അവര്‍ രണ്ട് പേര്‍ കളിച്ചാല്‍ മതി, മേല്‍ക്കൈ ടീം ഇന്ത്യക്ക്; ഫൈനലിന് മുമ്പ് കട്ട സപ്പോര്‍ട്ടുമായി സച്ചിന്‍

By Web TeamFirst Published Jun 7, 2023, 7:48 AM IST
Highlights

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാവുന്നത് സ്‌പിന്നർമാരെ തുണയ്ക്കുന്ന ചരിത്രമുള്ള ഓവലിലെ വിക്കറ്റാണ്

ഓവല്‍: ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ടീം ഇന്ത്യക്കാണ് മുൻതൂക്കമെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിൻ ടെൻഡുൽക്കർ. സ്‌പിന്നർമാർ കളിയുടെ ഗതി നിശ്ചയിക്കുമെന്നും സച്ചിൻ പറഞ്ഞു. അതേസമയം ഓവലില്‍ നിന്ന് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത് പേസിനെ പിന്തുണയ്‌ക്കുന്ന പുല്ലുള്ള പിച്ചാണ് ഫൈനലിനായി തയ്യാറാക്കുന്നത് എന്നാണ്. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയാവുന്നത് സ്‌പിന്നർമാരെ തുണയ്ക്കുന്ന ചരിത്രമുള്ള ഓവലിലെ വിക്കറ്റാണ്. പിച്ചിന്‍റെ ആനുകൂല്യം മുതലെടുക്കാൻ ലോകോത്തര സ്‌പിന്നർമാരായ ആർ അശ്വിനും രവീന്ദ്ര ജഡേജയുമുള്ളത് ഇന്ത്യക്ക് മേൽക്കൈ നൽകുമെന്ന് സച്ചിൻ ടെൻഡുൽക്കർ പറയുന്നു. ചേതേശ്വർ പൂജാരയുടെ കൗണ്ടി ക്രിക്കറ്റിലെ അനുഭവസത്ത് ഇന്ത്യക്ക് കരുത്താവുമെന്നും ബാറ്റിംഗ് ഇതിഹാസം വ്യക്തമാക്കി. 2021ലാണ് ഇന്ത്യ അവസാനമായി ഓവലിൽ കളിച്ചത്. അന്ന് ഇംഗ്ലണ്ടിനെ ഇന്ത്യ 157 റൺസിന് തോൽപിച്ചിരുന്നു. 2019ലെ ആഷസ് പരമ്പരയിൽ ഓവലിൽ നടന്ന ടെസ്റ്റിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനോടും തോറ്റിരുന്നു. ഓസ്ട്രേലിയയ്ക്ക് ഏറ്റവും മോശം റെക്കോ‍ർഡുള്ള വേദിയാണ് ഓവൽ. എങ്കിലും മികച്ച താരങ്ങളുള്ള ഓസീസിനെ കരുതിയിരിക്കണമെന്നും മാർനസ് ലബുഷെയന്‍റെ പ്രകടനമാവും ഓസീസ് നിരയിൽ നിർണായകമാവുകയെന്നും സച്ചിൻ പറയുന്നു. 

ഇന്ത്യയും ഓസ്ട്രേലിയയും ഇതുവരെ 106 ടെസ്റ്റിൽ ഏറ്റുമുട്ടിയിട്ടുണ്ട്. ഇന്ത്യ ജയിച്ചത് 32 ടെസ്റ്റിലെങ്കില്‍ 44 മത്സരങ്ങളില്‍ തോൽവി നേരിട്ടു. ഒരു മത്സരം ടൈയും 29 എണ്ണം സമനിലയിലും അവസാനിച്ചു. നിക്ഷ്‌പക്ഷ വേദിയിൽ ഇരു ടീമും ഏറ്റുമുട്ടുന്നത് ആദ്യമായി എന്ന സവിശേഷതയും ഓവലിലെ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുണ്ട്. ഇന്നുമുതൽ 11 വരെയാണ് കലാശപ്പോര് നടക്കുക. 12-ാം തിയതി റിസര്‍വ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ഫൈനല്‍ കളിച്ച ഇന്ത്യ കിവികളോട് കിരീടം കൈവിട്ടിരുന്നു. ഇന്ത്യന്‍ സമയം വൈകിട്ട് മൂന്ന് മണി മുതല്‍ സ്റ്റാര്‍ സ്പോര്‍ട്‌സിലും ഡിസ്‌നി+ഹോട്ട്‌സ്റ്റാറിലും ഫൈനല്‍ തല്‍സമയം കാണാം. 

Read more: ഓവല്‍ യുദ്ധം ഇന്ന് മുതല്‍; കപ്പുയര്‍ത്താനുറച്ച് ടീം ഇന്ത്യ, കടയ്‌ക്കല്‍ കത്തി വെക്കാന്‍ ഓസീസ്; അങ്കം തീപാറും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!