
മെല്‍ബണ്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പിംഗ് ഇതിഹാസം എം എസ് ധോണിയുടെ വിരമിക്കല്‍ വാര്‍ത്ത കേട്ട് യുവതാരങ്ങളായ ഋഷഭ് പന്തും കെ എല്‍ രാഹുലും സുഖമായി ഉറങ്ങിക്കാണുമെന്ന് മുന്‍ ഓസീസ് താരം ഡീന്‍ ജോണ്‍സ്. ധോണിയുടെ വിരമിക്കല്‍ രാഹുലിനും ഋഷഭ് പന്തിനും ഇന്ത്യന്‍ ഏകദിന-ടി20 ടീമുകളില്‍ സ്ഥാനമുറപ്പിക്കാനുള്ള സുവര്‍ണാവസരമാണെന്നും ഡീന്‍ ജോണ്‍സ് പറഞ്ഞു.
ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഇന്നലെ രാത്രി രാഹുലും ഋഷഭ് പന്തും സുഖമായി ഉറങ്ങിക്കാണുമെന്ന് എനിക്കുറപ്പുണ്ട് എന്നായിരുന്നു ഡീന്‍ ജോണ്‍സിന്റെ ട്വീറ്റ്.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പ് വരെ ധോണിയായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. എന്നാല്‍ ലോകകപ്പ് സെമിയില്‍ ന്യൂസിലന്‍ഡിനോട് തോറ്റ് പുറത്തായശേഷം ധോണി ഇന്ത്യക്കായി കളിക്കാതിരുന്നതോടെ ഋഷഭ് പന്തിനും കെ എല്‍ രാഹുലിനും സെലക്ടര്‍മാര്‍ കൂടുതല്‍ അവസരങ്ങള്‍ നല്‍കി. ഋഷഭ് പന്തിന് ലഭിച്ച അവസരങ്ങള്‍ മുതലാക്കാനായില്ലെങ്കിലും സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറല്ലാതിരുന്നിട്ടും കെ എല്‍ രാഹുല്‍ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി ടീമില്‍ സ്ഥാനം ഉറപ്പിക്കുകയും ചെയ്തു.
ന്യൂസിലന്‍ഡിനെതിരായ ടി20, ഏകദിന പരമ്പരകളില്‍ ഋഷഭ് പന്ത് ടീമിലുണ്ടായിട്ടും കെ എല്‍ രാഹുലാണ് ഇന്ത്യയുടെ വിക്കറ്റ് കാത്തത്. ന്യൂസിലന്‍ഡിനെതിരായ അഞ്ച് ടി20 മത്സരങ്ങളില്‍ മൂന്ന് ക്യാച്ചും ഒരു സ്റ്റംപിംഗുമായി തിളങ്ങിയ രാഹുല്‍ ഇതുവരെ കളിച്ച ഏഴ് ഏകദിനങ്ങളില്‍ അഞ്ച് ക്യാച്ചും രണ്ട് സ്റ്റംപിംഗുകളും നടത്തി. വിക്കറ്റ് കീപ്പറായശേഷം ടി20യില്‍ രാഹുലിന്റെ ബാറ്റിംഗ് ശരാശരിയും ഉയര്‍ന്നു.
ഈ സാഹചര്യത്തില്‍ നിലവില്‍ രാഹുല്‍ തന്നെയാകും ഇന്ത്യയുടെ വിക്കറ്റ് കീപ്പറാവുക എന്നാണ് സൂചന. എന്നാല്‍ ടെസ്റ്റില്‍ വൃദ്ധിമാന്‍ സാഹക്കൊപ്പം ഋഷഭ് പന്തിനെയും സെലക്ടര്‍മാര്‍ പരിഗണിക്കാനിടയുണ്ട്. ഐപിഎല്ലില്‍ മികവുകാട്ടിയാല്‍ മലയാളി താരം സഞ്ജു സാംസണെയും വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് സെലക്ടര്‍മാര്‍ പരിഗണിച്ചേക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!