തോല്‍വിക്ക് പിന്നാലെ കോലിക്ക് താക്കീതുമായി ഐസിസി

By Web TeamFirst Published Sep 23, 2019, 7:01 PM IST
Highlights

മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു സംഭവം. ഹെന്‍ഡ്രിക്സിന്റെ പന്തില്‍ റണ്ണിനായി ഓടുന്നതിനിടെ കോലി, ഹെന്‍ഡ്രിക്സിനെ മന:പൂര്‍വം കൈകൊണ്ട് തട്ടുകയായിരുന്നു.

ബംഗലൂരു: ടി20 പരമ്പരയിലെ അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് ഐസിസിയുടെ താക്കീത്. മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ബ്യൂറന്‍ ഹെന്‍ഡ്രിക്സിന്റെ തോളില്‍ കൈ കൊണ്ട് തട്ടിയതിനാണ് ഐസിസി താക്കീത് ചെയ്തത്. മോശം പെരുമാറ്റത്തിന് ഒരു ഡീ മെറിറ്റ് പോയന്റും കോലിക്ക് മേല്‍ ചുമത്തിയിട്ടുണ്ട്. എതിര്‍ ടീമിലെ കളിക്കാരന്റെ ശരീരത്തില്‍ മന:പൂര്‍വം തട്ടിയതിലൂടെ കോലി ലെവല്‍ ഒന്ന് കുറ്റം ചെയ്തതായി ഐസിസി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു സംഭവം. ഹെന്‍ഡ്രിക്സിന്റെ പന്തില്‍ റണ്ണിനായി ഓടുന്നതിനിടെ കോലി, ഹെന്‍ഡ്രിക്സിനെ മന:പൂര്‍വം കൈകൊണ്ട് തട്ടുകയായിരുന്നു. മോശം പെരുമാറ്റത്തിന് ഡീമെറിറ്റ് പോയന്റ് ചുമത്താനുള്ള ഐസിസി പെരുമാറ്റച്ചട്ടം 2016ല്‍ നിലവില്‍ വന്നശേഷം ഇത് മൂന്നാം തവണയാണ് കോലിക്ക് ഡിമെറിറ്റ് പോയന്റ് ലഭിക്കുന്നത്.

2018ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പ്രിട്ടോറിയ ടെസ്റ്റിലും ഈ വര്‍ഷം ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലും കോലിക്ക് മോശം പെരുമാറ്റത്തിന്റെ പേരില്‍ ഡിമെറിറ്റ് പോയന്റ് ലഭിച്ചിരുന്നു. മത്സരത്തില്‍ ഒമ്പത് വിക്കറ്റ് വിജയം സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സമനിലയാക്കിയിരുന്നു. പരമ്പരയിലെ ആദ്യ മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ കോലിയുടെ ബാറ്റിംഗ് മികവില്‍ ഇന്ത്യ ജയിച്ചിരുന്നു.

click me!