
ഇന്‍ഡോര്‍: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് ഉപയോഗിച്ച ഇൻഡോറിലെ പിച്ചിനെതിരേ വിമർശനവുമായി മുൻതാരവും മുഖ്യ സെലക്ടറുമായിരുന്ന ദിലീപ് വെങ്‌സാര്‍ക്കര്‍ രംഗത്ത്. ബാറ്റർമാർക്കും ബൌളർമാർക്കും ഒരുപോലെ പിന്തുണ കിട്ടുന്നതായിരിക്കണം ടെസ്റ്റ് വിക്കറ്റുകൾ. ആദ്യ ദിനത്തിലെ ആദ്യ സെഷനിൽ തന്നെ കൃത്യമല്ലാത്ത ബൌൺസോടെ പന്ത് ടേണ്‍ ചെയ്യുകയാണെങ്കില്‍, അത് ടെസ്റ്റ് ക്രിക്കറ്റിനെ പരിഹസിക്കുന്നതിന് തുല്യമാണെന്നും വെങ്‌സാര്‍ക്കര്‍ പറഞ്ഞു.
ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം ആദ്യ മണിക്കൂറില്‍ തന്നെ അഞ്ച് വിക്കറ്റുകളാണ് സ്പിന്നര്‍മാര്‍ വീഴ്ത്തിയത്. ആറാം ഓവര്‍ മുതല്‍ സ്പിന്നര്‍മാര്‍ പന്തെറിഞ്ഞ് തുടങ്ങിയ ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ ആദ്യദിനം 14 വിക്കറ്റുകളും രണ്ടാം ദിനം 16 വിക്കറ്റുകളും വീണു കഴിഞ്ഞു. ഈ സാഹചര്യത്തില്‍ കൂടിയാണ് വിമര്‍ശനവുമായി വെങ്സര്‍ക്കാര്‍ രംഗത്തെത്തിയത്. ഇന്ത്യ-ഓസട്രേലിയ ടെസ്റ്റ് പരമ്പരയിലെ പിച്ചുകള്‍ക്കെതിരെ ഓസ്ട്രേലിയന്‍ താരങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയിരുന്നെങ്കിലും ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം തന്നെ കുത്തിത്തിരിയുന്ന പിച്ചിനെതിരെ പരസ്യമായി രംഗത്തെത്തുന്നത്.
അസാധാരണ ടേണിന് പുറമെ അസാധാരണ ബൗണ്‍സും കൂടിയായപ്പോള്‍ ഇന്‍ഡോറില്‍ ബാറ്റിംഗ് തീര്‍ത്തും ദുഷ്കരമായി. കാണികള്‍ക്ക് മികച്ച മത്സരം കാണണമെങ്കില്‍ നല്ല പിച്ചുകള്‍ വേണമെന്ന് വെങ്സര്‍ക്കാര്‍ പിടിഐയോട് പറഞ്ഞു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും അത്തരം പിച്ചുകള്‍ കാണാനാകും. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അത് കാണാനാവില്ല. മത്സരം ആവേശകരമല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് കാണികള്‍ ടെസ്റ്റ് ക്രിക്കറ്റ് കാണാനെത്തുകയെന്നും വെങ്സര്‍ക്കാര്‍ ചോദിച്ചു. ആദ്യ സെഷന്‍ മുതല്‍ ബൗളര്‍മാര്‍ ആധിപത്യം കാണിക്കുന്ന മത്സരം കാണാന്‍ ആര്‍ക്കും താല്‍പര്യം ഉണ്ടാകില്ലെന്നും വെങ്സര്‍ക്കാര്‍ വ്യക്തമാക്കി. ഇന്‍ഡോര്‍ ടെസ്റ്റിന്‍റെ ആദ്യ ദിനം കമന്‍റേറ്റര്‍ കൂടിയായ മാത്യു ഹെയ്ഡനും പിച്ചിനെ വിമർശിച്ചിരുന്നു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!