IND v NZ : ഹര്‍ഭജനെ മറികടന്ന് അശ്വിന്‍, ഇനി മുന്നില്‍ കപിലും കുംബ്ലെയും മാത്രം

By Web TeamFirst Published Nov 29, 2021, 6:01 PM IST
Highlights

രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നേടിയ അശ്വിന് ടെസ്റ്റില്‍ ഇപ്പോള്‍ 419 വിക്കറ്റുണ്ട്. 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയും 434 വിക്കറ്റ് നേടിയ കപിൽ ദേവുമാണ് വിക്കറ്റ് വേട്ടയിൽ അശ്വിന് മുന്നിലുള്ളത്.

കാണ്‍പൂര്‍: ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളറായി ആർ അശ്വിൻ(R Ashwin).103 ടെസ്റ്റില്‍ നിന്ന് 417 വിക്കറ്റ് നേടിയ ഹർഭജൻ സിംഗിനെയാണ്(Harbhajan Singh) 80-ാം ടെസ്റ്റില്‍ അശ്വിന്‍ ഇന്ന് മറികടന്നത്. കാൺപൂർ ടെസ്റ്റ് തുടങ്ങും മുൻപ് ഹർഭജനെ മറികടക്കാൻ അശ്വിന് അഞ്ച് വിക്കറ്റായിരുന്നു വേണ്ടിയിരുന്നത്. ന്യൂസിലൻഡിനെതിരെ ആറ് വിക്കറ്റ് നേടിയാണ് അശ്വിൻ ഹർഭജനെ മറികടന്നത്.

ന്യൂസിലന്‍ഡിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ ടോം ലാഥമിനെ(Tom Latham) വീഴ്ത്തിയാണ് അശ്വിന്‍ ചരിത്ര നേട്ടം സ്വന്തമാക്കിത്. രണ്ടാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് നേടിയ അശ്വിന് ടെസ്റ്റില്‍ ഇപ്പോള്‍ 419 വിക്കറ്റുണ്ട്. 619 വിക്കറ്റ് നേടിയ അനിൽ കുംബ്ലെയും 434 വിക്കറ്റ് നേടിയ കപിൽ ദേവുമാണ് വിക്കറ്റ് വേട്ടയിൽ അശ്വിന് മുന്നിലുള്ളത്.

ടെസ്റ്റിലെ വിക്കറ്റ് വേട്ടയില്‍ ഇന്ത്യന്‍ ബൗളര്‍മാരില്‍ മൂന്നാമനായതിനൊപ്പം മറ്റൊരു റെക്കോര്‍ഡ് കൂടി അശ്വിന്‍ ഇന്ന് സ്വന്തം പേരിലാക്കി. ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ ബൗളറെന്ന നേട്ടമാണ് അശ്വിന് സ്വന്തമായത്. 57 വിക്കറ്റ് നേടിയിട്ടുള്ള ബിഷന്‍ സിംഗ് ബേദിയെ ആണ് അശ്വിന്‍ ഇന്ന് പിന്നിലാക്കിയത്. കിവീസ് വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടലിനെ വീഴ്ത്തിയാണ അശ്വിന്‍ ഈ നേട്ടത്തിലെത്തിയത്.

ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടയതിന്‍റെ റെക്കോര്‍ഡ് കിവീസിന്‍റെ പേസ് ഇതിഹാസമായ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ പേരിലാണ്. 65 വിക്കറ്റുകളാണ് ഹാഡ്‌ലി ഇന്ത്യക്കെതിരെ എറിഞ്ഞിട്ടത്. ഹാഡ്‌ലിയുടെ റെക്കോര്‍ഡ‍് മറികടക്കാന്‍ അശ്വിന് ഇനി 9 വിക്കറ്റ് കൂടി വേണം.

നേരത്തെ കിവീസിന്‍റെ ഒന്നാം ഇന്നിംഗ്സില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഈ വര്‍ഷം ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടവും അശ്വിന്‍ സ്വന്തമാക്കിയിരുന്നു.  രണ്ടാം ഇന്നിംഗ്സിലും മൂന്ന് വിക്കറ്റെടുത്തതോടെ 44 വിക്കറ്റാണ് ഈ വര്‍ഷം ടെസ്റ്റില്‍ അശ്വിന്‍ സ്വന്തമാക്കിയത്. എട്ട് ടെസ്റ്റില്‍ 44 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള പാക് പേസര്‍ ഷഹീന്‍ അഫ്രീദിയും അശ്വിനൊപ്പം ഒന്നാം സ്ഥാനത്തുണ്ട്. 2011ല്‍ ടെസ്റ്റില്‍ അരങ്ങേറിയ അശ്വിന്‍ കരിയറില്‍ ഇതുവരെ 30 അഞ്ച് വിക്കറ്റ് നേട്ടങ്ങളും ഏഴ് പത്ത് വിക്കറ്റ് നേട്ടങ്ങളും സ്വന്തമാക്കിയിട്ടുണ്ട്.

click me!