
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മുന്‍നിര ബാറ്റര്‍മാരെല്ലാം പരാജയപ്പെട്ടിടത്ത് വാലറ്റത്ത് ബാറ്റിംഗിനിറങ്ങി നിര്‍ണായക റണ്‍സുകള്‍ നേടി ഇന്ത്യയുടെ പരമ്പര വിജയത്തില്‍ പ്രധാന പങ്കുവഹിച്ച താരമാണ് അക്സര്‍ പട്ടേല്‍. പരമ്പരയില്‍ 288 റണ്‍സുമായി റണ്‍വേട്ടയില്‍ വിരാട് കോലിക്ക് പിന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് അക്സര്‍ ഫിനിഷ് ചെയ്ത്. മൂന്ന് അര്‍ധസെഞ്ചുറികളാണ് അക്സര്‍ പരമ്പരയില്‍ നേടിയത്. ബൗളിംഗില്‍ കാര്യമായി തിളങ്ങാനായില്ലെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ അതിവേഗം 50 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന ചരിത്രനേട്ടവും പരമ്പരയില്‍ അക്സര്‍ സ്വന്തമാക്കി.
ഇതൊക്കെയാണെങ്കിലും ജൂണില്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിലെ ഓവലില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ അക്സറിന് പ്ലേയിംഗ് ഇലവനില്‍ പോയിട്ട് ടീമില്‍ പോലും ഇടമുണ്ടാകില്ലെന്ന് തുറന്നു പറയുകയാണ് ഇന്ത്യന്‍ താരവും കമന്‍റേറ്ററുമായ ദിനേശ് കാര്‍ത്തിക്. അക്സറിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ടീമിലെങ്കിലും ഇടം ലഭിച്ചാല്‍ ഭാഗ്യമെന്നെ പറയേണ്ടുവെന്നും കാര്‍ത്തിക് ക്രിക് ബസിനോട് പറഞ്ഞു.
ഫൈനലിന് വേദിയാവുന്ന ഓവലിലെ പിച്ച് പരമ്പരാഗതമായി പേസിനെ തുണക്കുന്ന പിച്ചാണ്. അതുകൊണ്ടുതന്നെ മൂന്നോ നാലോ പേസര്‍മാരുമായിട്ടായിരിക്കും ഇന്ത്യ ഫൈനലില്‍ ഇറങ്ങുക. സ്വാഭാവികമായും അക്സര്‍ പുറത്താവും. പകരം ഷര്‍ദ്ദുല്‍ ഠാക്കൂറാവും ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടം നേടുക. സത്യസന്ധമായി പറഞ്ഞാല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് എല്ലാവരും ഫിറ്റാണെങ്കില്‍ അശ്വിനും ജഡേജയും ടീമിലുണ്ടാകും. അക്സര്‍ പുറത്താകും. ഷര്‍ദ്ദുലാകും അക്സറിന്‍റെ സ്ഥാനത്തെത്തുക. അതേസമയം, അശ്വിനെയും ജഡേജയെയും പ്ലേയിംഗ് ഇലവനില്‍ ഒരുമിച്ച് കളിപ്പിക്കാനുള്ള സാധ്യത വിരളമാണെന്നും കാര്‍ത്തിക് പറഞ്ഞു.
മൂടിക്കെട്ടിയ അന്തരീക്ഷമാകും ആ സമയത്ത് ഓവലില്‍. ഇത് പേസര്‍മാരെ തുണക്കുന്നതാകും. ഈ സാഹചര്യത്തില്‍ ഓവലില്‍ രണ്ട് സ്പിന്നര്‍മാരുമായി ഇന്ത്യ ഇറങ്ങാനുള്ള സാധ്യത വിരളമാണ്. അതുകൊണ്ടുതന്നെ രോഹിത് ശര്‍മക്കും രാഹുല്‍ ദ്രാവിഡിനും അശ്വിനെയും ജഡേജെയെയും ഒരുമിച്ച് കളിപ്പിക്കാനാവില്ല. ഇവരില്‍ നിന്നൊരാളെ തെരഞ്ഞെടുത്തെ മതിയാവു. കഴിഞ്ഞ ഫൈനലില്‍ ഇന്ത്യക്ക് പറ്റിയ വലിയ അബദ്ധവും അതായിരുന്നു. രണ്ട് സ്പിന്നര്‍നാരെയും കളിപ്പിച്ചു. അവര്‍ അധികം ബൗള്‍ ചെയ്തതുമില്ല. ഒരേയൊരു മത്സരാണ്. അതുകൊണ്ട് വലിയ ചിന്തയുടെ ആവശ്യമില്ല. ആ മത്സരത്തിന് ഏതാണോ ഏറ്റവും മികച്ച ഇലവന്‍ അത് തെരഞ്ഞെടുക്കുകയാണ് വേണ്ടതെന്നും ബാറ്റിംഗ് കണക്കിലെടുത്താല്‍ അത് ജഡേജയാകാമെന്നും കാര്‍ത്തിക് പറഞ്ഞു.