
Highlights

ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് പുറത്ത് പോയ രോഹിത്, ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയില്‍ ക്രീസിലെത്തി വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു. അവസാന പന്തില്‍ സിക്സ് നേടിയിരുന്നെങ്കില്‍ ഏറ്റവും ആവേശകരമായ വിജയം ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ രോഹിത്തിന് സാധിക്കുമായിരുന്നു.

മിര്‍പുര്‍: ബംഗ്ലാദേശിനെതിരെയുളള ഏകദിന പരമ്പര നഷ്ടമായതിന്‍റെ വേദനയിലാണ് ടീം ഇന്ത്യ. ആദ്യ മത്സരത്തില്‍ വീണു പോയെങ്കില്‍ രണ്ടാം പോരില്‍ അവസാന ഓവര്‍ വരെ പൊരുതിയാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്. പരിക്കിനെ വകവയ്ക്കാതെ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ഏകദിനത്തില്‍ മികച്ച പോരാട്ടമാണ് രോഹിത് കാഴ്ചവെച്ചത്. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ് പുറത്ത് പോയ രോഹിത്, ഇന്ത്യക്ക് എട്ട് വിക്കറ്റുകള്‍ നഷ്ടമായ അവസ്ഥയില്‍ ക്രീസിലെത്തി വെടിക്കെട്ട് തീര്‍ക്കുകയായിരുന്നു.

അവസാന പന്തില്‍ സിക്സ് നേടിയിരുന്നെങ്കില്‍ ഏറ്റവും ആവേശകരമായ വിജയം ഇന്ത്യക്ക് നേടിക്കൊടുക്കാന്‍ രോഹിത്തിന് സാധിക്കുമായിരുന്നു. ഇപ്പോള്‍ രോഹിത്തിന്‍റെ വീരോജ്വമായ ഇന്നിംഗ്സിനെ കുറിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗവാസ്‌കർ പ്രതികരിച്ചിരിക്കുകയാണ്. രോഹിത്തിന്‍റെ ധീരമായ ശ്രമത്തെ സുനിൽ ഗവാസ്‌കർ അഭിനന്ദിച്ചു. എന്നാൽ അതേസമയം, ചെറിയ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ബാറ്റ് ചെയ്യാന്‍ ഇറങ്ങുമെന്നുണ്ടായിരുന്നെങ്കില്‍ അദ്ദേഹത്തിന് അല്‍പ്പം നേരത്തെ അത് ചെയ്തുകൂടായിരുന്നോ എന്നാണ് ഗവാസ്കറിന്‍റെ ചോദ്യം.

രേഹിത് ശര്‍മയുടെ നിലവാരത്തെക്കുറിച്ചും ക്ലാസിനെക്കുറിച്ചും എല്ലാവർക്കും അറിയാം. ഇന്ത്യവിജയത്തിന് അടുത്ത് വരെ എത്തിയിരുന്നു. അപ്പോള്‍ എന്ത് കൊണ്ട് രോഹിത് നേരത്തെ ബാറ്റ് ചെയ്യാൻ വന്നില്ല എന്നതാണ് ചോദ്യം. ഒമ്പതാം നമ്പറില്‍ എത്തുന്നതിന് പകരം ഏഴാമതായി രോഹിത്തിന് വരാമായിരുന്നു. അപ്പോള്‍ . അക്‌സർ പട്ടേലിന് അൽപ്പം വ്യത്യസ്തമായി കളിക്കാന്‍ സാധിക്കുമായിരുന്നുവെന്നാണ് കരുതുന്നതെന്ന് ഗവാസ്കര്‍ പറഞ്ഞു.

ഷാർദുൽ താക്കൂറും ദീപക് ചാഹറും എത്തിയപ്പോള്‍ ഒരുപക്ഷേ രോഹിത് ശർമ്മ ബാറ്റ് ചെയ്യാൻ പോകുന്നില്ലെന്ന് അക്സര്‍ കരുതിയിരിക്കാം. അതോടെയാവും അത്തരമൊരു ഷോട്ട് കളിക്കാന്‍ തീരുമാനിച്ചത്. ആ സാഹചര്യത്തില്‍ ആ ഷോട്ട് കളിക്കേണ്ട കാര്യമേ ഇല്ലായിരുന്നു. രോഹിത് മറുവശത്ത് വന്നിരുന്നെങ്കിൽ, അക്സറിന് തന്നെ ശൈലിയില്‍ തന്നെ ബാറ്റ് ചെയ്യാമായിരുന്നു. അത് മത്സരഫലത്തെ ചിലപ്പോള്‍ മാറ്റിമറിക്കുമായിരുന്നുവെന്നും ഗവാസ്കര്‍ കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിന്‍റെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യയുടെ മറുപടി ബാറ്റിംഗ് 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സെടുക്കാനേയായുള്ളൂ. പരിക്കേറ്റ കൈയുമായി ബാറ്റിംഗിന് ഇറങ്ങിയ രോഹിത് ശര്‍മ്മ 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 51 റണ്‍സ് അടിച്ചെടുത്തിരുന്നു.

പവറാർന്നൊരടി! ചരിത്രത്താളുകളില്‍ പൊന്‍ലിപികളാല്‍ പേരെഴുതി ഹിറ്റ്മാന്‍; വമ്പനടിക്കാർ വരെ പിന്നില്‍

click me!