എല്ലാ പരിധിയും അവസാനിച്ചു; നേപ്പിയറില്‍ റിഷഭ് പന്തിന് അവസാന അവസരം?

By Jomit JoseFirst Published Nov 21, 2022, 1:49 PM IST
Highlights

രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും 13 പന്തില്‍ 6 റണ്‍സ് മാത്രമാണ് റിഷഭ് പന്തിന് നേടാനായത്

നേപ്പിയര്‍: ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരം നാളെ നേപ്പിയറില്‍ നടക്കുമ്പോള്‍ ശ്രദ്ധാകേന്ദ്രം ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും ഒറ്റയക്കത്തില്‍ പുറത്തായ റിഷഭിന് ഫോര്‍മാറ്റില്‍ മികവ് കാണിക്കാനുള്ള അവസാന അവസരമായേക്കും നാളെ നടക്കുന്ന മത്സരം. ടി20 ഫോര്‍മാറ്റില്‍ റിഷഭ് പന്തിന്‍റെ സ്ഥാനം തനിക്ക് ഉറപ്പിക്കാനായി കാത്തിരിക്കുകയാണ് സഞ്ജു സാംസണ്‍. 

രണ്ടാം ടി20യില്‍ ഓപ്പണറായി ഇറക്കിയിട്ടും 13 പന്തില്‍ 6 റണ്‍സ് മാത്രമാണ് റിഷഭ് പന്തിന് നേടാനായത്. തുടര്‍ച്ചയായ മൂന്നാം മത്സരത്തിലാണ് റിഷഭ് രണ്ടക്കം കാണാതെ പുറത്താവുന്നത്. 2022ല്‍ 22 രാജ്യാന്തര ട്വന്‍റി 20കള്‍ കളിച്ച റിഷഭിന് 135.6 സ്ട്രൈക്ക് റേറ്റില്‍ 346 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ. എന്നാല്‍ ആറ് മത്സരങ്ങളില്‍ മാത്രം ഈ വര്‍ഷം അവസരം ലഭിച്ച സഞ്ജു സാംസണ്‍ 179 റണ്‍സ് പേരിലാക്കി. 140ലേറെ പ്രഹരശേഷിയിലാണ് ബാറ്റിംഗ് എന്നത് സഞ്ജുവിന് നേട്ടമാണ്. വെസ്റ്റ് ഇന്‍ഡീസിനെതിരെ സമ്മര്‍ദ ഘട്ടത്തില്‍ പുറത്താകാതെ 30 റണ്‍സ് നേടുകയും ചെയ്തു. അഞ്ചാം നമ്പറില്‍ പരാജയം തുടര്‍ക്കഥയായതോടെയാണ് റിഷഭിനെ ഓപ്പണിംഗില്‍ പരീക്ഷിച്ചത്. അതും പരാജയമായി. ഓപ്പണറായി മൂന്ന് ഇന്നിംഗ്‌സില്‍ 27 മാത്രമേ ഉയര്‍ന്ന സ്കോറായുള്ളൂ.
 
ഓപ്പണറുടെ റോളില്‍ അരങ്ങേറ്റം കുറിക്കാന്‍ ശുഭ്‌മാന്‍ ഗില്‍ പുറത്ത് കാത്തുനില്‍ക്കുന്നുമുണ്ട്. ഇതും റിഷഭ് പന്തിന്‍റെ സ്ഥാനത്തിന് ഭീഷണിയാണ്. മൂന്ന് അവസരങ്ങള്‍ മാത്രമേ ഓപ്പണറായി നല്‍കിയിട്ടുള്ളൂ എന്നതിനാല്‍ പന്തിന് ഒരവസരം കൂടി നല്‍കാന്‍ സെലക്‌ടര്‍മാര്‍ തയ്യാറായേക്കും. നേപ്പിയറില്‍ അവസരം ലഭിച്ചാല്‍ എല്ലാ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാതിരിക്കാന്‍ റിഷഭിനാവില്ല. അവസാന ടി20 ചൊവ്വാഴ്ച്ച നേപ്പിയറില്‍ നടക്കും. ആദ്യ ടി20 മഴ മുടക്കിയപ്പോള്‍ രണ്ടാം മത്സരം 65 റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്നിലെത്തിയിട്ടുണ്ട്.  51 പന്തില്‍ പുറത്താവാതെ 111* റണ്‍സുമായി സൂര്യകുമാര്‍ യാദവ്, 2.5 ഓവറില്‍ 10 റണ്‍സിന് നാല് വിക്കറ്റ് നേടിയ ദീപക് ഹൂഡ എന്നിവരാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. യുസ്‌വേന്ദ്ര ചാഹലും മുഹമ്മദ് സിറാജും രണ്ട് വീതവും ഭുവനേശ്വര്‍ കുമാറും വാഷിംഗ്‌ടണ്‍ സുന്ദറും ഓരോ വിക്കറ്റും നേടി. 

സഞ്ജു സാംസണ്‍ ആഗോള സ്റ്റാര്‍, ന്യൂസിലന്‍ഡിലും തരംഗം; ചിത്രം പങ്കുവെച്ച് രാജസ്ഥാന്‍ റോയല്‍സ്

click me!