
മുംബൈ: ഐസിസി ഏകദിന ലോകകപ്പ് ടിക്കറ്റിനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശ വാര്‍ത്ത. ലോകകപ്പ് ടിക്കറ്റിനായി കുറഞ്ഞത് ഒരാഴ്‌ച കൂടിയെങ്കിലും കാത്തിരിക്കേണ്ടിവരും എന്നാണ് റിപ്പോര്‍ട്ട്. ജൂലൈ ആദ്യവാരം ടിക്കറ്റ് വില്‍പന ആരംഭിക്കും എന്നാണ് ആദ്യം പ്രതീക്ഷിച്ചിരുന്നത്. ഇക്കുറി പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയാണ് ടിക്കറ്റ് വില്‍പന എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം കുറ്റമറ്റ രീതിയില്‍ ഒരുക്കുന്നതിന് വേണ്ടി കൂടുതല്‍ സമയമെടുക്കും എന്നാണ് കരുതപ്പെടുന്നത്.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യ വേദിയാവുന്ന ലോകകപ്പിന് വലിയ ഒരുക്കങ്ങളാണ് ഐസിസിയും ബിസിസിഐയും നടത്തുന്നത്. ലോകകപ്പ് വേദികളുടെ നവീകരണം ആരംഭിച്ചുകഴിഞ്ഞു. എല്ലാ സ്റ്റേഡിയങ്ങളിലേയും സൗകര്യങ്ങള്‍ മികച്ചതാക്കാന്‍ ബിസിസിഐ 50 കോടി രൂപ വീതം അനുവദിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സ്റ്റേഡിയങ്ങളില്‍ പുതിയ ഫ്ലഡ്‌ലൈറ്റുകള്‍, പുതിയ ഡ്രസിംഗ് റൂമുകള്‍, ഇറക്കുമതി ചെയ്‌ത പുല്ലുകള്‍, മികച്ച ടിക്കറ്റ് വില്‍പന സൗകര്യം തുടങ്ങി വലിയ മാറ്റങ്ങള്‍ വരുത്താനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.
ഇന്ത്യ-പാക് ആവേശ മത്സരത്തിന് വേദിയാകുന്നത് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ്. അതിനാല്‍ അഹമ്മദാബാദിലെ ഹോട്ടല്‍ റൂമുകള്‍ ഇതിനകം ബുക്ക് ചെയ്യപ്പെട്ട് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ലക്ഷത്തിലധികം ആരാധകര്‍ക്ക് ഇരിക്കാനാവുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ അതിനാല്‍ തന്നെ ആവേശ മത്സരം പ്രതീക്ഷിക്കാം. ഫൈനലിനും വേദിയാവുന്നത് നരേന്ദ്ര മോദി സ്റ്റേഡിയമാണ്. ഇക്കുറി ടിക്കറ്റ് വില്‍പന ഓണ്‍ലൈനാണ് എന്നതുകൊണ്ട് തന്നെ സ്റ്റേഡിയങ്ങളുടെ പുറത്ത് നീണ്ട ക്യൂവും ഉന്തും തള്ളും ഒഴിവാക്കാം എന്നാണ് ബിസിസിഐ പ്രതീക്ഷിക്കുന്നത്. ഐപിഎല്ലിനിടെ പല സ്റ്റേഡിയങ്ങളിലും നീണ്ട ക്യൂ പ്രശ്‌നമായിരുന്നു.
Read more: ലോകകപ്പ് വേദികളായ സ്റ്റേഡിയങ്ങള്‍ക്ക് ബിസിസിഐയുടെ ലോട്ടറി; ലഭിക്കുക വന്‍ തുക
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം