ICC Women’s World Cup: വനിതാ ലോകകപ്പ്: സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ ബംഗ്ലാദേശിനെതിരെ

Published : Mar 21, 2022, 08:53 PM ISTUpdated : Mar 21, 2022, 09:45 PM IST
ICC Women’s World Cup: വനിതാ ലോകകപ്പ്: സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ  ബംഗ്ലാദേശിനെതിരെ

Synopsis

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോര്‍ നേടിയിട്ടും ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനാവാഞ്ഞതും ബാറ്റിംഗ് നിര സ്ഥിരത പുലര്‍ത്താതുമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. ഓപ്പണിംഗില്‍ ഷഫാലി വര്‍മയെ നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്.

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍(ICC Women’s World Cup)  ഇന്ത്യ ചൊവ്വാഴ്ച ബംഗ്ലാദേശിനെ(IND vs BAN) നേരിടും. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. എട്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ നിലവില്‍ അഞ്ച് കളികളില്‍ രണ്ട് ജയങ്ങളുമായി ഇന്ത്യ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോര്‍ നേടിയിട്ടും ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനാവാഞ്ഞതും ബാറ്റിംഗ് നിര സ്ഥിരത പുലര്‍ത്താതുമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്. ഓപ്പണിംഗില്‍ ഷഫാലി വര്‍മയെ നിലനിര്‍ത്തുമോ എന്നാണ് കണ്ടറിയേണ്ടത്. കഴിഞ്ഞ മത്സരത്തില്‍ ഷഫാലിയെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യിക്കാനുള്ള തീരുമാനം തിരിച്ചടിച്ചിരുന്നു. ഷഫാലി പുറത്തിരിക്കുകയാണെങ്കില്‍ യാസ്തിക ഭാട്ടിയ ആകും സ്മൃതി മന്ഥാനക്കൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക.

ഓസ്ട്രേലിയക്കെതിരെ തോറ്റെങ്കിലും ക്യാപ്റ്റന്‍ മിതാലി രാജ് ഫോമിലായത് ഇന്ത്യക്ക് ആശ്വാസമാണ്. തകര്‍പ്പന്‍ സെഞ്ചുറിക്കുശേഷം കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തിളങ്ങാതിരുന്ന മന്ഥാനയില്‍ നിന്ന് ഇന്ത്യ വലിയൊരു ഇന്നിംഗ്സ് പ്രതീക്ഷിക്കുന്നുണ്ട്. മറുവശത്ത് കളിച്ച നാലു മത്സരങ്ങളില്‍ ഒരെണ്ണം മാത്രമെ ജയിച്ചുള്ളൂവെങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കാന്‍ ബംഗ്ലാദേശിനായിരുന്നു. പാക്കിസ്ഥാനെതിരെ ചരിത്ര വിജയം സ്വന്തമാക്കാനും ബംഗ്ലാദേശിനായി.

സെമിയിലെത്താന്‍ കടുത്ത പോരാട്ടം

ഇന്ന് നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ പാക്കിസ്ഥാന്‍ അപ്രതീക്ഷിത ജയം നേടിയതോടെ സെമി ഫൈനല്‍ സ്ഥാനത്തിനായുള്ള പോരാട്ടം കനത്തു. അഞ്ച് മത്സരങ്ങളില്‍ ഒരെണ്ണം മാത്രം ജയിച്ച പാക്കിസ്ഥാന്‍റെ സെമി പ്രതീക്ഷ നേരത്തെ അസ്തമിച്ചിരുന്നെങ്കിലും ആറ് മത്സരങ്ങളില്‍ മൂന്നാം തോല്‍വി വഴങ്ങിയ വിന്‍ഡീസിന്‍റെ സെമി പ്രതീക്ഷകള്‍ക്കുമേല്‍ കനത്ത പ്രഹരമായി ഇന്നത്തെ തോല്‍വി. എട്ട് ടീമുകള്‍ മത്സരിക്കുന്ന  ടൂര്‍ണമെന്‍റില്‍ അഞ്ച് ജയവുമായി ഓസ്ട്രേലിയ സെമി സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. നാലു കളികളില്‍ നാലും ജയിച്ച ദക്ഷിണാഫ്രിക്കയും സെമി ഏതാണ്ട് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്.

മൂന്നാം സ്ഥാനത്തുള്ള വിന്‍ഡീസിന് ആറ് കളികളില്‍ മൂന്ന് ജയവുമായി ആറ് പോയന്‍റുണ്ട്. നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് അഞ്ച് കളികളില്‍ രണ്ട് ജയവുമായി നാല് പോയന്‍റാണുള്ളത്. നിലിവലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനും അഞ്ച് കളികളില്‍ നാലു പോയന്‍റുണ്ടെങ്കിലും നെറ്റ് റണ്‍ റേറ്റിലാണ് ഇന്ത്യ നാലാം സ്ഥാനത്ത് നില്‍ക്കുന്നത്. ആറാം സ്ഥാനത്തുള്ള ആതിഥേയരായ ന്യൂസിലന്‍ഡിന് ആറ് മത്സരങ്ങളില്‍ നാലു പോയന്‍റുണ്ട്. നാലു കളികളില്‍ രണ്ട് പോയന്‍റു് മാത്രമുള്ള ബംഗ്ലാദേശും അഞ്ച് കളികളില്‍ രണ്ട് പോയന്‍റുള്ള പാക്കിസ്ഥാനുമാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍.

India: Mithali Raj (c), Harmanpreet Kaur, Smriti Mandhana, Shafali Verma, Yastika Bhatia, Deepti Sharma, Richa Ghosh, Sneh Rana, Jhulan Goswami, Pooja Vastrakar, Meghna Singh, Renuka Singh Thakur, Taniya Bhatia (wk), Rajeshwari Gayakwad, Poonam Yadav.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

സൂര്യയെ പറഞ്ഞ് ബോധിപ്പിച്ചു; യാന്‍സനെ പുറത്താക്കിയത് സഞ്ജുവിന്റെ മാസ്റ്റര്‍ പ്ലാന്‍
ചക്രവര്‍ത്തിക്ക് നാല് വിക്കറ്റ്, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര ഇന്ത്യക്ക്; അവസാന മത്സരത്തില്‍ ജയം 30 റണ്‍സിന്