രോഹിത് ശര്‍മയെ മറികടന്നു; ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവൂമയ്ക്ക് ചരിത്ര നേട്ടം

Published : Oct 20, 2026, 10:21 PM IST
Temba Bavuma

Synopsis

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിൽ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ തെംബ ബാവുമയ്ക്ക് ചരിത്ര നേട്ടം. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകൂടിയ ക്യാപ്റ്റനെന്ന രോഹിത് ശർമ്മയുടെ റെക്കോർഡാണ് ബാവുമ മറികടന്നത്.

ഗെബേര്‍ഹ: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ മികച്ച ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്കയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നു ക്യാപ്റ്റന്‍ തെംബ ബാവുമ. സ്‌കോട്ട് ബോളണ്ടിന്റെ നേതൃത്വത്തിലുള്ള ഓസീസ് ബോളിംഗ് നിരയുടെ മുന്നില്‍ 40 റണ്‍സിന് 4 വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞ ദക്ഷിണാഫ്രിക്കയെ ബാവുമ ഒറ്റയാള്‍ പോരാട്ടത്തിലൂടെയാണ് കരകയറ്റിയത്. റയാന്‍ റിക്കെല്‍ട്ടനുമൊത്ത് 52 റണ്‍സിന്റെയും, മാര്‍ക്കോ ജാന്‍സനുമൊത്ത് 132 റണ്‍സിന്റെയും നിര്‍ണായക കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ടെസ്റ്റ് കരിയറിലെ അദ്ദേഹത്തിന്റെ അഞ്ചാം സെഞ്ച്വറിയും സ്വന്തമാക്കി.

ഇതോടെ ചില റെക്കോഡുകളും താരത്തിന്റെ പേരിലായി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ചരിത്രത്തില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകൂടിയ ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് ഇനി ടെംബ ബാവുമയ്ക്ക് സ്വന്തം (36 വയസും 154 ദിവസവും). 2023-ല്‍ നാഗ്പൂരില്‍ വെച്ച് 35 വയസും 285 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ച്വറി നേടിയ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് ബാവുമ മറികടന്നത്.

വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരെ സെഞ്ച്വറി നേടിയ ഏറ്റവും പ്രായംകൂടിയ ക്യാപ്റ്റന്മാര്‍

ടെംബ ബാവുമ (ദക്ഷിണാഫ്രിക്ക): 179 റണ്‍സ്, പ്രായം: 36 വയസ്സ് 154 ദിവസം

രോഹിത് ശര്‍മ്മ (ഇന്ത്യ): 120 റണ്‍സ്, പ്രായം: 35 വയസ്സ് 285 ദിവസം

അജിങ്ക്യ രഹാനെ (ഇന്ത്യ): 112 റണ്‍സ്, പ്രായം: 32 വയസ്സ് 203 ദിവസം

ബെന്‍ സ്റ്റോക്‌സ് (ഇംഗ്ലണ്ട്): 155 റണ്‍സ്, പ്രായം: 32 വയസ്സ് 24 ദിവസം

ക്രെയ്ഗ് ബ്രാത്വൈറ്റ് (വെസ്റ്റ് ഇന്‍ഡീസ്): 110 റണ്‍സ്, പ്രായം: 29 വയസ്സ് 364 ദിവസം

ബാബര്‍ അസം (പാകിസ്ഥാന്‍): 196 റണ്‍സ്, പ്രായം: 27 വയസ്സ് 148 ദിവസം

മൊത്തത്തില്‍, വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ സെഞ്ച്വറി നേടുന്ന മൂന്നാമത്തെ പ്രായംകൂടിയ ക്യാപ്റ്റനുമാണ് ബാവൂമ. 2024ല്‍ ധര്‍മ്മശാലയില്‍ ഇംഗ്ലണ്ടിനെതിരെ 36 വയസും 312 ദിവസവും പ്രായമുള്ളപ്പോള്‍ 103 റണ്‍സ് നേടിയ രോഹിത് ശര്‍മ്മയാണ് ഈ പട്ടികയില്‍ ഒന്നാമത് കൂടാതെ, ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റില്‍ സെഞ്ച്വറി നേടുന്ന നാലാമത്തെ മാത്രം ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ എന്ന അപൂര്‍വ്വ നേട്ടവും ബാവുമ സ്വന്തമാക്കി. ഗ്രെയിം സ്മിത്ത്, ജാക്‌സ് കാലിസ്, ഫാഫ് ഡു പ്ലെസി എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റ് മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്മാര്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

അറഫാത് മിന്‍ഹാസിന്റെ ഓള്‍റൗണ്ട് പ്രകടനം, ആറ് വിക്കറ്റ്; ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് തകര്‍പ്പന്‍ ജയം
ഓസ്‌ട്രേലിയക്കെതിരെ മാര്‍ക്കോ ജാന്‍സണ് ചരിത്ര നേട്ടം; തെംബ ബാവൂമയ്ക്കും റെക്കോര്‍ഡ്