
ഡബ്ലിന്‍: തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിന്‍റെ ഹിറ്റ് ചിത്രം ജയിലറിന്‍റെ പ്രദര്‍ശനത്തില്‍ പ്രത്യേക അതിഥിയായി പങ്കെടുത്ത് മലയാളി ക്രിക്കറ്റര്‍ സഞ്ജു സാംസണ്‍. അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയ്‌ക്കായി എത്തിയപ്പോഴാണ് ഡബ്ലിനില്‍ വച്ച് സഞ്ജു സൂപ്പര്‍ സ്റ്റാറിന്‍റെ ജയിലര്‍ കണ്ടത്. ഇന്ത്യ- അയര്‍ലന്‍ഡ് രണ്ടാം ട്വന്‍റി 20ക്കിടെ കമന്‍റേറ്റര്‍ നീൽ ഒബ്രിയാനാണ് ഇക്കാര്യം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. തലൈവരുടെ കടുത്ത ആരാധകനാണ് സഞ്ജു സാംസണ്‍.
ബോക്‌സ് ഓഫീസില്‍ 500 കോടിയിലധികം കളക്ട് ചെയ്‌ത് കുതിക്കുകയാണ് ജയിലര്‍. ക്രിക്കറ്റിലെ തിരക്കുകള്‍ക്കിടയിലും സൂപ്പര്‍ സ്റ്റാറിന്‍റെ സൂപ്പര്‍ ഹിറ്റ് സിനിമ കാണാന്‍ പ്രത്യേക അവസരം ലഭിച്ചിരിക്കുകയാണ് സഞ്ജു സാംസണ്. രജനികാന്തിന്‍റെ കടുത്ത ആരാധകനാണ് താനെന്ന് സഞ്ജു പലകുറി വ്യക്തമാക്കിയതാണ്. രജനിയുടെ ഏറെ സിനിമകള്‍ തിയറ്ററില്‍ കണ്ടിട്ടുള്ള സഞ്ജു സൂപ്പര്‍ സ്റ്റാറിനെ ഈ വര്‍ഷാദ്യം അദേഹത്തിന്‍റെ വീട്ടില്‍ വച്ച് കണ്ടുമുട്ടിയിരുന്നു. 'ഏഴാം വയസിലെ സൂപ്പര്‍ സ്റ്റാറിന്‍റെ ആരാധകനായി മാറിയ ഞാന്‍ ഒരു ദിവസം രജനികാന്തിനെ അദേഹത്തിന്‍റെ വീട്ടിലെത്തി കാണുമെന്ന് അന്നേ എന്‍റെ മാതാപിതാക്കളോട് പറഞ്ഞിരുന്നു. ആ സുദിനം വന്നെത്തി', തലൈവര്‍ എന്നെ വീട്ടിലേക്ക് ക്ഷണിച്ചു എന്ന തലക്കെട്ടോടെ സഞ്ജു രജനികാന്തിനൊപ്പമുള്ള ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
അയര്‍ലന്‍ഡിനെതിരായ ട്വന്‍റി 20 പരമ്പരയില്‍ ഇപ്പോള്‍ ഇന്ത്യന്‍ ടീമിനൊപ്പം കളിക്കുകയാണ് സഞ്ജു സാംസണ്‍. ഇന്നലെ ഞായറാഴ്‌ച നടന്ന രണ്ടാം മത്സരം 33 റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പര സ്വന്തമാക്കിയപ്പോള്‍ ടീമിന്‍റെ രണ്ടാമത്തെ ഉയര്‍ന്ന സ്കോറുകാരന്‍ സഞ്ജുവായിരുന്നു. നാലാമനായി ക്രീസിലെത്തി 26 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം സഞ്ജു 40 റണ്‍സെടുത്തു. ഡബ്ലിനില്‍ തന്നെ നടന്ന ആദ്യ ടി20 ഇന്ത്യ മഴനിയമം പ്രകാരം 2 റണ്‍സിന് വിജയിച്ചിരുന്നു. പരമ്പരയിലെ മൂന്നാം ട്വന്‍റി മത്സരം 23-ാം തിയതി ഡബ്ലിനില്‍ നടക്കും.
Read more: എന്തുകൊണ്ട് സഞ്ജു സാംസണ്‍? ടീമിനൊപ്പം വരാനുണ്ടായ കാരണം വെളിപ്പെടുത്തി അജിത് അഗാര്‍ക്കര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം