IND v NZ : കാണ്‍പൂര്‍ ടെസ്റ്റിലും നിരാശ; രഹാനെക്ക് നാണക്കേടിന്‍റെ റെക്കോര്‍ഡും

By Web TeamFirst Published Nov 25, 2021, 7:26 PM IST
Highlights

മായങ്ക് അഗര്‍വാളിനെ തുടക്കത്തിലെ നഷ്ടമായതിന് പിന്നാലെ ക്രീസിലെത്തിയ പൂജാര ശുഭ്മാന്‍ ഗില്ലുമൊത്ത് മികച്ച് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 88 പന്തില്‍ 26 റണ്‍സെടുത്ത് ടിം സൗത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കി മടങ്ങി.

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ്(IND v NZ ) ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് കാണ്‍പൂരില്‍ തുടക്കമായപ്പോള്‍ ആരാധകരുടെ ആകാംക്ഷ ഇന്ത്യന്‍ ബാറ്റര്‍മാരായ ചേതേശ്വര്‍ പൂജാരയുടെയും(Cheteshwar Pujara) ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെയും(Ajinkya Rahane) ബാറ്റിംഗ് ഫോമിലായിരുന്നു. സമീപകാലത്തായി മോശം ഫോമിലുള്ള ഇരുവരും ബാറ്റുകൊണ്ട് മറുപടി പറയുമോ എന്നറിയാന്‍ കാത്തിരുന്നവരെ നിരാശരാക്കി ഇരുവരും വമ്പന്‍ സ്കോര്‍ നേടാതെ പുറത്തായി.

മായങ്ക് അഗര്‍വാളിനെ തുടക്കത്തിലെ നഷ്ടമായതിന് പിന്നാലെ ക്രീസിലെത്തിയ പൂജാര ശുഭ്മാന്‍ ഗില്ലുമൊത്ത് മികച്ച് കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും 88 പന്തില്‍ 26 റണ്‍സെടുത്ത് ടിം സൗത്തിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിന് ക്യാച്ച് നല്‍കി മടങ്ങി. പൂജാര മടങ്ങിയതിന് പിന്നാലെയെത്തി ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാകട്ടെ തുടക്കത്തില്‍ പതറിയെങ്കിലും വമ്പന്‍ സ്കോറിനുള്ള അടിത്തറയിട്ടശേഷമായിരുന്നു പുറത്തായത്.

കെയ്ല്‍ ജയ്മിസണിന്‍റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്യാച്ചെടുത്ത് പുറത്തായെന്ന് അമ്പയര്‍ വിധിച്ചെങ്കിലും റിവ്യു എടുത്ത രഹാനെ പന്ത് ബാറ്റില്‍ കൊണ്ടില്ലെന്ന് വ്യക്തമായതോടെ രക്ഷപ്പെട്ടു. എന്നാല്‍ അതേ ഓവറില്‍ ഓഫ് സ്റ്റംപിന് പുറത്ത് താണുവന്ന പന്തില്‍ അലസമായ ഷോട്ട് കളിച്ച് ബൗള്‍ഡായി രഹാനെ പുറത്തായി. 35 റണ്‍സായി ഇന്ത്യന്‍ ക്യാപ്റ്റന്‍റെ സംഭാവന.

കാണ്‍പൂര്‍ ടെസ്റ്റിലും വലിയ സ്കോര്‍ നേടാനാവാതെ മടങ്ങിയതോടെ നാണക്കേടിന്‍റെ മറ്റൊരു റെക്കോര്‍ഡ‍ും രഹാനെയുടെ പേരിലായി. ബാറ്റിംഗ് ഓര്‍ഡറില്‍ ഒന്നു മുതല്‍ ഏഴ് വരെയുള്ള സ്ഥാനങ്ങളില്‍ കളിച്ച ഇന്ത്യന്‍ ബാറ്റര്‍മാരില്‍ ഒരു വര്‍ഷം കുറഞ്ഞത് 20 ഇന്നിംഗ്സുകളെങ്കിലും കളിച്ചവരില്‍ ഏറ്റവും കുറഞ്ഞ ബാറ്റിംഗ് ശരാശരിയെന്ന മോശം റെക്കോര്‍ഡാണ് ഇന്ന് രഹാനെയുടെ പേരിലായത്.

Lowest Test batting average by Indian batters (1-7) in an year (min: 20 inns)

20.35 - Ajinkya Rahane in 2021 (so far)
22.20 - Sourav Ganguly in 2001
22.28 - KL Rahul in 2018
24.15 - Cheteshwar Pujara in 2014
28.62 - Anshuman Gaekwad in 1983
30.66 - Ajinkya Rahane in 2018

— Kausthub Gudipati (@kaustats)

ഈ വര്‍ഷം ടെസ്റ്റില്‍ 20.35 മാത്രമാണ് രഹാനെയുടെ ബാറ്റിംഗ് ശരാശരി. 2001ല്‍ 22.20 ശരാശരി കുറിച്ച മുന്‍ നായകന്‍ സൗരവ് ഗാംഗുലിയുടെ റെക്കോര്‍ഡാണ് രഹാനെ ഇന്ന് പിന്നിലാക്കിയത്. 2018ല്‍ 22.28 ബാറ്റിംഗ് ശരാശരി മാത്രമുള്ള കെ എല്‍ രാഹുലാണ് മൂന്നാം സ്ഥാനത്ത്. 2014ല്‍ ചേതേശ്വര്‍ പൂജാര(24.15), 1983ല്‍ അന്‍ഷുമാന്‍ ഗെയ്‌ക്‌വാദ്(28.62), 2018ല്‍ അജിങ്ക്യാ രഹാനെ(30.66) എന്നിങ്ങനെയാണ് ഒരു വര്‍ഷത്തെ മോശം ശരാശരി നേടിയ ബാറ്റര്‍മാര്‍.

click me!