
ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഇന്ത്യയുടെ ആദ്യ ഏകദിനം മഴമൂലം വൈകുന്നു. ഒരു മണിക്ക് ഇടേണ്ടിയിരുന്ന ടോസ് 1.30 വരെ വൈകിപ്പിച്ചെങ്കിലും ഇതുവരെ ഇരു ക്യാപ്റ്റന്‍മാര്‍ക്കും മൈതാനത്തിറങ്ങാനായിട്ടില്ല. ടോസ് ഇടുന്നതിന് മിനുറ്റുകള്‍ മുമ്പ് വീണ്ടും മഴയെത്തിയതാണ് തിരിച്ചടിയായത്. മഴ കാരണം പിച്ച് മൂടിയിട്ടിരിക്കുകയാണ് ഇപ്പോഴും. ഇനിയും ലഖ്‌നൗവില്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം. അതിനാല്‍ മത്സരത്തിലെ ഓവറുകള്‍ വെട്ടിച്ചുരുക്കിയേക്കാം.
കനത്ത മഴ ആശങ്കകള്‍ക്കിടെയാണ് ഇന്ന് ലഖ്‌നൗവില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ഏകദിനം നടക്കുന്നത്. ലഖ്‌നൗവില്‍ രണ്ട് ദിവസമായുള്ള മഴ ഇന്നും തുടരുമെന്ന് കാലാവസ്ഥ പ്രവചനങ്ങളുണ്ടായിരുന്നു. ഇന്ന് വൈകിട്ട് ഇടിമിന്നലിനും സാധ്യതയുണ്ട്. ഇന്നലെ മുഴുവന്‍ സമയവും സ്റ്റേഡിയത്തിലെ പിച്ച് മൂടിയിരിക്കുകയായിരുന്നു.
രോഹിത് ശര്‍മ്മയുടെ നായകത്വത്തിലുള്ള സീനിയര്‍ ടീം ട്വന്‍റി 20 ലോകകപ്പിനായി ഓസ്ട്രേലിയയിലേക്ക് പറന്നതിനാല്‍ മുതിര്‍ന്ന ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ ക്യാപറ്റന്‍സിയിലാണ് ഇന്ത്യന്‍ ടീം ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഏകദിന പരമ്പര കളിക്കുന്നത്. ശ്രേയസ് അയ്യരാണ് ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ഇന്ത്യന്‍ സ്‌ക്വാഡിലുണ്ട്. സഞ്ജുവിന് പുറമെ ശുഭ്‌മാന്‍ ഗില്‍, റുതുരാജ് ഗെയ്‌ക്‌വാദ്, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍ തുടങ്ങിയ താരങ്ങള്‍ക്ക് അടുത്ത വര്‍ഷം ലോകകപ്പ് വരാനിരിക്കേ ഏകദിന ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ പരമ്പരയിലെ പ്രകടനം നിര്‍ണായകമാണ്.
ഇന്ത്യന്‍ സ്‌ക്വാഡ്: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍,(വൈസ് ക്യാപ്റ്റന്‍), രജത് പടിദാര്‍, രാഹുല്‍ ത്രിപാഠി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍(വിക്കറ്റ് കീപ്പര്‍), ഷഹ്‌ബാസ് അഹമ്മദ്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയി, മുകേഷ് കുമാര്‍, ആവേശ് ഖാന്‍, മുഹമ്മദ് സിറാജ്, ദീപക് ചാഹര്‍.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!