Ajinkya Rahane : അജിങ്ക്യാ രഹാനെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിലുണ്ടാകുമോ, മറുപടി നല്‍കി കോലി

By Web TeamFirst Published Dec 6, 2021, 5:49 PM IST
Highlights

സമീപകാലത്തായി മോശം ഫോമിലുള്ള അവസാനം കളിച്ച 16 ടെസ്റ്റില്‍ 24.39 ശരാശരിയില്‍ മാത്രമാണ് റണ്‍സടിച്ചത്. രഹാനെയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈ ടെസ്റ്റിലെ വമ്പന്‍ ജയത്തിനുശേഷമാണ് രഹാനെയുടെ കാര്യത്തില്‍ കോലി പ്രതികരിച്ചത്.

മുംബൈ: ന്യൂസിലന്‍ഡിനെതിരായ മുംബൈ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) വമ്പന്‍ ജയവും പരമ്പരയും സ്വന്തമാക്കിയെങ്കിലും ഇന്ത്യയെ അലട്ടുന്നത് വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെയും(Ajinkya Rahane) ചേതേശ്വര്‍ പൂജാരയുടെയും(Cheteshwar Pujara) മങ്ങിയ ഫോമാണ്. പരിക്കു മൂലം രഹാനെ രണ്ടാം ടെസ്റ്റില്‍ കളിച്ചിരുന്നില്ല. എന്നാല്‍ കാണ്‍പൂരില്‍ നടന്ന അദ്യ ടെസ്റ്റില്‍ കോലിയുടെ അഭാവത്തില്‍ ഇന്ത്യയെ നയിച്ച വൈസ് ക്യാപ്റ്റന്‍ കൂടിയായ രഹാനെ 35 ഉം നാലും റണ്‍സെടുത്ത് പുറത്തായിരുന്നു. പൂജാരയും നിറം മങ്ങിയെങ്കിലും ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍(India Tour of South Africa 2021) പൂജാര ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എന്നാല്‍ സമീപകാലത്തായി മോശം ഫോമിലുള്ള അവസാനം കളിച്ച 16 ടെസ്റ്റില്‍ 24.39 ശരാശരിയില്‍ മാത്രമാണ് റണ്‍സടിച്ചത്. രഹാനെയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിലേക്ക് പരിഗണിക്കാനിടയില്ലെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. മുംബൈ ടെസ്റ്റിലെ വമ്പന്‍ ജയത്തിനുശേഷമാണ് രഹാനെയുടെ കാര്യത്തില്‍ കോലി പ്രതികരിച്ചത്.

രഹാനെയുടെ ഫോമിന്‍റെ കാര്യത്തില്‍ വിധി പറയാന്‍ തനിക്കാവില്ലെന്ന്  കോലി പറഞ്ഞു. ആരുടെ ഫോമിനെക്കുറിച്ചും ആര്‍ക്കും വിധി പറയാനാവില്ല. കാരണം, ആ വ്യക്തിക്കു മാത്രമെ ശരിക്കും അറിയൂ, തന്‍റെ കളി മെച്ചപ്പെടുത്താന്‍ എന്താണ് ചെയ്യേണ്ടതെന്ന്. എന്നാല്‍ പ്രതിസന്ധിഘട്ടത്തില്‍ ഈ കളിക്കാരെ പിന്തുണക്കേണ്ടത് ആവശ്യമാണ്. കാരണം പല വിഷമഘട്ടങ്ങളിലും ടീമിനെ രക്ഷിച്ചെടുത്ത കളിക്കാരാണവര്‍. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റില്‍. അടുത്തത് എന്തായാരിക്കും സംഭവിക്കാന്‍ പോകുന്നതെന്ന സമ്മര്‍ദ്ദത്തില്‍ ടീമില്‍ ഒരു കളിക്കാരന്‍ നിലനിര്‍ക്കുന്ന സാഹചര്യം ഉണ്ടാവുന്നതിനെ ഞങ്ങള്‍ ഒരിക്കലും അനുകൂലിക്കുന്നില്ല.

തീര്‍ച്ചയായും പുറത്തുനിന്നുള്ളവരുടെ അഭിപ്രായം കേട്ടല്ല ഞങ്ങള്‍ തീരുമാനമെടുക്കുന്നത്. കാരണം, ഒരു കളിക്കാരനെ വാഴ്ത്തിപ്പാടുന്നവര്‍ തന്നെ രണ്ടു മാസത്തിനുശേഷം പ്രകടനം മോശമായാല്‍ അയാളുടെ തലക്കായി മുറവിളി കൂട്ടുമെന്ന് ഞങ്ങള്‍ക്കറിയാം. ഞങ്ങളൊരിക്കലും അത്തരം കാര്യങ്ങളോട് പ്രതികരിക്കാറുമില്ല. കാരണം ഒരു കളിക്കാരനെ പോസറ്റീവ് മാനസികാവസ്ഥയില്‍ എത്തിക്കാന്‍ എത്രമാത്രം കഠിനാധ്വാനം വേണമെന്ന് ഞങ്ങള്‍ക്ക് നല്ല പോലെ അറിയാം. അതുകൊണ്ടുതന്നെ, പ്രതിസന്ധിഘട്ടത്തില്‍ കളിക്കാരെ പിന്തുണക്കുകയാണ് ഞങ്ങളുടെ രീതി. അതിപ്പോള്‍ അജിങ്ക്യാ ആയാലും മറ്റേത് കളിക്കാരനായാലും അങ്ങനെ തന്നെയാണ്. പുറത്തുനിന്നുള്ളവരുടെ അഭിപ്രായം കേട്ട് തീരുമാനമെടുക്കാറില്ലെന്നും കോലി പറഞ്ഞു.

ദക്ഷഇണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ തെരഞ്ഞെടുക്കുന്നതിന് മുമ്പ് സെലക്ടര്‍മാരുമായും ടീം മാനേജ്മെന്‍റുമായും വിശദമായി ചര്‍ച്ച നടത്തുമെന്നും കോലി പറഞ്ഞു. പ്രതിഭയുള്ള നിരവധി താരങ്ങളുള്ളത് പലപ്പോഴും സുഖകരമായ തലവേദന തന്നെയാണ്. പക്ഷെ, ദക്ഷിണാഫ്രിക്കയില്‍ നമുക്ക് എന്താണ് വേണ്ടത് എന്നതിന് അടിസ്ഥാനമാക്കിയായിരിക്കും ടീം തെരഞ്ഞെടുപ്പെന്നും കോലി പറഞ്ഞു. ഡിസംബര്‍ 26നാണ് ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര തുടങ്ങുന്നത്.

click me!