ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ഐസിസി

By Web TeamFirst Published Dec 30, 2019, 5:24 PM IST
Highlights

ചതുര്‍ദിന ടെസ്റ്റ് എന്നത് പുതിയ ആശയമല്ല. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരം ചതുര്‍ദിന ടെസ്റ്റ് മത്സരമായിരുന്നു. 2017ല്‍ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും ചതുര്‍ദിന ടെസ്റ്റ് കളിച്ചിട്ടുണ്ട്.

മെല്‍ബണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ പരിഷ്കാരത്തിനൊരുങ്ങി ഐസിസി.  2023-2031 കാലയളവില്‍ നടക്കുന്ന ടെസ്റ്റ് മത്സരങ്ങല്‍ അഞ്ച് ദിവസത്തിന് പകരം നാലു ദിവസമാക്കിക്കുറക്കാനാണ് ഐസിസി ആലോചിക്കുന്നത്. ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമായി കുറക്കുന്നതോടെ വിവിധ ഫോര്‍മാറ്റകളില്‍ കൂടുതല്‍ മത്സരങ്ങള്‍ നടത്താനാവുമെന്നാണ് ഐസിസിയുടെ വിലയിരുത്തല്‍.

ടി20 ടൂര്‍ണമെന്റുകളുടെ ആധിക്യവും ദ്വിരാഷ്ട്ര പരമ്പരകളുടെ എണ്ണം കൂടിയതും മത്സരക്രമം കൂടുതല്‍ തിരക്കേറിയതാക്കിയിട്ടുണ്ട്. ഇത് പരിഹരിക്കാനാണ് ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമായി വെട്ടിക്കുറക്കുന്നത്. നേരത്തെ 2015-2023 കാലയളവില്‍ ഈ നിര്‍ദേശം നടപ്പിലാക്കാന്‍ ഐസിസി ആലോചിച്ചിരുന്നവെങ്കിലും പിന്നീട് മാറ്റിവെക്കുകയായിരുന്നു.

ചതുര്‍ദിന ടെസ്റ്റ് എന്നത് പുതിയ ആശയമല്ല. ഈ വര്‍ഷമാദ്യം ഇംഗ്ലണ്ടും അയര്‍ലന്‍ഡും തമ്മില്‍ നടന്ന ടെസ്റ്റ് മത്സരം ചതുര്‍ദിന ടെസ്റ്റ് മത്സരമായിരുന്നു. 2017ല്‍ ദക്ഷിണാഫ്രിക്കയും സിംബാബ്‌വെയും ചതുര്‍ദിന ടെസ്റ്റ് കളിച്ചിട്ടുണ്ട്. എന്നാല്‍ ചതുര്‍ദിന ടെസ്റ്റ് എന്ന ആശയത്തോട് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയ്ന്‍ അടക്കം ചില താരങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.

ടെസ്റ്റ് മത്സരങ്ങള്‍ നാലു ദിവസമായി വെട്ടിക്കുറച്ചിരുന്നെങ്കില്‍ ആഷസിലെ ഒരു മത്സരത്തില്‍ പോലും ഫലമുണ്ടാവില്ല എന്നായിരുന്നു ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലെ വിജയത്തിനുശേഷം ടിം പെയ്ന്‍ പറഞ്ഞത്. എന്നാല്‍ ഐസിസിയുടെ ആശയത്തോടെ ക്രിക്കറ്റ് ഓസ്ട്രേലിയക്ക് അനുകൂല നിലപാടാണുള്ളത്.

click me!