വനിതാ ഏകദിന ലോകകപ്പില്‍ മഞ്ഞക്കടലിരമ്പം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഓസീസിന് കിരീടം, നാടലീ സൈവറുടെ പോരാട്ടം പാഴായി

Published : Apr 03, 2022, 01:34 PM ISTUpdated : Apr 03, 2022, 03:15 PM IST
വനിതാ ഏകദിന ലോകകപ്പില്‍ മഞ്ഞക്കടലിരമ്പം; ഇംഗ്ലണ്ടിനെ വീഴ്‌ത്തി ഓസീസിന് കിരീടം, നാടലീ സൈവറുടെ പോരാട്ടം പാഴായി

Synopsis

മറുപടി ബാറ്റിംഗില്‍ വേഗം സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വിക്കറ്റ് കൊഴിയുന്നത് തടയാന്‍ ഇംഗ്ലണ്ടിനായില്ല

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ICC Womens World Cup 2022) ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയയുടെ (Australia Women Cricket Team) മഞ്ഞപ്പടയോട്ടം. കലാശപ്പോരില്‍ (AUSW vs ENGW) ഇംഗ്ലണ്ടിനെ 71 റണ്‍സിന് കീഴടക്കി ഓസ്‌ട്രേലിയന്‍ വനിതകള്‍ ഏഴാം കിരീടമുയര്‍ത്തി. ഓസ്‌ട്രേലിയയുടെ 356 റണ്‍സ് പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് (England Women Cricket Team) 43.4 ഓവറില്‍ 285 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 121 പന്തില്‍ 15 ഫോറും ഒരു സിക്‌സറും സഹിതം 148* റണ്‍സുമായി പുറത്താകാതെനിന്ന നാടലീ സൈവറുടെ (Natalie Sciver) പോരാട്ടം പാഴായി.  കലാശപ്പോരില്‍ വിസ്‌മയ സെഞ്ചുറി നേടിയ അലീസ ഹീലിയാണ് (Alyssa Healy) ഫൈനലിന്‍റെയും ലോകകപ്പിന്‍റേയും താരം. 

മറുപടി ബാറ്റിംഗില്‍ വേഗം സ്‌കോര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ഇടയ്‌ക്കിടയ്‌ക്ക് വിക്കറ്റ് കൊഴിയുന്നത് തടയാന്‍ ഇംഗ്ലണ്ടിനായില്ല. തകര്‍പ്പന്‍ സെഞ്ചുറിയുമായി നാടലീ സൈവര്‍ തകര്‍ത്തടിച്ചെങ്കിലും പങ്കാളികളുടെ സ്‌കോര്‍ ഒരിക്കല്‍ പോലും 30 കടക്കാതിരുന്നത് ഇംഗ്ലണ്ടിന് പ്രഹരമായി. മൂന്ന് വിക്കറ്റുമായി അലാന കിംഗും ജെസ് ജൊനാസനും രണ്ട് പേരെ പുറത്താക്കി മെഗന്‍ ഷൂട്ടും ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കുകയായിരുന്നു. 

സ്‌കോര്‍ ബോര്‍ഡില്‍ 12 റണ്‍സില്‍ നില്‍ക്കേ ഡാനിയേല വ്യാറ്റിനെ നഷ്‌ടമായ ഇംഗ്ലണ്ടിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് പോയി. ടാമി ബ്യൂമോണ്ട്(27), ക്യാപ്റ്റന്‍ ഹീതര്‍ നൈറ്റ്(26), എമി ജോണ്‍സ്(20), സോഫിയ ഡന്‍ക്ലി(23), കാതറീന്‍ ബ്രൂണ്ട്(1), സോഫീ എക്കിള്‍സ്റ്റണ്‍(3), കെയ്റ്റ് ക്രോസ്, അന്യാ ശ്രുഭ്സോലെ(1) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. ഒരറ്റത്ത് നിലയുറപ്പിച്ച നാടലീ സൈവര്‍ 90 പന്തില്‍ കലാശപ്പോരിലെ സെഞ്ചുറി സ്വന്തമാക്കി. എങ്കിലും സഹതാരങ്ങളുടെ പിന്തുണയില്ലാതെ പോയത് നാടലീയുടെ പോരാട്ടത്തിന് ഫലമില്ലാതെയാക്കി. 

ഹീലി ശൈലീ; റെക്കോര്‍ഡ് സ്‌കോറുമായി ഓസീസ്

നേരത്തെ അലീസ ഹീലിയുടെ ഇടിവെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ഇംഗ്ലണ്ടിന് മുന്നില്‍ 357 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെക്കുകയായിരുന്നു ഓസ്‌ട്രേലിയ. ക്രൈസ്റ്റ് ചര്‍ച്ചില്‍ ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 356 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ രേഖപ്പെടുത്തി. ലോകകപ്പ് ചരിത്രത്തില്‍ കലാശപ്പോരിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടലാണിത്. 138 പന്ത് നേരിട്ട ഹീലി 26 ഫോറുകള്‍ സഹിതം 170 റണ്‍സ് പേരിലാക്കി പവലിയനിലേക്ക് മടങ്ങി. 

പവര്‍പ്ലേയില്‍ 37 റണ്‍സ് മാത്രം നേടിയ ഓസ്‌ട്രേലിയന്‍ വനിതകള്‍ പിന്നീട് കാലുറപ്പിച്ച് ഹിമാലയന്‍ സ്‌കോറിലേക്ക് കത്തിക്കയറുകയായിരുന്നു. ഇതോടെ ഇംഗ്ലണ്ടിന് അലീസ ഹീലി-റേച്ചല്‍ ഹൈന്‍സ് ഓപ്പണിംഗ് കൂട്ടുകെട്ട് പൊളിക്കാന്‍ 30-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. ഓസീസ് ഒന്നാം വിക്കറ്റില്‍ 29.1 ഓവറില്‍ 160 റണ്‍സ് ചേര്‍ത്തു. 93 പന്തില്‍ 68 റണ്‍സെടുത്ത റേച്ചല്‍ ഹൈന്‍സാണ് ആദ്യം പുറത്തായത്. മൂന്നാമതായി ക്രീസിലെത്തിയ ബേത് മൂണിയാവട്ടെ 47 പന്തില്‍ 62 റണ്‍സുമായി സ്‌കോറിംഗ് വേഗം കൂട്ടി. ഓപ്പണറായി ഇറങ്ങിയ ഹീലിയുടെ ഇന്നിംഗ്സ് 46-ാം ഓവര്‍ വരെ നീണ്ടുനിന്നു. 

തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയാണ് അലീസ ഹീലി കുറിച്ചത്. ഏകദിന ലോകകപ്പ് ചരിത്രത്തില്‍ കലാശപ്പോരില്‍ ഒരു താരത്തിന്‍റെ ഉയര്‍ന്ന സ്‌കോറിന്‍റെ റെക്കോര്‍ഡ് ഹീലി പേരിലാക്കി. ഒരു റണ്ണെടുത്ത ആഷ്‌ലി ഗാര്‍ണര്‍, 10 റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാന്നിംഗ് എന്നിവര്‍ മാത്രമാണ് ബാറ്റിംഗ് പരാജയം നേരിട്ടത്. താലിയ മഗ്രാത്ത് അഞ്ച് പന്തില്‍ എട്ടും എലീസ് പെറി 10 പന്തില്‍ 17 ഉം റണ്‍സുമായി പുറത്താകാതെ നിന്നു. അവസാന 10 ഓവറില്‍ പിറന്ന 120 റണ്‍സ് ഓസീസ് ബാറ്റിംഗ് കരുത്തിന്‍റെ വിരുന്നായി മാറി. ഇംഗ്ലണ്ടിനായി അന്യാ ശ്രുഭ്സോലെ മൂന്നും സോഫീ എക്കിള്‍സ്റ്റണ്‍ ഒന്നും വിക്കറ്റ് നേടി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'വാ മച്ചി..വാ മച്ചി...തൂക്ക്ഡാ ഇവനെ', വിക്കറ്റിന് പിന്നില്‍ നിന്ന് വരുണ്‍ ചക്രവര്‍ത്തിയോട് സഞ്ജു സാംസണ്‍
സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍