ആദ്യ ഓവര്‍ മുതല്‍ അടിയോടടി; വിന്‍ഡീസിന് മികച്ച തുടക്കം

By Web TeamFirst Published Dec 6, 2019, 7:33 PM IST
Highlights

രണ്ടാം ഓവറില്‍ ദീപക് ചഹാറിന്‍റെ പന്തില്‍ ഓപ്പണര്‍ ലെന്‍ഡി സിമ്മന്‍സിനെ(2 റണ്‍സ്) നഷ്‌ടമായെങ്കിലും വിന്‍ഡീസ് പതറിയില്ല

ഹൈദരാബാദ്: ആദ്യ ടി20യില്‍ ഇന്ത്യക്കെതിരെ വിന്‍ഡീസ് മികച്ച തുടക്കം. രണ്ടാം ഓവറില്‍ ദീപക് ചഹാറിന്‍റെ പന്തില്‍ ഓപ്പണര്‍ ലെന്‍ഡി സിമ്മന്‍സിനെ(2 റണ്‍സ്) നഷ്‌ടമായെങ്കിലും വിന്‍ഡീസ് പതറിയില്ല. ആറ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടമായെങ്കിലും 66 റണ്‍സെടുത്തിട്ടുണ്ട് സന്ദര്‍ശകര്‍. ബ്രാണ്ടന്‍ കിംഗും(19) ഷിമ്രോന്‍ ഹെറ്റ്‌മെയറുമാണ്(2) ക്രീസില്‍. 

ആദ്യ ഓവറില്‍ സ്‌പിന്നര്‍ വാഷിംഗ്‌ടണ്‍ സുന്ദറിനെതിരെ 13 റണ്‍സ് നേടി ഓപ്പണര്‍മാര്‍. എന്നാല്‍ രണ്ടാം ഓവറിലെ രണ്ടാം പന്തില്‍ സിമ്മന്‍സിനെ സ്ലിപ്പില്‍ രോഹിത് ശര്‍മ്മയുടെ കൈകളിലെത്തിച്ച് മീഡിയം പേസര്‍ ദീപക് ചഹാര്‍ ടീം ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. ഈ ഓവറില്‍ എട്ട് റണ്‍സ് വിന്‍ഡീസ് നേടി. 6, 19, 11, എന്നിങ്ങനെയായിരുന്നു പിന്നീടുള്ള ഓവറുകളില്‍ വിന്‍ഡീസ് സ്‌കോര്‍. തകര്‍ത്തടിച്ചിരുന്ന ലൂയിസിനെ ആറാം ഓവറില്‍ എല്‍ബിയില്‍ കുടുക്കി വാഷിംഗ്‌ടണ്‍ അടുത്ത ബ്രേക്ക് ത്രൂ നല്‍കി. ലൂയിസ് 17 പന്തില്‍ 40 റണ്‍സെടുത്തു. 

ഹൈദരാബാദില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍ തിരിച്ചെത്തിയപ്പോള്‍ സഞ്ജുവിന് പുറമെ മുഹമ്മദ് ഷമിക്കും മനീഷ് പാണ്ഡെക്കും കുല്‍ദീപ് യാദവിനും അവസരമില്ല. ട്വന്‍റി 20 റാങ്കിംഗില്‍ ഇന്ത്യ അഞ്ചാമതും വിന്‍ഡീസ് പത്താം സ്ഥാനത്തുമാണ്. 

click me!